ഉദ്ഘാടനം കാത്ത് തിരുവമ്പാടി പഞ്ചായത്ത് ഓഫിസ്

നിർമാണം ഏകദേശം പൂർത്തിയായ തിരുവമ്പാടി പഞ്ചായത്ത് ഓഫിസ്

കോഴിക്കോട്:തിരുവമ്പാടി പഞ്ചായത്ത് ഓഫിസിന് ബഹുനില കെട്ടിടം തയാറായിട്ടും പക്ഷെ സാങ്കേതികത്വത്തില്‍ കുരുങ്ങി ഇപ്പോഴും വാടക ബില്‍ഡിങ്ങില്‍ കയറിയിറങ്ങനാണ് തിരുവമ്പാടിക്കാരുടെ വിധി. 2015 സെപ്റ്റംബര്‍ 12നാണ് അന്നത്തെ സ്ഥലം എം.എല്‍.എ.സി മോയിന്‍കുട്ടി പുതിയ പഞ്ചായത്ത് ഓഫിസിന് തറക്കല്ലിട്ടത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.15 കോടിയാണ് അനുവദിച്ചത്.


പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗം ഏറ്റെടുത്ത് നടത്തിയ ബഹുനില കെട്ടിടത്തിന്റെ പെയിന്റിങ് ഉള്‍പ്പടെയുള്ള പണികള്‍ ഏതാണ്ട് കഴിഞ്ഞു. ഇലക്ട്രിക്കല്‍ ഉള്‍പ്പടെയുള്ള വര്‍ക്കുകളും അല്‍പ്പം ഫിനിഷിങ് പ്രവൃത്തികളും മാത്രമാണ് ബാക്കി. ഒരു വര്‍ഷക്കാലാവധിയില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തി ഉള്‍പ്പടെ ഒരു കോടി പതിനഞ്ച് ലക്ഷമാണ് എസ്റ്റിമേറ്റ് സംഖ്യ. സംഖ്യ മുഴുവന്‍ കൈമാറിയതാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ ഇലക്ട്രിക്കല്‍ വിഭാഗമാണ് ബില്‍ഡിങ് വൈദ്യുതീകരിക്കേണ്ടത്. പ്രധാനമായും തീരാനുള്ള പ്രവൃത്തിയും ഇത് തന്നെയാണ്. ഇതിനുള്‍പ്പടെ സംഖ്യ കൈമാറിയിട്ടും പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധം പുകയുകയാണ്. ഇതിനിടയില്‍ പൊതുമരാമത്ത് വകുപ്പ് 34 ലക്ഷം ആവശ്യപ്പെട്ട് കത്തയച്ചതാണ് നിലവിലെ തടസത്തിന് കാരണമെന്നാണ് സൂചന. അണ്ടര്‍ ഗ്രൗണ്ടില്‍ പാര്‍ക്കിങ്, ഗ്രൗണ്ട്, ഒന്ന് ഫ്‌ളോറില്‍ ഓഫിസ്, സെക്കന്‍ഡ് ഫ്‌ളോറില്‍ കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിങ് റൂം, എം.എല്‍.എ റൂം, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രി ഓഫിസുകള്‍ ഉള്‍പ്പെടെ ബഹുമുഖ പദ്ധതിയാണ് പുതിയ പഞ്ചായത്ത് ഓഫിസില്‍ ലക്ഷ്യമിടുന്നത്.

താഴെ തിരുവമ്പാടിയില്‍ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തില്‍ പ്രതിമാസം 46000 രൂപ നല്‍കിയാണ് താല്‍ക്കാലികമായി പഞ്ചായത്ത് ഓഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് വന്‍ ബാധ്യതയാണ് പഞ്ചായത്തിന് വരുന്നത്. നാല് വര്‍ഷത്തോളമായി വാടകയിനത്തില്‍ 20 ലക്ഷത്തോളം രൂപ പഞ്ചായത്തിന് ചെലവ് വന്നതായാണ് സൂചന. അതേസമയം നോട്ട് നിരോധനവും ജലദൗര്‍ലഭ്യതയും പുതിയ സ്ഥലാന്വേഷണവും വിവരാവകാശ പ്രളയവുമാണ് കാര്യങ്ങള്‍ വൈകിപ്പിച്ചത് എന്ന് പി.ഡബ്ല്യു.ഡി ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ സി. രാഘവന്‍ പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ആകെ അഞ്ചു ബാത്ത്‌റൂമുകള്‍ക്ക് പകരം ഓരോ ഫ്‌ളോറിലും ഇത്ര തന്നെ ബാത്ത് റൂം സൗകര്യം ഉള്‍പ്പടെ വിപുലപ്പെടുത്തിയതിനാലാണ് ഫണ്ട് തികയാതെ വന്നത്. ഇതിന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമാകുന്ന മുറക്ക് എത്രയും പെട്ടെന്ന് പണി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments