മാലിന്യത്തിൽനിന്ന‌് വൈദ്യുതി: പ്ലാന്റ് സ്ഥാപിക്കാൻ കോർപറേഷൻ സ്ഥലം കണ്ടെത്തി


കോഴിക്കോട‌്: മാലിന്യത്തിൽനിന്ന‌് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്ലാന്റ‌് സ്ഥാപിക്കുന്നതിന‌് കോഴിക്കോട‌് കോർപറേഷനിൽ സ്ഥലം കണ്ടെത്തി. ഞെളിയൻ പറമ്പിന‌് സമീപം അഞ്ച‌് ഏക്കർ സ്ഥലമാണ‌് ഇതിനായി കണ്ടെത്തിയത‌്.  പ്ലാന്റ‌് നിർമിക്കുന്നതിനായുള്ള സമ്മതപത്രം കഴിഞ്ഞ മാസം കോർപറേഷൻ സർക്കാരിന‌് കൈമാറിയതായി ആരോഗ്യ സമിതി അധ്യക്ഷൻ കെ വി ബാബുരാജ‌് പറഞ്ഞു.  കോർപറേഷൻ സ്ഥലം കണ്ടെത്തി നൽകിയാൽ മതി.  പ്ലാന്റിന്റെ നടത്തിപ്പ‌് പൂർണമായി സ്വകാര്യ ഏജൻസികൾക്കാണ‌്. സർക്കാർ ഇതിനായി 12 ഏജൻസികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട‌്.   ഉടൻ തന്നെ നിർവഹണത്തിനായി ഇതിൽനിന്ന‌് ഒരു കമ്പനിയെ  തെരഞ്ഞെടുക്കും. പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ‌്ഇബിക്ക‌് വിൽക്കും.   ഉപോൽപ്പന്നമായി ജൈവ വളവും പ്ലാന്റിൽനിന്ന‌് തയ്യാറാക്കും.

നഗരത്തിൽ നിലവിൽ ഏകദേശം 300 ടൺ മാലിന്യമാണ‌് ദിവസം പുറന്തള്ളുന്നത‌്. ഇതിൽ 60‐80 ടൺ വരെ ഞെളിയൻപറമ്പ‌ിൽ സം‌സ‌്കരിക്കുന്നുണ്ട‌്. 100‐140 ടൺ വരെ സംസ‌്കരിക്കാതെ പുറത്ത‌് കളയുന്നു. ബാക്കിയുള്ളവ ഉറവിട കേന്ദ്രത്തിൽ സം‌സ‌്കരിക്കുകയോ റീസൈക്ലിങ്ങിനായി കയറ്റി അയക്കുകയോ ആണ‌് ചെയ്യുന്നത‌്. സം‌സ‌്കരിക്കാനാവാത്ത റബ്ബർ, തെർമോക്കോൾ ഇത്തരത്തിലുള്ള വസ‌്തുക്കളെല്ലാം പുറത്തേക്ക‌് കളയുന്നു. നഗരത്തിൽ പലയിടങ്ങളിലായി തള്ളുന്ന ഈ മാലിന്യങ്ങൾ ഉപയോഗിച്ച‌് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം പരിസരവും വൃത്തിയാകുമെന്നതാണ‌് ഈ പ്ലാന്റ‌ിന്റെ പ്രത്യേകത.  ഇത‌് ശേഖരിച്ച‌് ദിവസം 100 മെഗാവാട്ട‌് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ‌് ഉദ്ദേശിക്കുന്നത‌്. കുറച്ച‌് വർഷങ്ങൾക്കുള്ളിൽ തന്നെ നിർമാണച്ചെലവ‌് തിരിച്ചുപിടിക്കാൻ ആവുമെന്ന‌ാണ‌് കരുതുന്നത‌്.

Post a Comment

0 Comments