കോഴിക്കോട് ഉള്‍പ്പെടെ ആറു നഗരങ്ങളില്‍ മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കും-മന്ത്രി കെ.ടി. ജലീല്‍കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട്ട് ഉള്‍പ്പെടെ ആറു നഗരങ്ങളില്‍ മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. സ്വകാര്യപങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കൊച്ചിയില്‍ പ്ലാന്റ് നിര്‍മാണം തുടങ്ങി. സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥലം കണ്ടെത്തി. കോഴിക്കോട് ഞെളിയന്‍പറമ്പില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് സംരംഭകന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാതൃഭൂമിയും എയര്‍ ഇന്ത്യ എക്‌സ്!പ്രസും ചേര്‍ന്ന് നടത്തുന്ന 'എന്റെ എടക്കാട്' മാലിന്യനിര്‍മാര്‍ജനപദ്ധതി പുതിയങ്ങാടി ഗവ. എല്‍.പി. സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയ്ക്കുകീഴിലുള്ള 73-ാം വാര്‍ഡായ എടക്കാടിനെ ജനകീയസഹകരണത്തോടെ സമ്പൂര്‍ണ മാലിന്യമുക്തപ്രദേശമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.


സര്‍ക്കാര്‍സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മയാണ് നഗരസഭകളുടെ മാലിന്യസംസ്‌കരണപ്ലാന്റുകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വകാര്യമേഖലയുടെ സഹകരണത്തോടെ പ്രായോഗികനടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. കൊച്ചിയില്‍ 30 ഏക്കര്‍ ഭൂമി ഇതിനായി പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നല്‍കും. പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് ടാറിങ്ങിനുപയോഗിക്കാനും പദ്ധതിയുണ്ട്. ഒരേസമയത്ത് മാലിന്യനിര്‍മാര്‍ജനവും തദ്ദേശസ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യാമെന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. എന്റെ എടക്കാട് പദ്ധതിക്ക് സാങ്കേതികസഹായം നല്‍കുന്ന ഗ്രീന്‍ വോംസ് ഡയറക്ടര്‍ ജാബിര്‍ കാരാട്ടിനെ മന്ത്രി ആദരിച്ചു. വീടുകളില്‍നിന്ന് അജൈവമാലിന്യം ശേഖരിക്കാനുള്ള ബാഗുകളുടെ വിതരണം ഭക്തവത്സലനുനല്‍കി മന്ത്രി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അധ്യക്ഷനായി. എ. പ്രദീപ്കുമാര്‍ എം.എല്‍.എ., കളക്ടര്‍ യു.വി. ജോസ്, എയര്‍ഇന്ത്യ എക്‌സ്​പ്രസ് ചീഫ് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ടി. വിജയകൃഷ്ണന്‍, കോര്‍പ്പറേഷന്‍ ആരോഗ്യസ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി. ബാബുരാജ്, ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, കൗണ്‍സിലര്‍ എം. ശ്രീജ, ടി.വി. നിര്‍മലന്‍, ടി.കെ. മഹീന്ദ്രകുമാര്‍, വി. അനില്‍കുമാര്‍, സണ്ണി ലിന്‍ഡ സോളമന്‍, കെ.സി. ശങ്കരനാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments