വെള്ളയിൽ ഹാർബറിന് 65 കോടിയുടെ വായ്പകോഴിക്കോട്: വെള്ളയിൽ ഹാർബറിന് 65 കോടിയുടെ വായ്പയ്ക്ക് ഭരണാനുമതി ലഭിച്ചതായി തുറമുഖവകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. നബാർഡിൽ നിന്ന് തുക ലഭ്യമാക്കുന്നതിന് ഭരണാനുമതിയായെന്നും സാങ്കേതികാനുമതിക്കുള്ള നടപടികൾ സ്വീകരിച്ചതായും എ. പ്രദീപ്കുമാർ എം.എൽ.എ.യുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. തെക്കെ പുലിമുട്ട് 490 മീറ്റർ കൂടി ദീർഘിപ്പിക്കുന്നതിനായിരിക്കും തുക വിനിയോഗിക്കുക. ആദ്യഘട്ടത്തിൽ 390 മീറ്റർ നിർമ്മിക്കുന്നതിന് 15.3 കോടി ലഭ്യമാക്കും.

ഹാർബറിൽ പുലിമുട്ട് നിർമ്മിച്ചതിന് ശേഷവും, ശക്തമായ തിരയിളക്കം അനുഭവപ്പെടുകയും വള്ളങ്ങൾ പരസ്പരം ഇടിച്ച് തകരുകയും ചെയ്യുന്നത് പതിവായ സാഹചര്യത്തിലാണ് അപാകതയെ ക്കുറിച്ച് അന്വേഷണം നടത്തിയത്. നിർമ്മാണത്തിന് സാങ്കേതിക മേൽനോട്ടം നടത്തിയ പൂനെയിൽ നിന്നുള്ള സി.ഡബ്ല്യൂ.പി.ആർ.എസ് പ്രശ്‌നപരിഹാരമായി നിർദേശിച്ചതാണ് തെക്കെ പുലിമുട്ടിന്റെ നീളംകൂട്ടൽ. തുടർന്ന് 53 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്രസർക്കാറിൽ സമർപ്പിച്ചിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്നാണ് സംസ്ഥാനസർക്കാർ അടിസ്ഥാന സൗകര്യവികസനത്തിനെന്ന നിലയിൽ 65 കോടിയുടെ വായ്പ അനുവദിച്ചത്.

Post a Comment

0 Comments