കോഴിക്കോട്:രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐഐഎം ബിസിനസ് ഇൻകുബേറ്റർ ലൈവ് രണ്ടു വർഷം പിന്നിടുന്നു. പരിചയ സമ്പന്നരായ മാനേജ്മെന്റ് വിദഗ്ധരുടെയും രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ അലുംനിയുടെയും സഹകരണത്തോടെയും വിദഗ്ധ ഉപദേശത്തോടെയും ക്യാംപസിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇൻകുബേറ്ററിനു വെല്ലുവിളി നിറഞ്ഞ പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കുവാനായിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇൻകുബേറ്റർ വഴി 29 സ്റ്റാർട്ട് അപ്പ് സംരംഭങ്ങളാണു വിവിധ മേഖലകളിലായി തുടങ്ങാനായത്. ഈ വർഷം 11 പുതിയ സംരംഭങ്ങൾക്കു കൂടി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം പുറമെ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണു തുടങ്ങുന്നതെന്നും ശ്രദ്ധേയമാണ്. ഐഐഎംകെ ലൈവിന്റെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ എങ്ങനെ തുടങ്ങുന്നതിനാകുമെന്ന വിഷയത്തിൽ പത്താഴ്ച നീളുന്ന പരിശീലന പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
0 Comments