നഷ്ടത്തിൻ സ്മാരകങ്ങളാവുമോ... കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ



കോഴിക്കോട്:കോടികൾ മുടക്കി 14 നിലകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സി. പണിതിട്ടിട്ട് മൂന്നുവർഷമായി. ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നല്ലാതെ യാത്രികർക്ക് ഒരു ചായകുടിക്കാനുള്ള സൗകര്യംപോലും ഇവിടെയില്ല. കെ.എസ്.ആർ.ടി.സിയ്ക്കും കെ.ടി.ഡി.എഫ്.സിയ്ക്കും ഓരോ ദിവസവും നഷ്ടം കുമിഞ്ഞുകൂടുകയും ചെയ്യുന്നു. 74 കോടി രൂപമുടക്കിയാണ് കെട്ടിടം പണിതത്. അതിന്റെ പലിശയടക്കം 118.82 കോടിരൂപയായി ഇപ്പോഴത്തെ ബാധ്യത. കെ.ടി.ഡി.എഫ്.സി.ക്കൊപ്പം നഷ്ടത്തിലോടുന്ന കെ.എസ്.ആർ.സി.യും ഇതു വഹിക്കണം. കോർപ്പറേഷന്റെ നമ്പർ കിട്ടാത്തതിനാൽ മൂന്നുവർഷമായി ടെർമിനൽ അനധികൃതമായി തുടരുകയാണ്. അതുകൊണ്ട് കുടിവെള്ളത്തിന്റെയും വൈദ്യുതിയുടേയുമൊക്കെ ചാർജ് ഒരോ മാസവും മൂന്നിരട്ടിയിലധികമാണ് അടയ്ക്കുന്നത്. കെട്ടിടം പണിതുടങ്ങുമ്പോൾ കിട്ടിയ താത്കാലിക കണക്ഷനായതിനാൽ വൈദ്യുതിക്ക് ഒരു യൂനിറ്റിന് 10.61രൂപവെച്ച് അടയ്ക്കേക്കണ്ടിവരുന്നുണ്ടെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. കെ.എസ്.ആർ.ടി.സി.യുടെ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിനും ഗാരേജിനുമായി 42,000 രൂപയാണ് കഴിഞ്ഞമാസം വൈദ്യുതിച്ചാർജടച്ചത്. ജല അതോറിറ്റിയുടെ കണക്ഷൻ കിട്ടാത്തതിനാൽ മാസം 35,000 രൂപ വെള്ളത്തിനും നൽകേണ്ടിവരുന്നുണ്ട്. കെട്ടിട നമ്പറില്ലാത്തതിനാൽ സ്വകാര്യവ്യക്തികളിൽ നിന്നാണ് വെള്ളം വാങ്ങുന്നത്.

2015 ജൂൺ ഒന്നിനാണ് ഇരട്ടടെർമിനലുകളുടെ ഉദ്ഘാടനം കഴിഞ്ഞത്. കെ.എസ്.ആർ.ടി.സി.യുടെ ഓഫീസ് കഴിച്ച് ബാക്കിയുള്ള ഭാഗം വാടകയ്ക്ക് നൽകി വരുമാനമുണ്ടാക്കാനായിരുന്നു പദ്ധതി. കെട്ടിടം അനധികൃതമായി തുടരുന്നതിനാൽ ഒരു രൂപ പോലും വരുമാനംകിട്ടാതെ കടം പെരുകുന്ന അവസ്ഥയായി. ഏതാനും മാസങ്ങൾക്കുമുൻപ് ഭൂഗർഭ നില പാർക്കിങ്ങിന് നൽകിയിട്ടുണ്ടെങ്കിലും അങ്ങനെ കിട്ടുന്ന വരുമാനംകൊണ്ട് ഇപ്പോഴത്തെ ബാധ്യത ഒരു തരത്തിലും മറികടക്കാനാവില്ല. കെട്ടിടം ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെതന്നെ കെട്ടിട നമ്പറിനായി കോർപ്പറേഷന് അപേക്ഷ നൽകിയിരുന്നെന്നാണ് കെ.ടി.ഡി.എഫ്.സി. അധികൃതർ പറയുന്നത്. അഗ്നിശമനസേനയുടെ എൻ.ഒ.സി.കൂടെ വേണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടതിനാൽ 2017 ജൂലായിയോടെ അതും സമർപ്പിച്ചു. എന്നാൽ തുടർനടപടികൾ അനന്തമായി നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് ആക്ഷേപം. ഏറെക്കാലത്തിനുശേഷം കഴിഞ്ഞ മേയ് അഞ്ചിന് ഒക്യുപ്പെൻസി (കുടിപ്പാർപ്പ്) സർട്ടിഫിക്കറ്റ് കിട്ടിയെങ്കിലും കെട്ടിട നമ്പർ എന്നു ലഭിക്കുമെന്ന് ഒരുറപ്പുമില്ല. കെട്ടിടനമ്പർ ലഭിക്കണമെങ്കിൽ കോർപ്പറേഷൻ ആറുമാസത്തേക്കുള്ള നികുതി കണക്കാക്കി റിപ്പോർട്ട് നൽകണം. അതു ലഭിച്ച് ഉടൻതന്നെ പണമടയ്ക്കാൻ തയ്യാറാണെന്ന് കെ.ടി.ഡി.എഫ്.സി. അധികൃതർ പറയുന്നു. പക്ഷേ, പൊതുതാത്പര്യം കണക്കിലെടുത്ത് കോർപ്പറേഷൻ നടപടികൾ വേഗത്തിലാക്കുന്നില്ലെന്നതാണ് പ്രശ്നം. താഴത്തെ നിലയിൽ ബസ് സർവീസ് കേന്ദ്രത്തിനു സമീപത്തായി ലഘുപാനീയങ്ങളും മറ്റും കിട്ടുന്ന രണ്ട് താത്‌കാലിക ചായക്കടകൾ ഉണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ നിരന്തര സമ്മർദത്തിന്റെ ഫലമായാണ് ഇത് തുടങ്ങിയതെങ്കിലും കെട്ടിടംതന്നെ അനധികൃതമായതിനാൽ കോർപ്പറേഷൻ ആരോഗ്യവിഭാഗം അവ രണ്ടും പൂട്ടി. ഇപ്പോൾ ഇവിടെ വന്നിറങ്ങുന്ന യാത്രികർക്കും ബസ് ജീവനക്കാർക്കുമെല്ലാം വെള്ളം കുടിക്കണമെങ്കിൽപോലും റോഡുമുറിച്ചുകടന്ന് അപ്പുറത്ത് പോവണം. പോയി തിരിച്ചെത്തുമ്പോഴേക്കും ബസ്സ് മിസ്സാവാറുമുണ്ട്. അതുകൊണ്ട് യാത്രികർക്ക് വലിയ ദുരിതമാണുണ്ടാക്കുന്നത്. കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ലഘുഭക്ഷണ ശാല തുടങ്ങാനുള്ള അനുമതി ലഭ്യമാക്കാമെന്ന് മുൻ മാനേജിങ് ഡയറക്ടർ എ. ഹേമചന്ദ്രൻ പറഞ്ഞിരുന്നെങ്കിലും അതും സാധ്യമാവാത്ത അവസ്ഥയാണ്. കെട്ടിട നമ്പർ കിട്ടാതെ ഒന്നും തുടങ്ങാൻ കഴിയില്ല. അതുകൊണ്ട് ഈ അവസ്ഥ എത്രകാലം തുടരുമെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.


മുക്കം മാക് അസോസിയേഷന് ബസ് ടെർമിനലുൾപ്പെടുന്ന വ്യാപാരസമുച്ചയം വാടകയ്ക്ക് നൽകാൻ തീരുമാനിച്ചിരുന്നു. 50 കോടി രൂപ സ്ഥിരം നിക്ഷേപവും പ്രതിമാസം അഞ്ചുലക്ഷം രൂപ വാടകയും എന്ന വ്യവസ്ഥയിലായിരുന്നു അന്ന് കരാർ നൽകിയിരുന്നത്. ഇതിനെതിരേ ലേലത്തിൽ പങ്കെടുത്ത മറ്റൊരാൾ ഹൈക്കോടതിയെ സമീപിച്ചതോടെ എല്ലാം നിയമക്കുരുക്കിലായി. ഇപ്പോൾ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ നിയമക്കുരുക്കഴിക്കാതെ ഷോപ്പിങ് കോംപ്ലക്സ് വാടകയ്ക്ക് നൽകാൻ കഴിയില്ല. കെട്ടിടം പൂർത്തിയായ ഉടൻ ഉദ്ഘാടനം നടത്താൻ സർക്കാർ കാണിച്ച ആവേശം പിന്നീട് ഉണ്ടായതേയില്ല. അഗ്നിശമന സേനയുടെ എൻ.ഒ.സി.യും കോർപ്പറേഷന്റെ അനുമതിയും ലഭ്യമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലും ഉണ്ടായില്ല. പലതവണ ചർച്ചകൾ നടത്തിയെങ്കിലും ഒരു പരിഹാരവുമില്ലാതെ നീണ്ടു പോവുകയാണ് ചെയ്തത്. ദീർഘദൂരം ബസോടിച്ചുവന്ന് ഒന്നു വിശ്രമിക്കാനുള്ള സൗകര്യംപോലും ഇല്ലാതെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ രണ്ടര വർഷത്തോളമാണ് ദുരിതമനുഭവിച്ചത്. ബസിലായിരുന്നു ഡ്രൈവർമാരും കണ്ടക്ടർമാരും കിടന്നുറങ്ങിയിരുന്നത്. കുളിക്കാനും സൗകര്യമില്ലായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് പാവങ്ങാട്ടെ ഓഫീസ് മാവൂർ റോഡിലേക്കു മാറ്റിയതും മറ്റ് സൗകര്യങ്ങളൊരുക്കിയതും. കെ.ടി.ഡി.എഫ്.സി.യുടെ ഭാഗത്തുനിന്ന്‌ ഗുരുതരമായ കാലതാമസമുണ്ടായിട്ടുണ്ട്. ഇനിയെങ്കിലും കോടികൾ മുടക്കി പണിത ഈ കെട്ടിടം നഷ്ടത്തിന്റെ സ്മാരകമാവാതിരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് അടിയന്തരമായ ഇടപെടൽ വേണം. കെട്ടിടം പണിതപ്പോൾതന്നെ വീഴ്ചകളുടെ ഘോഷയാത്രയായിരുന്നു. 120 ബസുകൾക്ക് സൗകര്യമൊരുക്കേണ്ട കെട്ടിടത്തിൽ നാൽപത് ബസുകൾ നിർത്തിയിടാനുള്ള സൗകര്യമേയുള്ളൂ. അതുകൊണ്ട് നിർത്തിയിടാനായി ഭൂരിഭാഗം ബസ്സുകളും ദിവസവും 16 കിലോമീറ്റർ പാവങ്ങാട്ടേക്ക് വെറുതെ സർവീസ് നടത്തേണ്ടിവരികയാണ്. പ്രതിമാസം വൻതുകയാണ് ഇതുവഴി കെ.എസ്.ആർ.ടി.സി.ക്ക് നഷ്ടമുണ്ടാകുന്നത്.

Post a Comment

0 Comments