കോഴിക്കോട്:കട്ടിപ്പാറയിലെ കരിഞ്ചോലമലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ജീവന്‍ നഷ്ടമായത് 14 പേര്‍ക്കായിരുന്നു. ജൂണ്‍ 14, വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ ഉരുള്‍പ്പൊട്ടല്‍. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ മൃതശരീരങ്ങള്‍ കണ്ടെത്തുന്നത് തുടര്‍ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലുകളിലൂടെയായിരുന്നു. നിപ വൈറസ് വിതച്ച ഭയത്തില്‍ വിറങ്ങലിച്ചു നില്‍ക്കാതെ, അതിനെതിരേ ഒറ്റമനസോടെ പോരാടിയ കോഴിക്കോട്ടുകാര്‍, തൊട്ടുപിന്നാലെ ഉരുള്‍പ്പൊട്ടലിന്റെ രൂപത്തില്‍ ആവര്‍ത്തിച്ച മറ്റൊരു ദുരന്തത്തേയും നേരിട്ടത് അതേ മനസോടെയായിരുന്നു. കട്ടിപ്പാറയിലെ ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളില്‍ അതീവ ദുഷ്‌കരമായ തിരച്ചിലില്‍ ഭരണകൂട-ഉദ്യോഗസ്ഥ സംഘത്തോടൊപ്പം നാട്ടുകാരുടെയും ശക്തമായ പിന്തുണയുണ്ടായിരുന്നു.
ജൂണ്‍ 14 രാവിലെ 6 മണിയോടെ സംഭവിച്ച ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം, തിരച്ചില്‍ ജൂണ്‍ 18 വൈകുന്നേരമാണ് അവസാനിക്കുന്നത്. സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച മന്ത്രിമാര്‍, സ്ഥലം എംഎല്‍എ, ജില്ലാ കളക്ടര്‍, താമരശ്ശേരി തഹസില്‍ദാര്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന നിപാ വൈറസ് പ്രശ്‌നത്തിന് ശേഷം ഒത്തൊരുമയുടെ മറ്റൊരു മിഷന്‍.
ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, കട്ടിപ്പാറ പഞ്ചായത്ത്, കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ച ഒരുപാട് സംഘടന വളണ്ടിയര്‍മാര്‍, നാട്ടുകാര്‍, ദൂരെ പ്രദേശത്ത് നിന്ന് പോലും എത്തിയ രക്ഷാപ്രവര്‍ത്തകര്‍, വെള്ളവും ഭക്ഷണവും, ആവശ്യമായ ഇന്ധനം, പണിയായുധങ്ങള്‍ ആവശ്യമായ സ്ഥലങ്ങളില്‍ എത്തിച്ചു നല്‍കിയ ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍, ഫോണിലും മൈക്കിലുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കല്‍, സാധ്യതയുള്ള സ്ഥലങ്ങള്‍ സ്‌കെച്ച് ചെയ്യാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയവര്‍, അങ്ങനെ ഒരുപാട് പേര്‍. ഓരോ ദുരന്തവും നമുക്ക് ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഓരോ ദുരന്തത്തേയും കുറിച്ച് ശാസ്ത്രസമൂഹം ധാരാളം പഠനങ്ങള്‍ നടത്തുകയും ഒരുപാട് അറിവുകള്‍ നേടിയിട്ടുമുണ്ട്. പലയിടത്തും കിടക്കുന്ന ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍, ഡേറ്റ, മഴ, മഴയുടെ തീവ്രത, സീസണ്‍ കാറ്റ്, ഉരുള്‍പൊട്ടല്‍, മണ്ണിന്റെ ആഴം, ചെരിവ്, ഘടന എന്നിവയെല്ലാം കോര്‍ത്തിണക്കി ഒരു നല്ല പഠനം ഹരിതകേരളം ജില്ലാ മിഷന്റെ നടത്തുന്നതിനുള്ള ശ്രമങ്ങൾ വിജയിക്കട്ടെ. വരും നാളുകളില്‍ വിവിധ കാര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ നേതൃത്വത്തില്‍ നടത്തണം.
0 Comments