നിപ്പ:ആരോഗ്യ പ്രവർത്തകർക്ക് ഇന്‍ക്രിമെന്റ്; നഴ്സ് ലിനിയുടെ പേരിൽ അവാർഡ് നൽകാനും മന്ത്രിസഭയോഗ തീരുമാനം



തിരുവനന്തപുരം: കോഴിക്കോട്ട് നിപ്പ ബാധിതരെ ചികിത്സിക്കുന്നതില്‍ മാതൃകാപരമായ സേവനം അനുഷ്ടിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മുന്‍കൂര്‍ ഇന്‍ക്രിമെന്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നിപ്പ രോഗം നിയന്ത്രിക്കുന്നതിന് ജീവഭയമില്ലാതെ പ്രവര്‍ത്തിച്ചവരെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ക്രിമെന്റ് നല്‍കുന്നത്. നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരും 19 സ്റ്റാഫ് നേഴ്‌സും ഏഴ് നേഴ്‌സിങ്ങ് അസിസ്റ്റന്റുമാരും 17 ക്ലീനിംഗ് സ്റ്റാഫും നാല് ഹോസ്പിറ്റല്‍ അറ്റന്റര്‍മാരും രണ്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നാല് സെക്യൂരിറ്റി സ്റ്റാഫും ഒരു പ്ലംബറും മൂന്ന് ലാബ് ടെക്‌നീഷ്യന്‍മാരുമുള്‍പ്പടെ 61 പേര്‍ക്കാണ് ഇന്‍ക്രിമെന്റ് അനുവദിക്കുന്നത്. ഇതിനുപുറമേ 12 ജൂനിയര്‍ റസിഡന്റുമാരെയും മൂന്ന് സീനിയര്‍ റസിഡന്റ്മാരേയും ഒരോ പവന്റെ സ്വര്‍ണമെഡല്‍ നല്‍കി ആദരിക്കാനും തീരുമാനിച്ചു. നിപ്പ ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച്‌ മരിച്ച നേഴ്‌സ് ലിനി പുതുശ്ശേരിയുടെ സ്മരണാര്‍ത്ഥം സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നേഴ്‌സിനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങള്‍


 യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന്‌അനുവദിക്കാന്‍ തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച്‌ ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
 ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന് അസംസ്‌കൃത വസ്തുക്കളായ ഈറ്റ, മുള,യൂക്കാലിപ്റ്റസ്, അക്കേഷ്യ എന്നിവ ടണ്ണിന് ആയിരം രൂപ നിരക്കില്‍ 2017-18, 2018-19 വര്‍ഷങ്ങളിലും പ്രത്യേക കേസായി അനുവദിക്കാന്‍ തീരുമാനിച്ചു.
 പൊതുമേഖലാസ്ഥാപനമായ ട്രാന്‍സ്‌ഫോര്‍മേര്‍സ് ആന്റ് ഇലക്‌ട്രിക്കല്‍സ് കേരള ലിമിഡറ്റിലെ ഓഫീസര്‍മാരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ മന്ത്രസഭ അനുമതി നല്‍കി.
 വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്ബോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് 'ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്' എന്നാക്കി മാറ്റാനും തീരുമാനിച്ചു.
 പുതുതായി ആരംഭിക്കുന്ന മട്ടന്നൂര്‍ എയര്‍പോര്‍ട്ട് (കണ്ണൂര്‍), ഇലവുംതിട്ട (പത്തനംതിട്ട), കണ്ണനല്ലൂര്‍ (കൊല്ലം), പന്തീരാങ്കാവ് (കോഴിക്കോട്), ഉടുമ്പന്‍ച്ചോല (ഇടുക്കി), മേല്‍പ്പറമ്പ് (കാസര്‍കോട്) എന്നീ സ്റ്റേഷനുകളിലേക്ക് 186 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതിനു പുറമേ 30 പേരെ സമീപ പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പുനര്‍വിന്യസിക്കും.
 ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ കൃഷിഭവന്‍ സ്ഥാപിക്കുന്നതിന് ഒരു കൃഷി ഓഫീസറുടേയും ഒരു കൃഷി അസ്റ്റിസ്റ്റന്റിന്റേയും തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
 കൊല്ലം ജില്ലയില്‍ പുനലൂര്‍ ആസ്ഥാനമായി പുതിയ റവന്യൂ ഡിവിഷന്‍ ആരംഭിക്കും. ഇതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കും.
 ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.
 തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു.
 നികുതി-എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും.
 ഐ.ആന്റ് പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്റെയും അധിക ചുമതല നല്‍കും.
 ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും.
 മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല കൂടി നല്‍കും.
 കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു.

Post a Comment

0 Comments