കൊച്ചി മെട്രോക്ക് ഒരു വയസ്; യാഥാർത്യമാവുമോ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി



കോഴിക്കോട്:കൊച്ചി മെട്രോ രണ്ടാം വർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോഴും കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ പ്രരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. കൊച്ചി മെട്രോയ്ക്കു പിന്നാലെ എത്തിയ വമ്പന്‍ പദ്ധതിയായിരുന്നു ലൈറ്റ് മെട്രോ പദ്ധതി. മെട്രോ ഓടിത്തുടങ്ങിയെങ്കിലും ലൈറ്റ് മെട്രോകളുടെ ഒരു തൂണ്‍ പോലും ഇതുവരെ ഉയര്‍ന്നിട്ടില്ല. കൊച്ചി മെട്രോ നേരിട്ട എല്ലാ പ്രതിസന്ധികളും ലൈറ്റ് മെട്രോയുടെ മുന്നിലും വിലങ്ങുതടികളായി നില്‍ക്കുന്നുണ്ട്. ഇരു നഗരങ്ങളിലെയും ഗതാഗതക്കുരുക്കിന് ശമനമേകി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലൈറ്റ് മെട്രോ പദ്ധതി പ്രഖ്യാപിച്ചത്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) മന്ത്രിസഭ അംഗീകരിച്ചത് 2015 ജൂലൈ അവസാനമാണ്. 6728 കോടി രൂപയാണ് പദ്ധതിച്ചെലവ്. എന്നാൽ കേന്ദ്ര സർക്കാറിന്റെ പുതിയ മെട്രോ നയത്തിന്റെ അടിസ്ഥനത്തിൽ ഡി.പി.ആര്‍ വീണ്ടും പുതുക്കി. എന്നാൽ സംസ്ഥാന സർക്കാർ മാറിയതോടെ പുതുക്കിയ റിപ്പോർട്ട് ഇതുവരെ കേന്ദ്ര സർക്കാറിൻ സമർപ്പിച്ചിട്ടില്ല. കൂടാതെ ഡി.എം.ആർ.സി പദ്ധതിയിൽ നിന്ന് പിന്മാറിയതും പദ്ധതി അനിശ്ചിതത്തിന് കാരണമായി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭമായി നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ 60 ശതമാനം തുക വായ്പ്പയായി എടുക്കും. ബാക്കി 40 ശതമാനം തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കും. ഭൂമിയേറ്റെടുക്കലിനായുള്ള തുക സംസ്ഥാനമാണ് വഹിക്കുക. തുടക്കത്തില്‍ തിരുവനന്തപുരം ലൈറ്റ് മെട്രോയിലെ ഒരു ട്രെയിനില്‍ മൂന്നു കോച്ചുകളും, കോഴിക്കോട്ടെ ലൈറ്റ് മോട്രോ ട്രെയിനില്‍ രണ്ടു കോച്ചുകളുമാണ് ഉണ്ടാകുക. ഭാവിയില്‍ ഇരുസ്ഥലങ്ങളിലേയും ട്രെയിനുകളില്‍ ഓരോ കോച്ചുകള്‍ വീതം അധികമായി ചേര്‍ക്കാം. പദ്ധതി നടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായിട്ടാവും കെ.ആര്‍.ടി. പ്രവര്‍ത്തിക്കുകയെന്നും പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം ലൈറ്റ് മോട്രോയില്‍ 19 സ്റ്റേഷനുകളും, കോഴിക്കോട് 14 സ്റ്റേഷനുകളുമാണ് ഉണ്ടാകുക. രണ്ടുനഗരങ്ങളിലേയും ലൈറ്റ് മെട്രോയുടെ ഡ്രോയിങ് ഡി.എം.ആര്‍.സിയാണ് തയ്യാറാക്കിയത്.

ലൈറ്റ് മെട്രോയ്ക്കും മുന്‍പ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയായിരുന്നു. മോണോ റെയില്‍. എന്നാല്‍ തുടക്കത്തിൽ വെച്ചു തന്നെ ഈ പദ്ധതി അലസിപ്പോകുകയായിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ ചര്‍ച്ചകള്‍ക്കു സമാന്തരമായി തന്നെ മോണോ റെയില്‍ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. മോണോ റെയില്‍ പ്രായോഗികമല്ലെന്നു പറഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. എല്ലാത്തിനുമൊടുവില്‍ 2014 ആഗസ്റ്റിലാണ് മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ഇതിനു പകരമായി ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനും ലൈറ്റ് മെട്രോയുടെ രൂപരേഖ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിയോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

5581 കോടി രൂപയായിരുന്നു രണ്ടു നഗരങ്ങളിലേയും മോണോ റെയില്‍ പദ്ധതികള്‍ക്കായുള്ള സര്‍ക്കാറിന്റ എസ്റ്റിമേറ്റ് തുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് 22 കിലോമീറ്ററും, കോഴിക്കോട്ട് 14 കിലോമീറ്ററും ദൂരത്തില്‍ മോണോ റെയില്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. കാനഡ ആസ്ഥാനമായുള്ള ബൊംബാര്‍ഡിയര്‍ എന്ന കമ്പനി മാത്രമാണ് ഒറ്ററെയില്‍പ്പാളം നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 14,500 കോടി രൂപയാണ് കമ്പനി ക്വോട്ട് ചെയ്തത്. ഇതു കൂടാതെ 4,000 കോടി രൂപയുടെ അധിക തുക കൂടി ടെന്‍ഡറില്‍ കാണിച്ചിരുന്നു. ഇത് താങ്ങാനാകില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 6004 കോടി രൂപയായി പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്തിരുന്നു. ലൈറ്റ് മെട്രോ പദ്ധതി തീരുമാനിച്ചപ്പോള്‍ അതില്‍ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) വായ്പ്പ പദ്ധതിയ്ക്കായി ലഭ്യമാക്കാമെന്ന വാഗ്ദാനവും ഹിറ്റാച്ചി നല്‍കിയിരുന്നു.

Post a Comment

0 Comments