റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷാ സംവിധാനം ജൂലൈ 16 മുതല്‍



കോഴിക്കോട്:കേരളത്തിലെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും നിലവിലുളള കാര്‍ഡുകളില്‍ തിരുത്തല്‍ വരുത്തുന്നതിനും കാര്‍ഡുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിനും സറണ്ടര്‍ ചെയ്യുന്നതിനും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റില്‍ സാങ്കേതിക സംവിധാനം ജൂലൈ 16-ന് ആരംഭിക്കും. സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമുളള ഉപഭോക്താക്കള്‍ക്ക് അതിലൂടെയും അല്ലാത്തവര്‍ക്ക് അക്ഷയ കേന്ദ്രം പോലുളള സ്ഥാപനങ്ങളിലൂടെയും ഈ സൗകര്യം ലഭ്യമാകും. സ്വന്തമായി ഇന്‍ര്‍നെറ്റ് സൗകര്യമുളളവര്‍ക്ക് സൗജന്യമായി ഈ അപേക്ഷകള്‍ സമര്‍പ്പിക്കാം.

നിലവില്‍ മേല്‍പ്പറഞ്ഞ റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി പ്രിന്റ് എടുത്ത് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നേരില്‍ ചെന്ന് അപേക്ഷ നല്‍കുന്നതിനുളള സൗകര്യം ഇന്നലെ മുതല്‍ ലഭ്യമാണ്. ഈ സേവനങ്ങള്‍ തികച്ചും സൗജന്യമാണ്. റേഷന്‍ കാര്‍ഡ് ഉളളവര്‍ക്ക് മറ്റ് താലൂക്കുകളില്‍ നിന്ന് നീക്കം ചെയ്യുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനും അതാത് ഓഫീസുകളില്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യം ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടു കൂടി ഇല്ലാതാകും. ഉപഭോക്താക്കള്‍ക്ക് അവരവരുടെ റേഷന്‍ കാര്‍ഡുകള്‍ സ്വന്തമായി പ്രിന്റ് എടുക്കുന്നതിനും ഈ സംവിധാനത്തില്‍ സാധിക്കും. അപേക്ഷിച്ചാല്‍ രണ്ട് ദിവസങ്ങള്‍ക്കകം റേഷന്‍ കാര്‍ഡ് ലഭ്യമാകും വിധമുളള സാങ്കേതിക സംവിധാനമാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ കേരള ഘടകം തയാറാക്കിയിട്ടുളളത്.

Post a Comment

0 Comments