മിഠായിത്തെരുവ്: പാര്‍ക്കിംഗ് പ്ലാസ തീരുമാനം ഒരാഴ്ചയ്ക്കകം



കോഴിക്കോട്: മിഠായിത്തെരുവില്‍ ആധുനിക പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കുന്ന കാര്യത്തില്‍ ഒരാഴ്ചകം തീരുമാനമുണ്ടാകുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. കെ.ടി.ഡി.സി ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന സത്രം ബില്‍ഡിംഗ് പൊളിച്ചു മാറ്റിയാണ് പാര്‍ക്കിംഗ് പ്ലാസ നിര്‍മിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ പുതിയ പ്ലാന്‍ കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരമാവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് നേരത്തേയുള്ള രൂപകല്‍പനയില്‍ മാറ്റം വരുത്തുന്നതെന്ന് മേയര്‍ പറഞ്ഞു. കെട്ടിടം പൊളിക്കുന്നതിന് മുമ്ബുതന്നെ ബില്‍ഡിങ്ങില്‍ കച്ചവടം തല്‍ക്കാലത്തേക്ക് നീട്ടിക്കൊടുത്ത വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നടപടിയെടുക്കാനും മേയര്‍ നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.ടി.ഡി.സിയെ ധൃതിയില്‍ ഒഴിപ്പിച്ച നഗരസഭ മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ക്കിംഗ് സംവിധാനമൊരുക്കാന്‍ തയാറാവാത്തത് ദുരൂഹമാണെന്ന് പി.എം. സുരേഷ്ബാബു കുറ്റപ്പെടുത്തി. കടകള്‍ ഒഴിയുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന് പ്രതിപക്ഷ ഉപനേതാവ് സി. അബ്ദുറഹിമാന്‍ പറഞ്ഞു. മിഠായി തെരുവ് നവീകരണ സമയത്ത് പഴയ സത്രം കെട്ടിടത്തിലെ മുറികള്‍ അനുവാദമില്ലാതെ ഉപയോഗിച്ച കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്ക് പിഴ ചുമത്താനുള്ള ശിപാര്‍ശ ധനകാര്യ കമ്മറ്റിക്ക് പുനഃപരിശോധനക്കായി മടക്കിയയക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. എന്നാല്‍ ഈ പ്രദേശം പരാമാവധി പാര്‍ക്കിംഗിന് തന്നെ ഉപയോഗപ്പെടുത്തുന്ന രീതിയില്‍ പ്ലാന്‍ മാറ്റാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മിഠായിത്തെരുവില്‍ വാഹന ഗതാഗതം നിരോധിച്ചതോടെ പാര്‍ക്കിംഗ് പ്രശ്‌നം രൂക്ഷമാണ്.

ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, പി.സി. രാജന്‍, ടി.വി. ലളിതപ്രഭ, കൗണ്‍സിലര്‍മാരായ വി.ടി. സത്യന്‍, എം.പി. രാധാകൃഷ്ണന്‍, ഷെറീന വിജയന്‍, പി. അനിത, സി.പി. ശ്രീകല, ഒ. ശരണ്യ, പി. എം. സുരേഷ്ബാബു, സി. അബ്ദുറഹ്മാന്‍, പി.എം. നിയാസ്, കെ.ടി. ബീരാന്‍കോയ, വി റഹിയ, ഇ. പ്രശാന്ത്കുമാര്‍, സതീഷ്‌കുമാര്‍, നമ്പിടി നാരായണന്‍, പൊന്നത്ത് ഷൈമ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Post a Comment

0 Comments