ചുരം ബദൽപാത കൊങ്കൺ റെയിൽവേയെ ചുമതലപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നു; മന്ത്രി ജി. സുധാകരൻകോഴിക്കോട്: താമരശ്ശേരി ചുരം ബദൽപാത നിർമാണത്തിന് കൊങ്കൺ റെയിൽവേയെ ചുമതലപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ചുരം ഇടിഞ്ഞത് പുനർനിർമിക്കാൻ നടപടിയായിട്ടുണ്ട്. ഇനി അപകടമില്ലാത്ത വിധം ഏതുതരം വാഹനങ്ങൾക്കും പോവാൻപറ്റുന്ന, കാലവർഷത്തിൽ തകരാത്ത തുരങ്കപാതയാണ് സർക്കാർ ലക്ഷ്യമെന്ന്‌ മന്ത്രി പറഞ്ഞു.

25 കോടി രൂപ വകയിരുത്തി നവീകരിക്കുന്ന കളൻതോട് - കൂളിമാട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരേ രൂക്ഷമായ ഭാഷയിലാണ് മന്ത്രി പ്രതികരിച്ചത്. ചില കേന്ദ്രമന്ത്രിമാർ സംസ്ഥാനത്തെ അവഹേളിക്കുകയാണ്. കാര്യമറിയാതെ സംസാരിക്കുന്ന കേന്ദ്ര മന്ത്രിമാർ ഒടുവിൽ പശ്ചാത്തപിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പുതിയ സ്ഥലം ഏറ്റെടുക്കാതെതന്നെ തെക്ക് വടക്ക് റെയിൽവേ പാതയിൽ രണ്ട് ലൈനുകൾകൂടി സ്ഥാപിച്ചാൽ അതിവേഗ റെയിൽപ്പാത യാഥാർഥ്യമാക്കാം. എന്നാൽ അതിന് ചില കേന്ദ്രമന്ത്രിമാർ സമ്മതിക്കില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം നിധിൻ ഗഡ്കരിയെ പ്പോലെ ചില നല്ലമന്ത്രിമാർ കേന്ദ്രത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, കെ.പി. അബ്ദുറഹിമാൻ, ടി.എ. രമേശൻ, പി. ശിവദാസൻ നായർ, ടി.പി. എം. ഷറഫുന്നീസ, എ.കെ.ടി. ചന്ദ്രൻ വി.വി. ബിനു, പി.കെ. മിനി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments