ബേപ്പൂർ തുറമുഖ വികസനത്തിന് വ്യാപാരികളുടെ പിന്തുണ


കോഴിക്കോട്:കൂടുതൽ ചരക്കു കപ്പലുകൾ എത്തിച്ചു ബേപ്പൂർ തുറമുഖത്തു നിന്നു കണ്ടെയ്നർ മാർഗമുള്ള ചരക്കു നീക്കം സജീവമാക്കാൻ ധാരണ. വ്യവസായികളും ഷിപ്പിങ് കമ്പനികളുമായി തുറമുഖ അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഗുജറാത്തിൽ നിന്നും മുംബൈയിൽ നിന്നും കൂടുതൽ കണ്ടെയ്നർ കപ്പലുകൾ എത്തിക്കാനാണ് പരിശ്രമം. നിലവിൽ ട്രാൻസ് ഏഷ്യ ഷിപ്പിങ് കമ്പനിയുടെ എംവി കരുതൽ, ഗ്രേറ്റ് സീ ഷിപ്പിങിന്റെ ഗ്രേറ്റ് സീ വേമ്പനാട് എന്നീ കപ്പലുകളാണ് ബേപ്പൂർ തുറമുഖത്തേക്കു കണ്ടെയ്നർ ചരക്കുനീക്കം നടത്തുന്നത്. കൂടതൽ കണ്ടെയ്നറുകൾ കയറ്റാൻ ശേഷിയുള്ള ഗ്രേറ്റ് സീ എക്സ്പ്രസ് എന്ന കപ്പൽ തുറമുഖത്തേക്കു സർവീസ് നടത്താൻ ധാരണയായി. കൊച്ചി ആസ്ഥാനമായ ശ്രേയസ്, ടിസിഐ എന്നീ ഷിപ്പിങ് കമ്പനികളും ബേപ്പൂരിലെ ചരക്കു നീക്കത്തിനു താൽപര്യം പ്രകടിപ്പിച്ചു. ആറു മാസം മുൻപാണ് വാണിജ്യാടിസ്ഥാനത്തിൽ തുറമുഖത്തു കണ്ടെയ്നർ മാർഗം ചരക്കു നീക്കം ആരംഭിച്ചത്.

രണ്ടാഴ്ച മുൻപ് കണ്ടെയ്നറിൽ ചരക്ക് കയറ്റുമതിയും തുടങ്ങി. ഗുജറാത്തിൽ നിന്നുള്ള സിറാമിക് ടൈൽസാണ് പ്രധാനമായും ബേപ്പൂരിൽ എത്തിക്കുന്നത്. മുംബൈയിലേക്കു റബറാണ് ഇവിടെ നിന്നു കണ്ടെയ്നറിൽ കയറ്റി കൊണ്ടുപോകുന്നത്. കോസ്റ്റൽ ഷിപ്പിങ് പദ്ധതിയിൽ ചരക്കു നീക്കം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപിന്റെ ഇടപെടലിനെ തുടർന്നാണ് കണ്ടെയ്നറിൽ കൂടുതൽ ചരക്ക് എത്തിക്കാൻ വ്യവസായികൾ സന്നദ്ധരായത്. ആഴ്ചയിൽ കുറഞ്ഞതു നാലു കണ്ടെയ്നർ കപ്പലുകളെങ്കിലും എത്തിച്ചു തുറമുഖത്തെ സജീവമാക്കാനാണ് ലക്ഷ്യമെന്നു തുറമുഖ അധികൃതർ പറഞ്ഞു. ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷനാണ് കണ്ടെയ്നറുകളിൽ കൂടുതൽ ചരക്കുകൾ എത്തിക്കുന്നതിനു ഇടപെടൽ നടത്തിയത്.

ബേപ്പൂർ തുറമുഖം വഴി പ്രോജക്റ്റ്–ബൾക് കാർഗോ എത്തിക്കുന്നതിനു ചെന്നൈയിലെ നേവൽമാർ ഷിപ്പിങ് കമ്പനി അധികൃതരും യോഗത്തിൽ പങ്കെടുത്തു. വൈകിട്ട് മൂന്നിനു വി.കെ.സി. മമ്മദ്കോയ എംഎൽഎയുടെ സാന്നിധ്യത്തിൽ തുറമുഖത്ത് അവലോകന യോഗം ചേർന്നു. പോർട്ട് ഓഫിസർ ക്യാപ്റ്റൻ കെ. അശ്വനി പ്രതാപ് അധ്യക്ഷത വഹിച്ചു. ഗ്രേറ്റ് സീ ഷിപ്പിങ് കമ്പനി സിഇഒ സോനു ജോർജ്, ട്രാൻസ് ഏഷ്യ ഷിപ്പിങ് കമ്പനി കോസ്റ്റൽ ലോജിസ്റ്റിക് ഹെഡ് റവീൺ മാത്തച്ചൻ, ടിസിഐ ഷിപ്പിങ് കമ്പനി ബ്രാഞ്ച് ഹെഡ് രാജേഷ് കുമാർ മയൂര, ശ്രേയസ് ഷിപ്പിങ് കമ്പനി അസി.ജനറൽ മാനേജർ എബി ജോസഫ് ഫിലിപ്പ്,

നേവൽമാർ ഷിപ്പിങ് കമ്പനി പ്രതിനിധി കെ. ഷെറിൻ രാജൻ, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി ഡോ.എ.എം. ഷരീഫ്, കേരള ചേംബർ ഓഫ് കൊമേഴ്സ് ട്രഷറർ പി. ലതീഷ്, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് നിത്യാനന്ദ് കമ്മത്ത്, ടൈൽസ് ആൻഡ് സാനിറ്ററിവെയർ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറി സാജിർ പുറായിൽ, ഫുട്‍വെയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രതിനിധി വി.കെ. ഹമീദലി, പികെ ഗ്രൂപ്പ് ഡയറക്ടർ എൻ.കെ. മുഹമ്മദലി, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി ജോണി പാച്ചാനി, കോസ്റ്റൽ ഷിപ്പിങ് മാനേജർ മൂസ അനസ്, സീനിയർ പോർട്ട് കൺസർവേറ്റർ സി.പി. ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments