കോഴിമാലിന്യ ഭീഷണി നീങ്ങുന്നു; ശാസ്ത്രീയ സംസ്കരണ സംവിധാനം ഉടൻ



കോഴിക്കോട്:വഴിയരികിലും പുഴയിലുമെല്ലാം കോഴിമാലിന്യം തള്ളുന്ന ദുരിതത്തിൽനിന്നു ജില്ലയ്ക്കു ശാപമോക്ഷമാകുന്നു. ജില്ലാ പഞ്ചായത്തും കോർപറേഷനും സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയിലാണു ജില്ലയിലെ മുഴുവൻ കോഴിക്കടകളിൽ നിന്നുമുള്ള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ വഴിയൊരുങ്ങുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സ്ട്രോങ് ഹോൾഡ് ക്യാപ്പിറ്റലിന്റെ മാലിന്യ നിർമാർജന കമ്പനിയായ ഫ്രെഷ്കട്ട് ഓർഗാനിക് പ്രോ‍ഡക്ട്സിന്റെ സംസ്കരണശാലയിലാണു കോഴിമാലിന്യം പ്രോട്ടീൻ പൗഡറും ആനിമൽ ഓയിലുമാക്കി മാറ്റുന്നത്.

മറ്റ് അവശിഷ്ടങ്ങളോ ദുർഗന്ധമോ ഉണ്ടാകാത്ത രീതിയിലാണു സംസ്കരണമെന്നു കമ്പനി അധികൃതർ അറിയിച്ചു. പ്രോട്ടീൻ പൗഡർ മൃഗങ്ങൾക്കുള്ള ഭക്ഷണ നിർമാണത്തിനായി പെഡിഗ്രീ അടക്കമുള്ള കമ്പനികൾക്കു കൈമാറും. ആനിമൽ ഓയിൽ പെയ്ന്റ്, സോപ്പ് നിർമാണ കമ്പനികൾക്കും നൽകും. ജില്ലയിൽ മൊത്തം 650 ചിക്കൻ സ്റ്റാളുകളിൽ നിന്നായിരിക്കും കമ്പനി മാലിന്യം ശേഖരിക്കുന്നത്. ഇതിൽ 250 എണ്ണം നഗരത്തിലേതാണ്. മാലിന്യം സൂക്ഷിക്കാൻ ഓരോ കടയും ശീതീകരണികൾ നിർബന്ധമായും ഏർപ്പാടാക്കണം. മുറിച്ചു നീക്കുമ്പോൾത്തന്നെ മാലിന്യം ശീതീകരണിയിലേക്കാണു വയ്ക്കേണ്ടത്. നിശ്ചിത സമയത്തു കമ്പനിയുടെ ലോറിയെത്തി മാലിന്യം എടുക്കും. ഒരു കിലോയ്ക്ക് ഏഴു രൂപയാണ് ഇതിനായി കമ്പനിക്കു നൽകേണ്ടത്. ഇതിൽ ഒരു വിഹിതം അതതു തദ്ദേശ സ്ഥാപനത്തിനാണു ലഭിക്കുന്നത്. ദിവസവും 45 – 50 ടൺ കോഴിമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാണു താമരശ്ശേരി അമ്പായത്തോട്ടിലെ പ്ലാന്റ്. യന്ത്രങ്ങളിൽ 40 ശതമാനം യൂറോപ്പിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. പ്ലാന്റ് ഒരുമാസത്തിനകം പ്രവർത്തന സജ്ജമാകും.

കോർപറേഷൻ പരിധിയിൽ മാലിന്യശേഖരം 16-ന് ആരംഭിക്കാനാണു തീരുമാനം. താമരശ്ശേരി പ്ലാന്റ് തുടങ്ങുന്നതുവരെ മാലിന്യം കണ്ണൂരിലെയും മലപ്പുറത്തെയും പ്ലാന്റുകളിലെത്തിച്ചാണു സംസ്കരിക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ കോഴിമാലിന്യം പൊതുസ്ഥലത്തു തള്ളുന്ന പ്രശ്നം പൂർണമായും ഇല്ലാതാകുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനും ഇതു സംബന്ധിച്ചു കമ്പനിയുമായി ധാരണയിലായിട്ടുണ്ട്. എല്ലാ കടയുടമകളും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബാബു പറശ്ശേരി അറിയിച്ചു. അതേസമയം, അനധികൃതമായി പ്രവർത്തിക്കുന്ന കോഴിക്കടകളും ജില്ലയിലുണ്ടെന്നതു വെല്ലുവിളിയാകും.

Post a Comment

0 Comments