കേരളത്തിലേക്കുള്ള ആദ്യ ഹംസഫർ ട്രെയിൻ; ഗാന്ധിധാം – തിരുനെൽവേലി ഹംസഫർ എക്സ്പ്രസ് വ്യാഴാഴ്ച മുതൽ



കോഴിക്കോട്:കേരളത്തിലേക്കുള്ള ആദ്യ ഹംസഫർ ട്രെയിൻ ഗാന്ധിധാം – തിരുനെൽവേലി ഹംസഫർ എക്സ്പ്രസ് അഞ്ചിനു ഗാന്ധിധാമിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗൊഹെയ്ൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ടൈംടേബിളിൽ പ്രഖ്യാപിച്ച പ്രതിവാര ട്രെയിനാണിത്. ഗാന്ധിധാം – തിരുനെൽവേലി ഹംസഫർ ട്രെയിൻ (19424) എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു 1.50നു പുറപ്പെട്ട് ചൊവ്വാഴ്ച്ച രാത്രി 11:10-ന് കോഴിക്കോട്ടും ബുധനാഴ്ച രാവിലെ 4.05ന് എറണാകുളത്തും 7.45ന് തിരുവനന്തപുരത്തും 11.30നു തിരുനെൽവേലിയിലുമെത്തും.

മടക്ക ട്രെയിൻ (19423) വ്യാഴാഴ്ചകളിൽ രാവിലെ 7.45നു തിരുനെൽവേലിയിൽനിന്നു പുറപ്പെട്ടു രാവിലെ 10:50-ന് തിരുവനന്തപുരത്തും ഉച്ചക്ക് 2:50-ന് എറണാകുളത്തും വൈകീട്ട് 6:20-ന് കോഴിക്കോട്ടും ശനിയാഴ്ച 4.40-നു ഗാന്ധിധാമിലുമെത്തും. കൊങ്കൺ വഴിയാണു ട്രെയിൻ സർവീസ് നടത്തുക. സ്റ്റോപ്പുകൾ: അഹമ്മദാബാദ്, വഡോദര, സൂറത്ത്, പനവേൽ, വസായ് റോഡ്, രത്നഗിരി, മഡ്ഗാവ്, കാർവാർ‍, മംഗളൂരു ജംക്‌ഷൻ, കോഴിക്കോട്, ഷൊർണൂർ, എറണാകുളം, തിരുവനന്തപുരം. പൂർണമായും തേഡ് എസി കോച്ചുകൾ മാത്രമാണു ഹംസഫറിലുണ്ടാകുക.

സ്റ്റേഷൻ വിവരങ്ങൾ നൽകുന്ന എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, കോഫി, ടീ വെൻഡിങ് മെഷീൻ, ഖാദി ബെഡ് റോളുകൾ, സിസി‍ടിവി ക്യാമറ, ഫയർ അലാം, ബയോ ശുചിമുറികൾ എന്നിവയാണു ട്രെയിനിന്റെ സവിശേഷതകൾ. 19 ഹംസഫർ ട്രെയിനുകളാണു രാജ്യത്തുള്ളത്. അഞ്ചു ഹംസഫർ ട്രെയിനുകൾകൂടി സർവീസ് ആരംഭിക്കാനുണ്ട്. കേരളത്തിലൂടെ കടന്നുപോകുന്ന ആദ്യ ഹംസഫറാണ് വ്യാഴാഴ്ച ഓടിത്തുടങ്ങുക.

Post a Comment

0 Comments