മാവൂർ ഗ്രാസിം; സൈറൺ നിലച്ചിട്ട് 17 വർഷം: നിരവധി പദ്ധതികൾ;എല്ലാം കടലാസിലൊതുങ്ങി



കോഴിക്കോട്: ഒരു വ്യവസായം ആരംഭിക്കാൻ സർക്കാർ ആദ്യമായി ഏറ്റെടുത്ത് നൽകിയ മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി  (ഗ്രാസിം ഫാക്ടറി) യുടെ സൈറൺ നിലച്ചിട്ട് 17 വർഷം പിന്നിട്ടു. 1999 മെയ് മാസത്തിൽ ഉൽപാദനം നിർത്തിയ മാവൂർ ഫാക്ടറി 2001 ജൂലായ് 7-ന് പൂർണമായും അടച്ചു പൂട്ടിയതോടെ വ്യാവസായിക ഭൂപടത്തിൽ മാവൂരിനുണ്ടായിരുന്ന സ്ഥാനവും എന്നന്നേക്കുമായി നഷ്ടപ്പെട്ടു.

1958 ൽ ഇ.എം.എസ് സർക്കാറാണ് ചാലിയാറിന്റെ തീരത്ത് തുഛമായ വിലയ്ക്ക് 236 ഏക്കർ ഭൂമി പൾപ്പ് വ്യവസായത്തിന് വേണ്ടി ബിർല വ്യവസായ ഗ്രൂപ്പിന് അക്വയർ ചെയ്ത് നൽകിയത്. സർക്കാർ നൽകിയ ഭൂമിക്ക് പുറമെ, 150 ഏക്കർ ഭൂമി പിന്നീട് പല തവണയായി കമ്പനി വാങ്ങുകയും ചെയ്തു. ഇവിടെയാണ് ഗ്രാസിം ഫാക്ടറി വളർന്നു പന്തലിച്ചത്. 1963 ൽ ഉൽപാദനം തുടങ്ങിയ ഗ്രാസിം ഫാക്ടറി ലോകത്തിലെ ഏറ്റവും വലിയ വുഡ് പൾപ്പ്  വ്യവസായ സ്ഥാപനമായിരുന്നു. ഫാക്ടറി സ്ഥാപിക്കുന്നതിനായി അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി കെ.പി ഗോപാലനാണ് ബിർളയുമായി കരാറൊപ്പിട്ടത്. വ്യവസായത്തിനെന്ന പ്രത്യേക പരിഗണന നൽകി മത്സ്യബന്ധനം, മൺപാത്ര നിർമ്മാണം, ഈറ്റയും മുളയും ഉപയോഗിച്ചുള്ള ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഉപജീവനം നടത്തിയ കുടുംബങ്ങളുടെ ഫലഭൂയിഷ്ടമായ 236 ഏക്കർ ഭൂമിയാണ് സർക്കാർ ബിർളയ്ക്ക് വേണ്ടി ഏറ്റെടുത്ത് നൽകിയത്. വൻതോതിലുള്ള തൊഴിൽ സാധ്യത മുൻനിർത്തിയായിരുന്നു ഇത്. പൾപ്പും ഫൈബറുമായിരുന്നു കമ്പനിയുടെ പ്രധാന ഉൽപന്നം. തൊഴിലവസരങ്ങൾ ഉണ്ടായെങ്കിലും, മാവൂരിലും പ്രാന്ത പ്രദേശങ്ങളിലുമായി വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഗ്രാസിം ഫാക്ടറിയുടെ സാന്നിധ്യം മൂലമുണ്ടായത്.

കമ്പനിയുടെ പ്രവർത്തനം ആരംഭിച്ച് അധികം പിന്നിടുന്നതിന് മുമ്പായി തന്നെ മലിനീകരണ പ്രശ്‌നവും അതിനെതിരായ ജനകീയ പോരാട്ടവും തുടങ്ങി. ഫാക്ടറിയിലെ അവശിഷ്ടങ്ങൾ ചാലിയാർ പുഴയിലേക്ക് ഒഴുക്കിയതോടെ പുഴ വെള്ളം കറുത്തിരുണ്ട് മത്സ്യങ്ങൾ ചത്തു പൊങ്ങാനും പ്രദേശത്ത് കാൻസർ രോഗികളുടെ എണ്ണം പെരുകാനും തുടങ്ങിയതോടെ കെ.എ. റഹ്മാൻ എന്ന ജനകീയ പോരാളിയുടെ നേതൃത്വത്തിൽ ഫാക്ടറിക്കെതിരെ സമരം ആരംഭിച്ചു. കേരളത്തിലെ ആദ്യത്തെ പാരിസ്ഥിതിക മുന്നേറ്റമായിരുന്നു ഇത്. പ്രദേശത്തെ കാൻസർ മരണങ്ങളും, മറ്റു രോഗ വിവരങ്ങളും പുറത്ത് വന്നതോടെ 1970 കളിൽ നാട്ടുകാരുടെ സമരം ശക്തമായി. ഈ സമരത്തിന് ദേശീയ-അന്തർദേശീയ തലങ്ങളിൽ നിന്നുള്ള പിന്തുണയുമുണ്ടായി. 70 കളിൽ തന്നെയാണ് സംസ്ഥാന സർക്കാർ മലിനീകരണ നിയന്ത്രണ ബോർഡിന് രൂപം നൽകിയതും. 1999 ൽ ചാലിയാർ ഏകോപന സമിതിയുടെ റിലേ നിരാഹാര സമരത്തെ തുടർന്ന് 2001 ൽ കമ്പനിയുടെ ഗേറ്റിന് നിയമപരമായി തന്നെ താഴ് വീണു.

ഫാക്ടറിയുടെ മെഷിനറികൾ നീക്കം ചെയ്യാൻ 2007 ൽ തമിഴ്‌നാട് തെങ്കാശിയിലെ ഷാൻഫാക്കോ കമ്പനിക്കാണ് അധികൃതർ കരാർ നൽകിയത്. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് ആദ്യത്തെ പ്രഖ്യാപനമുണ്ടായി. ഫാക്ടറി പൊളിച്ചു നീക്കിയെങ്കിൽ മാത്രമേ പുതിയ പദ്ധതി തുടങ്ങാൻ സാധിക്കൂവെന്നായിരുന്നു അത്. ഫൈബർ ഡിവിഷൻ, ആസിഡ് പ്ലാന്റ് തുടങ്ങി കമ്പനിയുടെ മെഷിനറികളെല്ലാം പൂർണമായും 2011 ഓടെ  മാവൂരിൽ നിന്ന് നീക്കം ചെയ്തു. സർക്കാർ ഏറ്റെടുത്ത് നൽകിയ ഭൂമിയിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളില്ലാത്ത പുതിയ സംരംഭം തുടങ്ങണമെന്ന ആവശ്യമാണ്  നാട്ടുകാർ മുന്നോട്ട് വെച്ചിരുന്നത്. അടച്ചു പൂട്ടിയ ഫാക്ടറിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും തരത്തിലുള്ള വ്യവസായ പദ്ധതികൾ വരുമെന്ന പ്രതീക്ഷയും നാട്ടുകാരിലുണ്ടായിരുന്നു. ഗ്രാസിം ഫാക്ടറി അടച്ചു പൂട്ടിയതിന്റെ ഓരോ വാർഷികം വരുമ്പോഴും സംസ്ഥാന വ്യവസായ വകുപ്പിന്റേയും മാനേജ്‌മെന്റിന്റേയും ഭാഗത്ത് നിന്ന് തുടങ്ങാനിരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചുള്ള സൂചനകൾ പ്രഖ്യാപിക്കും. അത് വിശ്വസിച്ച് ആശ്വാസം കൊള്ളുന്ന നാട്ടുകാർ പിന്നീട് വിഡ്ഢികളാവുന്ന അനുഭവമാണ് നാളിത് വരെ നില നിൽക്കുന്നതെന്ന് പറയുന്നു.

2001 ൽ കമ്പനിയുടെ പ്രവർത്തനം നിലച്ചതോടെ സർക്കാർ ഭൂമി ഉൾപ്പെടുന്ന 400 ഏക്കറോളം ഭൂമിയിപ്പോൾ ഒരു പ്രയോജനവുമില്ലാതെ അനാഥമായി കിടക്കുകയാണ്. ബിർളാ വ്യവസായ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് ഈ ഭൂമിയത്രയും. ഇവിടെയുള്ള ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ ഏറിയ പങ്കും നിലം പൊത്താറായ അവസ്ഥയിലാണ്. കാട്ടുപന്നികളും തെരുവ് നായ്ക്കളും കയ്യടക്കിയ ഇവിടെയുള്ള സ്‌കൂളും ആശുപത്രിയുമെല്ലാം ഉപേക്ഷിക്കപ്പെട്ടതോടെ, വ്യവസായം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്ക് അക്വയർ ചെയ്ത് നൽകിയ ഭൂമി മുഴുക്കെ ഉപയോഗശൂന്യവുമായി. ഫാക്ടറി വളപ്പിലുള്ള ചെറിയ ക്ഷേത്രത്തിൽ മാത്രം ഇടയ്ക്കിടെ ആരെങ്കിലും വന്നാലായി. വിരലിലെണ്ണാവുന്ന ഏതാനും ജീവനക്കാരും ഓഫീസും ഇന്നും ഇവിടെ പ്രവർത്തിക്കുന്നുമുണ്ട്.
ജലരേഖയായ പ്രഖ്യാപനങ്ങൾ

കമ്പനി പൂർണമായും അടച്ചു പൂട്ടിയതിനു ശേഷം ഒരു വ്യവസായം മാവൂരിന്റെ മണ്ണിൽ ഉയർന്നുവന്നിട്ടില്ല. തൊഴിൽ ലഭ്യതയുണ്ടാകുന്ന ഒരു വ്യവസായം മാവൂരിൽ വീണ്ടുമുയരാൻ നാട്ടുകാർ നടത്താത്ത ശ്രമങ്ങളുമില്ല. പിന്നിട്ട വർഷങ്ങളിൽ ഈ ആവശ്യമാണ് നാട്ടുകാർ നിരന്തരം ഉന്നയിക്കുന്നതും. മാറി മാറി വന്ന സർക്കാറുകളൊക്കെ ബിർള മാനേജ്‌മെന്റിനെ സഹായിക്കുന്ന നടപടികളാണ് കൈക്കൊള്ളുതെന്നാണ് നാട്ടുകാരുടെ ആരോപണം. വ്യാവസായിക ആവശ്യത്തിനായി വൈദ്യുതി, ജലം, മറ്റ് അസംസ്‌കൃത വസ്തുക്കൾ തുടങ്ങിയവയ്‌ക്കെല്ലാം വൻ ഇളവ് നൽകി ആരംഭിച്ച ഗ്രാസിം ഫാക്ടറി കോടികളാണ് ലാഭമുണ്ടാക്കിയത്. വൻ പാരിസ്ഥിതിക പ്രശ്‌നം മൂലം കമ്പനി അടച്ചു പൂട്ടിയതോടെ, കാലാകാലങ്ങളിൽ മാവൂരിൽ പുതിയ വ്യവസായ പദ്ധതിയെന്ന് പ്രഖ്യാപനം നടത്തുകയല്ലതെ ഇക്കാര്യത്തിൽ ഇന്നോളം ഒരു പുരോഗതിയുമുണ്ടായില്ല. എല്ലാ പ്രഖ്യാപനങ്ങളും ജലരേഖയായി മാറി.

2006-2011 കാലത്തെ ഇടത് സർക്കാരിനെ പുതിയ പദ്ധതിയുമായി കമ്പനി അധികൃതർ സമീപിച്ചിരുന്നു. എന്നാൽ വ്യവസായത്തിനനുവദിച്ച ഭൂമി വെറുതെ കിടക്കുന്നതിനാൽ സർക്കാർ അതേറ്റെടുക്കുകയാണെന്ന് കാണിച്ച് അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരൻ കമ്പനിയ്ക്ക് നോട്ടീസ് നൽകി.  ഇതിനെതിരെ ബിർള ഗ്രൂപ്പ് പുതിയ വ്യവസായം തുടങ്ങാൻ തൽപരരാണെന്ന് കാണിച്ച് സത്യവാങ്ങ്മൂലം നൽകി കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കോഴിക്കോട്ട് ജനസമ്പർക്ക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ മാവൂർ ഫാക്ടറിയുടെ സ്ഥലത്ത് കൊച്ചിയിലെ സ്മാർട്ട് സിറ്റി പോലുള്ള വൻകിട നിക്ഷേപ പദ്ധതിയ്ക്ക് ഐ.ടി വകുപ്പ് അന്തിമ രൂപം നൽകിയതായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. സ്ഥലം വിട്ടു നൽകുകയാണെങ്കിൽ സംസ്ഥാനത്തിന് എയിംസ് നൽകാമെന്ന് നേരത്തെ കേന്ദ്ര മന്ത്രിയുടെ ഒരു പ്രഖ്യാപനവുമുണ്ടായിരുന്നു. ഇപ്രകാരം പ്രഖ്യാപനങ്ങൾ പല തവണയുണ്ടായി. എല്ലാം പ്രഖ്യാപനങ്ങളായി തന്നെ അവശേഷിക്കുന്നു.

ഗ്രാസിം ഫാക്ടറിയുടെ 200 ഏക്കർ ഭൂമി ഉപയോഗപ്പെടുത്തി ഇൻഡസ്ട്രിയൽ സർവ്വീസ് പാർക്ക്, ഗോൾഫ് കോഴ്‌സ്, ഇന്റർനാഷണൽ സെന്റർ ഫോർ എക്‌സലന്റ്‌സ്, ടൗൺഷിപ്പ്, ഏഷ്യൻ ഹെറിറ്റേജ് വില്ലേജ്, ഐ.ടി ആന്റ് നാനോ ടെക് പാർക്ക്, ഹോട്ടി കൾച്ചർ ആന്റ് ഓർഗാനിക് ഫാർമിംഗ് എന്നിവ ഉൾപ്പെട്ട 'ഹൈടെക് ഇൻഡസ്ട്രീസ് സർവ്വീസസ് ടൗൺഷിപ്പ് മാവൂർ' എന്ന പേരിൽ നാലായിരം കോടി രൂപയുടെ ബൃഹത്തായ പദ്ധതി സർക്കാർ മുമ്പാകെ മാനേജ്‌മെന്റ് സമർപ്പിച്ചിരുന്നു. ഏറെ കൊട്ടിഘോഷിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങളും ഇക്കാര്യത്തിലുണ്ടായി. പക്ഷേ കമ്പനിയുടെ ഡിമാന്റ് അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല.
ഭൂമി തിരിച്ചു പിടിക്കണം

സർക്കാർ അക്വയർ ചെയ്ത് നൽകിയ ഭൂമി ബിർളയിൽ നിന്ന് തിരിച്ചെടുക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. പ്രത്യേക ആവശ്യങ്ങളായി ജനങ്ങളെ കുടിയിറക്കി സർക്കാർ അക്വയർ ചെയ്ത് നൽകുന്ന നൂറുകണക്കിന് ഏക്കർ ഭൂമി വൻ കിടക്കാരുടെ കൈവശം സംസ്ഥാനത്തിന്റെ പല ഭാഗത്തും സുരക്ഷിതമായി കിടക്കുകയാണ്. ഭൂരഹിതർക്ക് പതിച്ചു നൽകാൻ അനുയോജ്യമായ ഇത്തരം ഭൂമികൾ നില നിൽക്കേയാണ് താമസ യോഗ്യമല്ലാത്ത സ്ഥലങ്ങൾ നൽകി സർക്കാർ പല ഭൂരഹിതരെയും കബളിപ്പിക്കുന്നതും.

20 കിലോമീറ്റർ ചുറ്റളവിൽ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളും എല്ലാറ്റിലുമുപരി വ്യവസായത്തിന് ആവശ്യമായ ഭൂമിയും വേണ്ടുവോളം ഉണ്ടായിരിക്കേ മാവൂരിൽ പുതിയ വ്യവസായം വരണമെങ്കിൽ ബിർള തന്നെ വേണമെന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. അനുകൂലമായ സാഹചര്യങ്ങളെല്ലാം ഉപയോഗപ്പെടുത്തി ബിർളയിൽ നിന്ന് മാവൂരിലെ അക്വയർ ചെയത് നൽകിയ ഭൂമി തിരച്ചെടുക്കാൻ സർക്കാർ മുമ്പോട്ട് വരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments