ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും: കടലോളം പ്രതീക്ഷകളുമായി അവർ ഇന്നിറങ്ങും

Puthiyappa Harbour
കോഴിക്കോട്: മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. സുരക്ഷിത സ്ഥാനങ്ങളില്‍നിന്ന് ഹാര്‍ബറുകളിലെത്തിച്ച ബോട്ടുകള്‍ കടലില്‍ പോകാനുളള അവസാനവട്ട ഒരുക്കത്തിലായതോടെ ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ജല്ലയിലെ ഹാര്‍ബറുകളില്‍ ആരവങ്ങളുയര്‍ന്നു. ഇന്നലെ രാത്രിതന്നെ കടലില്‍ പോകുന്നതിനായി ബോട്ടുകളില്‍ ഐസും മറ്റും നിറക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍. ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് നാട്ടില്‍പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ തിരികയെത്തി വലകളുടെയും മത്സ്യബന്ധന സമാഗ്രികളുടെയും മിനുക്കു പണിയിലാണ്. ട്രോളിങ് നിരോധനം കഴിഞ്ഞുള്ള ചാകരക്കോളിന്റെ പ്രതീക്ഷയില്‍ ബോട്ട് റിപ്പയറിങ്ങും പെയിന്റിങ്ങും വലകളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി ലക്ഷങ്ങള്‍ ചെലവിട്ടാണ് തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു കടലിലിറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇപ്രാവശ്യം 52 ദിവസമായിരുന്നു ട്രോളിങ് നിരോധനം. ബോട്ടുകള്‍ക്ക് പുറമെ കാരിയര്‍ വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിനു നിരോധനമുണ്ടായിരുന്നു. പരമ്പാരഗത വള്ളങ്ങളിലും ഇന്‍ബോഡ് വള്ളങ്ങളും മത്സബന്ധനിത്തിനായി പോയെങ്കിലും കാലാവസ്ഥ പ്രതികൂലമായത് മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. ചാലിയത്ത് ചെമ്മീന്‍ ചാകരയുണ്ടായത് വറുതിയുടെ ദിനങ്ങളില്‍ തൊഴിലാളികള്‍ക്കു നേരിയ ആശ്വാസമായിരുന്നു. ലക്ഷങ്ങളുടെ ചെമ്മീന്‍ കൊയ്ത്താണ് രണ്ടുദിവസങ്ങളിലായി ലഭിച്ചത്. എന്നാല്‍ മണ്‍സൂണ്‍ കാലത്തു സുലഭമായ ലഭിക്കേണ്ട അയലയും മത്തിയും നെത്തലും വളരെ കുറവായിരുന്നു. ഒന്നര മാസത്തെ വറുതിയുടെ ദിനങ്ങള്‍ക്കു ശേഷം ഏറെ പ്രതീക്ഷയോടെയാണ് തൊഴിലാളികള്‍ കടലില്‍ പോകുന്നത്. മത്സ്യദൗര്‍ലഭ്യതയ്‌ക്കൊപ്പം ഇന്ധനവില അനിയന്ത്രിതമായി വര്‍ധിക്കുന്നത് ബോട്ടുടമകള്‍ക്ക് കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്. ഇന്ധനവിലയ്ക്കുള്ള മീന്‍ പോലും ലഭിക്കാതെ കടലില്‍നിന്ന് മടങ്ങിവരേണ്ട ഗതിയുണ്ടായിട്ടുണ്ടെന്ന് ഉടമകള്‍ പറയുന്നു. മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധനത്തിനു സബ്‌സിഡി നല്‍കണമെന്ന് ഉടമകളുടെ ഏറെ നാളായുള്ള ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

ജില്ലയിലെ പ്രധാന ഹാര്‍ബറുകളായ ബേപ്പൂര്‍, കൊയിലാണ്ടി, പുതിയാപ്പ, ചോമ്പാല്‍ എന്നിവടങ്ങളിലായി അഞ്ഞൂറിലധികം ബോട്ടുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുത്. റജിസ്റ്റര്‍ ചെയ്യാതെ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളും ധാരാളമുണ്ടെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. നിരോധന കാലത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷനും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

Post a Comment

0 Comments