കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈന്സിന്റെ ജിദ്ദ സർവീസിന് ഡി.ജി.സി.എ. അനുമതി നൽകിയത് എമിറേറ്റ്‌സ്, എയർഇന്ത്യ വിമാനക്കമ്പനികൾക്ക് കോഴിക്കോട്ടേക്കുള്ള വഴി തുറക്കും. സി. വിഭാഗത്തിൽപ്പെട്ട ചെറുവിമാനങ്ങൾ സ്വന്തമായി ഇല്ലാത്തതിനാലാണ് എമിറേറ്റ്‌സ് കോഴിക്കോട് സർവീസ് അവസാനിപ്പിച്ചത്. മികച്ച രീതിയിൽ നടന്നിരുന്ന സർവീസ് എമിറേറ്റ്‌സിന് ഏറെ പ്രധാനവുമായിരുന്നു.
റൺവേ നവീകരണം പൂർത്തിയായശേഷം കോഴിക്കോട് സർവീസിന് ഇവർ ശ്രമിച്ചിരുന്നതുമാണ്. എന്നാൽ ഇവർക്ക് അനുമതി ലഭ്യമായില്ല. സൗദി എയർലൈൻസ് എത്തുന്നതോടെ ഇവർക്കും കോഴിക്കോട് സർവീസിന് അനുമതി നൽകേണ്ടിവരും. എയർ ഇന്ത്യയുടെ ഏറ്റവും ലാഭകരമായ റൂട്ടായിരുന്നു കോഴിക്കോട്-ജിദ്ദ ജംബോ സർവീസ്. ഇതു പിൻവലിച്ചതോടെ കോഴിക്കോട്ടുനിന്നുള്ള വരുമാനത്തിൽ വൻ ഇടിവാണ് എയർ ഇന്ത്യക്കുണ്ടായത്. ചെറിയ വിമാനമുപയോഗിച്ച് റിയാദ് സർവീസ് നടത്തിയാണ് ഇവർ പിടിച്ചുനിന്നുത്. സൗദിക്ക് അനുമതി നൽകുന്നതോടെ എയർ ഇന്ത്യക്കും അനുമതി നൽകേണ്ടിവരും.
ഉഭയകക്ഷി കരാർപ്രകാരം രാജ്യത്തുനിന്നും വിദേശക്കമ്പനിക്ക് അനുവദിക്കുന്ന സീറ്റുകൾക്ക് ആനുപാതികമായി സ്വദേശി എയർലൈനുൾക്ക് വിദേശ രാജ്യവും സീറ്റുകൾ നൽകേണ്ടതതുണ്ട്. സൗദി സീറ്റിന്റെ കാര്യത്തിൽ എയർ ഇന്ത്യക്കായിരിക്കും പ്രഥമ പരിഗണന. ശേഷിക്കുന്ന സീറ്റുകൾ മാത്രമായിരിക്കും രാജ്യത്തെ സ്വകാര്യക്കമ്പനികൾക്ക് നൽകുക. ഇത് മുന്നിൽകണ്ടാണ് എയർ ഇന്ത്യയുടെ ഉന്നതതല സംഘം കഴിഞ്ഞദിവസം കോഴിക്കോട് സന്ദർശിച്ചത്. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം 300-നും 500-നും ഇടയ്ക്ക് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങൾക്ക് കോഴിക്കോട് സർവീസ് നടത്താനാവും. ഇവർ ലക്ഷ്യം വെക്കുന്നത് പഴയ ജംബോ സർവീസ് പുനരാരംഭിക്കലാണ്. എന്നാൽ, ഇതിന് ഡജി.സി.എ. അനുമതി ലഭിക്കില്ലെങ്കിലും ഇവരുടെ കൈവശമുള്ള ബോയിങ് 787 ഡ്രീം ലൈനർ നിയോ വിമാനങ്ങൾക്കുവരെ കോഴിക്കോട് സുരക്ഷിതമായി ഇറങ്ങാനാവും. 242 മുതൽ 335 പേർക്കുവരെ സഞ്ചരിക്കാവുന്നവയാണ് ഈ വിമാനങ്ങൾ. ഇവ ഉപയോഗിച്ചുതന്നെ ജിദ്ദ സർവീസ് എയർ ഇന്ത്യക്ക് നടത്താനാവും.
0 Comments