താമരശേരി ചുരം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണതോതില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ


കോഴിക്കോട് : കനത്ത മഴയില്‍ തകര്‍ന്ന താമരശേരി ചുരം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണതോതില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ തീരുമാനം. ചുരത്തില്‍ അപകടാവസ്ഥയിലുള്ള കെട്ടിടം ആവശ്യമെങ്കില്‍ പൊളിച്ചുനീക്കാനും കോഴിക്കോട് കലക്ടറേറ്റില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ ഇതുവരെ 1600 പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി താമസിപ്പിച്ചു. മഴക്കെടുതിയുണ്ടായ മലയോര മേഖലയെ ഏഴായി തിരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ താമരശേരി മേഖലയില്‍ സൈന്യവും ദുരന്തനിവാരണ സേനയും ക്യാംപ് ചെയ്യുന്നുണ്ട്.താമരശേരി ചുരത്തില്‍ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച്‌ മാറ്റും. ഇതിനോട് ചേര്‍ന്നുള്ള വീടുകള്‍ ഒഴിപ്പിക്കും. പതിനഞ്ച് ക്യാംപുകളിലായി 264 കുടുംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് സഹായമെത്തിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Post a Comment

0 Comments