|
(ഫയൽ ചിത്രം) |
കോഴിക്കോട‌്:കൃഷ‌്ണമേനോൻ സ‌്മാരക ഇൻഡോർ സ‌്റ്റേഡിയത്തിൽ ആധുനിക സംവിധാനങ്ങളോടെ നിർമാണം പൂർത്തിയായ ഹെൽത്ത‌് ക്ലബ്ബും ടേബിൾ ടെന്നീസ‌് ഹാളും ഉദ‌്ഘാടനത്തിന‌് തയ്യാർ. 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഹെൽത്ത‌് ക്ലബ്ബിൽ 30 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ‌് ഒരുക്കിയിട്ടുള്ളത‌്. ഉദ‌്ഘാടനത്തിനുശേഷം പൊതുജനങ്ങൾക്കും ആരോഗ്യപരിപാലനത്തിനുള്ള സൗകര്യമുണ്ടാകും. സ‌്പോർട‌്സ‌് ഡയറക്ടറേറ്റിന്റെ ഫണ്ട‌് ഉപയോഗപ്പെടുത്തിയാണ‌് ഇത‌് സജ്ജീകരിച്ചിട്ടുള്ളത‌്. പൂർണമായും ശീതീകരിച്ചതാണ‌് ഹെൽത്ത‌് ക്ലബ‌്.
ടേബിൾ ടെന്നീസ‌് ഹാളിൽ മികച്ച പരിശീലനത്തിനുള്ള സൗകര്യമാണ‌് സ‌്പോർട‌്സ‌് കൗൺസിൽ ഒരുക്കുന്നത‌്. 20 ലക്ഷം രൂപ ചെലവിൽ തയ്യാറാക്കിയ ഹാളിൽ നാല‌് പുതിയ ടേബിളുകൾ സജ്ജമാക്കി. ഇൻഡോർ സ‌്റ്റേഡിയം രാജ്യാന്തര നിലവാരത്തിലുള്ള മത്സരങ്ങൾ നടത്താവുന്ന രീതിയിലാണ‌് നവീകരിച്ചത‌്. ഇതിനു പുറമെ മൂന്ന‌് കോൺഫറൻസ‌് ഹാളുകളും നവീകരിച്ചു. 200 പേർക്കും 125 പേർക്കും ഇരിക്കാവുന്ന ഹാളുകളാണുള്ളത‌്. 80 പേർക്കുള്ള ഹാൾ ശീതീകരിച്ചതാണ‌്.
0 Comments