ബേപ്പൂരിൽ പുത്തനുണർവിനൊരുങ്ങി കരുവൻതിരുത്തിയിലേക്ക് പുതിയപാലം


ബേപ്പൂർ: മലബാറിലെ റോഡ് ഗതാഗതരംഗത്ത് വൻ കുതിപ്പിന് സാധ്യത തുറന്ന് തീരദേശ ഹൈവേയുടെ ഭാഗമായി ബേപ്പൂരിനെയും ഫറോക്ക് കരുവൻതിരുത്തിയെയും കൂട്ടിയിണക്കി ചാലിയാറിന് കുറുകെ പുതിയ പാലം വരുന്നു. വർഷങ്ങൾക്കുമുമ്പ് ദേശീയപാത അതോറിറ്റി ആലോചിക്കുകയും പ്രാഥമിക പഠനങ്ങൾക്കുശേഷം ഏറെ സങ്കീർണതകൾ മുന്നിൽകണ്ട് ഉപേക്ഷിക്കുകയും ചെയ്ത പദ്ധതിയാണ് ആധുനിക സാങ്കേതികവിദ്യയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ബേപ്പൂരിൽ ചാലിയാറി​െൻറ ഇരുകരകെളയും ബന്ധിപ്പിച്ച് റോഡ് മാർഗം ഇല്ല. പരിമിത സൗകര്യങ്ങളോടെയുള്ള ജങ്കാർ സർവിസ് മാത്രമാണ് ഇപ്പോഴുള്ളത്. ഫറോക്ക് വഴി എട്ട് കിലോമീറ്റർ ചുറ്റിയാൽ മാത്രമേ തീരദേശ റോഡ് മാർഗമുള്ള സഞ്ചാരം സാധ്യമാകൂ. വികസനത്തിന് തയാറെടുത്തുകൊണ്ടിരിക്കുന്ന ബേപ്പൂർ തുറമുഖവും ഫിഷിങ് ഹാർബറും ഒന്നിച്ച് സ്ഥിതിചെയ്യുന്നതിനാൽ അഴിമുഖത്തോട് ചേർന്ന് ചാലിയാർ പുഴക്കു കുറുകെ പാലം നിർമിക്കുക ശ്രമകരമാണെന്ന സാഹചര്യത്തിലാണ് മുമ്പ് പദ്ധതി ഉപേക്ഷിച്ചത്. കപ്പൽചാൽ കടന്നുപോകുന്നതിനാൽ പുഴക്ക് കുറുകെ പാലം നിർമിക്കുക സാധ്യമെല്ലന്നായിരുന്നു കണ്ടെത്തൽ. മാത്രമല്ല, കപ്പലുകളുടെയും ഫിഷിങ് ട്രോളറുകളുടെയും നിരന്തര സഞ്ചാരപാതക്ക് പാലം തടസ്സമാവുകയും ചെയ്യും. എന്നാൽ, വലിയ ജലയാനങ്ങളുടെ സഞ്ചാരപാതക്ക് തടസ്സം വരാത്ത രൂപത്തിലുള്ള സ്ഥലനിർണയം നടത്തി പദ്ധതി നടപ്പിൽവരുത്താനാണ് തീരദേശ ഹൈവേ അതോറിറ്റിയുടെ പുതിയ തീരുമാനം. ഇതി​െൻറ ഭാഗമായി പദ്ധതിപ്രദേശത്ത് ദേശീയപാത അധികൃതർ ടോപോഗ്രാഫിക്കൽ സർവേയാരംഭിച്ചു. പാലം നിർമിക്കുന്നതിന് മുന്നോടിയായി മേഖലയിലെ മണ്ണ്, ജലം പരിശോധന, നദിയുടെ ഓരോ സ്ഥലത്തെയും ആഴവും വീതിയും, കരയിൽനിന്ന് പാലത്തിലേക്കുള്ള അപ്രോച്ച് റോഡി​ന്റെ അലൈൻമെന്റ് ഏറ്റെടുക്കേണ്ടിവരാവുന്ന ഭൂമി തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. പാലം നിർമാണത്തിന് 180 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ബേപ്പൂർ-ചെറുവണ്ണൂർ റോഡിൽ (ബി.സി റോഡ്) നിലവിലുള്ള കോർപറേഷൻ കമ്യൂണിറ്റി ഹാളി​ന്റെയും സർക്കാർ മൃഗാശുപത്രിയുടെയും മധ്യത്തിലൂടെ ചാലിയാറിന് കുറുകെ കരുവൻതിരുത്തിയിലെ മഠത്തിൽപ്പാടം എന്ന സ്ഥലവുമായി ബന്ധപ്പെടുത്തിയാണ് പുതിയ പാലം ഉദ്ദേശിക്കുന്നത്. കോഴിക്കോട് ബീച്ച് വഴി ബേപ്പൂരിലേക്കെത്തുന്ന തീരദേശപാതയെ ഫറോക്ക്, ചാലിയം, തിരൂർ, പൊന്നാനി തീരദേശപാതയുമായി കൂട്ടിയിണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തീരദേശപാത കഴിഞ്ഞ വർഷം ജൂണിലാണ് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച തീരദേശപാതയുടെ രൂപരേഖക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പതു ജില്ലകളിലായി 656.6 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. 6048 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്‌. കിഫ്ബിയിൽനിന്നാണ് ഫണ്ട് ലഭ്യമാക്കുക.നേരേത്ത മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് കേരളത്തി​ന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെയും തീരദേശ, മലയോര ഹൈവേകൾ നിർമിക്കാൻ തീരുമാനിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഭൂമിയുടെ ലഭ്യതയുമെല്ലാം പരിഗണിച്ച് അഞ്ചര മീറ്റർ മുതൽ എട്ടു മീറ്റർ വരെ വീതിയുള്ളതാണ് പാത. ഇതിൽ ആവശ്യമായി വരുന്നിടത്തെല്ലാം ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പുതിയ രീതിയിലുള്ള പാലങ്ങളായിരിക്കും നിർമിക്കുക. ഈ രീതിയിലുള്ള പാലമാണ് ചാലിയാറിന് കുറുകെ നിർമിക്കാനുദ്ദേശിക്കുന്നത്. 'എക്സ്ട്രാ ഡോസ്' 900 മീറ്റർ നീളമുള്ള പാലത്തിന് സ്പാനുകളുടെ നീളം കൂട്ടി, പുഴയിലെ തൂണുകളുടെ എണ്ണം പരമാവധി കുറച്ചുകൊണ്ട് ലോകോത്തര സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയ 'എക്സ്ട്രാ ഡോസ്' പാലമാണ് പണിയുന്നത്. ഇൗ രീതിയിൽ സംസ്ഥാനത്താദ്യമായി നിർമിക്കുന്ന പാലമായിരിക്കും ഫറോക്ക്-കരുവൻതിരുത്തിയെന്ന് സർവേക്ക് നേതൃത്വം നൽകുന്ന ദേശീയപാത അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബൈജു അറിയിച്ചു. പാലത്തി​ന്റെ നിർമാണവും തീരദേശ പാതയും പൂർണതയിലെത്തുന്നതോടെ മലബാറിലെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളുടെ വികസനക്കുതിപ്പിന് ആക്കംകൂട്ടുമെന്നുറപ്പാണ്.

Post a Comment

0 Comments