കോഴിക്കോടിൻ അഭിമാനിക്കാം; പ്ലാസ്റ്റിക്കിൽനിന്ന് പെട്രോളിയം ആശയം യാഥാര്‍ഥ്യമാകുന്നു


കോഴിക്കോട്:പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് പെട്രോളിയം ഉത്‌പന്നങ്ങൾ നിർമിക്കാനുള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്. പരിസ്ഥിതിസൗഹൃദമായ പദ്ധതിക്കുള്ള പ്ലാന്റ് സ്ഥാപിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും (എൻ.ഐ.ടി.) കൊച്ചി ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനും (ഫെഡൊ) ധാരണാപത്രം ഒപ്പുവെച്ചു.

എൻ.ഐ.ടി. രസതന്ത്രവിഭാഗം പ്രൊഫസർ ലിസ ശ്രീജിത്തും സംഘവും 2013-ലാണ് പ്ലാസ്റ്റിക് ഇന്ധനമാക്കിമാറ്റുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത്. തുടക്കത്തിൽ പ്ലാസ്റ്റിക്കിൽനിന്ന് ബയോഗ്യാസിന് തുല്യമായ പാചകവാതകം നിർമിക്കുന്നതിൽ സംഘം വിജയംകണ്ടു. തുടർന്നുനടന്ന പഠനത്തിൽ ഡീസൽ, പെട്രോളിയം, മണ്ണെണ്ണ എന്നിവയും വേർതിരിച്ചെടുക്കാനായി. ഈ കണ്ടെത്തലിന് 2016-ൽ പേറ്റന്റിനായി അപേക്ഷിച്ചിട്ടുണ്ട്.

പ്രൊഫ.ലിസ ശ്രീജിത്ത്‌

ഏതുതരത്തിലുള്ള പ്ലാസ്റ്റിക്കും ഉപയോഗിക്കാമെന്നതും നിർമാണപ്രക്രിയയിൽ ഒട്ടും മലിനീകരണം ഉണ്ടാവില്ലെന്നതുമാണ് പദ്ധതിയുടെ സവിശേഷത. വിജയിച്ചാൽ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുണ്ടാക്കുന്ന മലിനീകരണം കാര്യമായി തടയാനുമാകും. കൂടാതെ, ചുരുങ്ങിയ ചെലവിൽ പെട്രോളിയം ഉത്‌പന്നങ്ങളും നിർമിക്കാം.

എൻ.ഐ.ടി. കാമ്പസിൽ സ്ഥാപിക്കുന്ന പൈലറ്റ് പ്ലാന്റ് വിജയിച്ചാൽ പദ്ധതി വ്യാപിപ്പിക്കും. എൻ.ഐ.ടി.യും ഫെഡൊയും ചേർന്നാണ് നടപ്പാക്കുക. പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ സ്വച്ഛതാ ആക്‌ഷൻ പ്ലാൻ പ്രോജക്ടിൽനിന്ന് 75 ലക്ഷംരൂപ ജനുവരിയിൽ അനുവദിച്ചിരുന്നു. ആറുമാസത്തിനകം പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കും.ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ എൻ.ഐ.ടി. ഡയറക്ടർ ഡോ. ശിവാജി ചക്രവർത്തി, രജിസ്ട്രാർ കെ. പങ്കജാക്ഷൻ, ഫെഡൊ ജനറൽ മാനേജർ ബി.കെ. ഗീത തുടങ്ങിയവർ പങ്കെടുത്തു.

പ്ലാസ്റ്റിക്കിന്റെ 89 ശതമാനം പെേട്രാളിയം ഉത്പന്നങ്ങൾ

പ്ലാസ്റ്റിക്കിന്റെ 89 ശതമാനംവരെ പെട്രോളിയം ഉത്‌പന്നങ്ങളാക്കി മാറ്റാമെന്നാണ് ഗവേഷകരുടെ അവകാശവാദം. ബാക്കി 11 ശതമാനത്തിൽനിന്ന് ചാരമോ ടാറോ ഉത്‌പാദിപ്പിക്കാം. ചാരം കൃഷിക്ക് വളമായി ഉപയോഗിക്കാം. ടാർ, റോഡ് ടാറിങ്ങിനും പ്രയോജനപ്പെടുത്താം. ഗ്രേഡ് ഒന്നുമുതൽ ഏഴുവരെയുള്ള പ്ലാസ്റ്റിക്, പ്ലാന്റിൽ ഉപയോഗിക്കാം. മിഠായിയും ബിസ്കറ്റും മറ്റും പൊതിയാൻ ഉപയോഗിക്കുന്ന ചാറിങ് പ്ലാസ്റ്റിക്കും തെർമോകോൾ, പി.വി.സി. തുടങ്ങിയവയും ഉപയോഗപ്പെടുത്താം.

Post a Comment

0 Comments