പയ്യോളി ബസ് സ്റ്റാൻഡിനെ വലച്ച് സ്വകാര്യ വാഹന പാർക്കിങ്


പയ്യോളി: ബൈക്കും കാറും ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ പയ്യോളി ബസ് സ്റ്റാണ്ടില്‍ പ്രവേശിക്കുന്നത്തും നിര്‍ത്തിയിടുന്നതും അപകട ഭീഷണി ഉയര്‍ത്തുന്നു. നേരത്തെ ബസുകള്‍ക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ബസ് സ്റ്റാണ്ടില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിങ് അനുവദിച്ച് നടപ്പിലാക്കിയത്. ഈ നടപടി ഏറെ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു. എന്നാല്‍ ഓട്ടോറിക്ഷകള്‍ നിശ്ചിത സ്ഥലത്ത് മാത്രമേ നിര്‍ത്തിയിടാവൂ എന്ന നിബന്ധനയില്‍ പിന്നീട് ഓട്ടോ ബേ നിര്‍മ്മിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് പലരും ഓട്ടോബേ യില്‍ നിര്‍ത്താതെ പുറത്താണ് ദീര്‍ഘ സമയം നിര്‍ത്തിയിടുന്നത്. ഇത് ബസ് യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങളില്‍ വരുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ്ങുംബസ്സ്റ്റാൻഡ് കെട്ടിടത്തിലെ കെട്ടിടത്തിലെ ഉടമകളുടെ വാഹനങ്ങളും ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുമാണ് അനധികൃതമായി പാർക്ക് ചെയ്യുന്നത്.



ദേശീയപാതയില്‍ നിന്നു അമിത വേഗതയില്‍ പ്രവേശിക്കുന്ന ബസുകള്‍ക്കിടയില്‍ നിന്നു ഭാഗ്യം കൊണ്ടാണ് ഇരുചക്ര വാഹനങ്ങള്‍ രക്ഷപ്പെടുന്നത്. ബസ് സ്റ്റാണ്ടിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന ഭാഗത്ത് കൂടെ ഓട്ടോറിക്ഷകളും പ്രവേശിക്കുന്നത് പതിവാണ്. ഓട്ടോകള്‍ക്ക് ഓട്ടോ ബേയില്‍ നിര്‍ത്താന്‍ സൌകര്യത്തിന് തെക്ക് വശത്ത് കൂടെ പ്രത്യേക വഴി ഒരുക്കിയിട്ടുണ്ട്. നേരത്തെ ഇക്കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിച്ചിരുന്നു. പിന്നീട് അത് ഇല്ലാതാവുകയായിരുന്നു. ഇപ്പോള്‍ പാര്‍ക്കിങ് അനിയന്ത്രിതമായതോടെ പോലീസിന്റെ സേവനം ബസ് സ്റ്റാണ്ടില്‍ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പോലീസ് സാന്നിധ്യം ഉണ്ടാവുന്നതോടെ അനധികൃത പാര്‍ക്കിങ് പൂര്‍ണ്ണമായും ഇല്ലാതാക്കാമെന്നാണ് വിലയിരുത്തല്‍. ബസ്സ്റ്റാണ്ടിന് പുറകില്‍ മുന്‍സിപ്പാലിറ്റിക്ക് പതിനാല് സെന്‍റ് സ്ഥലം ഉണ്ട്. അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന ബോര്‍ഡും ഉണ്ട്. ഇതൊന്നുമുപയോഗിക്കാതെ ആണ് അനധികൃത പാർക്കിങ്.

Post a Comment

0 Comments