ഡീസല്‍ വിലവർധനവ്; കോഴിക്കോട്ടെ 200-ഓളം സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു


കോഴിക്കോട്: ഡീസല്‍ വിലവര്‍ധന താങ്ങാനാവാതെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം കുറഞ്ഞത് 200 ബസ്സുകളെങ്കിലും ഈ മാസം മുപ്പതോടെ സ്റ്റോപ്പേജ് (താല്‍ക്കാലിക സര്‍വീസ് നിര്‍ത്തിവെക്കല്‍) നല്‍കി ഓട്ടം നിര്‍ത്തിവെക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ ആര്‍.ടി.ഒ അടക്കമുള്ളവര്‍ക്ക് നല്‍കിക്കഴിഞ്ഞു.



ടാക്സ് അടക്കുന്നതിനുള്ള കാലാവധി ഈ മാസം അവസാനിക്കുന്ന ബസ്സുകളാണ് ഓട്ടം നിര്‍ത്തുന്നത്. ദിവസേന ഓടിയാലും മാസാവസാനം വരവില്‍ കവിഞ്ഞ തുക കൈയില്‍നിന്ന് നല്‍കി ബാധ്യത തീര്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് കോഴിക്കോട് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് റോളക്സ് നാസര്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ 62 രൂപയായിരുന്നു ഡീസല്‍ വില. ആറു മാസം തികയുമ്പോള്‍ ഡീസല്‍ വില 78 ആയി. ഡീസല്‍ വിലയില്‍ മാത്രം 16 രൂപയുടെ വര്‍ധനവുണ്ടായി. ഇതിനൊപ്പം റോഡുകളുടെ ശോചനീയാവസ്ഥയും യാത്രക്കാരുടെ കുറവും പല ബസ് ഉടമകളെയും സര്‍വീസ് നടത്തിക്കൊണ്ട് പോവാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചു. ഇതോടെയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തിയത്. 80 മുതല്‍ 120 ലിറ്റര്‍ വരെ ഡീസലടിക്കുന്ന വണ്ടിക്ക് ഈ ഇനത്തില്‍ മാത്രം 1300 രൂപയോളമാണ്  ചിലവ് വര്‍ധിച്ചിട്ടുള്ളത്. യാത്രക്കാരുടെ ഗണ്യമായ  കുറവും തിരിച്ചടിയായി. സംസ്ഥാനത്താകെ ഏകദേശം 2500 ബസ്സുകളെങ്കിലും ഇപ്പോള്‍ ഓടാനാവാത്ത അവസ്ഥയിലാണുള്ളത്. അതുകൊണ്ടു തന്നെ ദീര്‍ഘദൂര ബസ്സുകളടക്കം പലതും ട്രിപ്പ് വെട്ടിക്കുറക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം 35,000 ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തിയിരുന്നത്. ഇത് 12,000 ത്തോളം ബസ്സുകളായി ചുരുങ്ങിയിട്ടുണ്ട്. മൂന്നുമാസ കാലാവധിയിലാണ് സ്വകാര്യ ബസ്സുകള്‍ റോഡ് ടാക്സ് അടക്കേണ്ടത്. ഇത് ഏകദേശം 34,000 രൂപയോളം വരും. സര്‍വീസ് നിര്‍ത്തിവെക്കുന്നുവെന്ന സ്റ്റോപ്പേജ് എഴുതിക്കൊടുത്താല്‍ റോഡ് ടാക്സില്‍ നിന്നും ഒഴിവാകാം. മാത്രമല്ല തകര്‍ന്ന റോഡിലൂടെ ഓടുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഡീസല്‍ ഉപയോഗവും ഒഴിവാക്കാം. ഇതൊക്കെ പരിഗണിച്ചാണ് പിടിച്ചു നില്‍ക്കാനായി ഇങ്ങനെയൊരു വഴി തേടേണ്ടി  വന്നതെന്ന് ബസ്സുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ചെലവു കഴിച്ച് മിനിമം 5,000 രൂപയെങ്കിലും ബാക്കിയുണ്ടായാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയൂ എന്നാണ് ഉടമകള്‍ പറയുന്നത്. പൊതുഗതാഗതം നിലനിര്‍ത്താന്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഡീസല്‍ സബ്സിഡി നല്‍കുക, റോഡ് ടാക്സില്‍ ഇളവ് നല്‍കുക, വിദ്യാര്‍ഥികളുടെ ചാര്‍ജില്‍ കാലോചിതമായ മാറ്റമുണ്ടാക്കുക എന്നിവായാണ് പ്രശ്ന പരിഹാരത്തിനായി ബസ്സുടമകള്‍ മുന്നോട്ട് വെക്കുന്നത്. ഇപ്പോള്‍ തന്നെ ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ബസ് ചാര്‍ജുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈസാഹചര്യത്തില്‍ ഇനിയും ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരിക്കും.

Post a Comment

0 Comments