രാമനാട്ടുകര-വെങ്ങളം ആറുവരിപ്പാത: 173 മരങ്ങൾ പറിച്ചുനടും



കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി 173 മരങ്ങൾ പറിച്ചുനടും. ഇതുകൂടാതെ 2354 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുമെന്നും വനംവകുപ്പ് നടത്തിയ കണക്കെടുപ്പിൽ വ്യക്തമായി. വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ മുറിച്ചുമാറ്റാതെ സംരക്ഷിക്കാനുള്ള നിർദേശത്തെത്തുടർന്നാണ് പറിച്ചുനടാൻ തീരുമാനിച്ചത്. പത്തുവർഷത്തിലധികം പഴക്കമുള്ള മരങ്ങളാണ് പറിച്ചുനടുക. വിദേശരാജ്യങ്ങളിലെ മരം പറിച്ചുനടുന്ന സംവിധാനം ഉപയോഗിക്കാനാണ് ശ്രമം. ഹ്രൈഡോളിക് മെഷീൻ ഉപയോഗിച്ച് മരങ്ങൾ പറിച്ചുനടുന്നതിന് ഏകദേശം 60 ലക്ഷം രൂപ ചെലവുവരും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മരങ്ങൾ പറിച്ചുനടാനുള്ള തീരുമാനമായത്. മുറിച്ചുമാറ്റുന്ന മരങ്ങളുടെ പത്തിരട്ടി മരങ്ങൾ നടാനാണ് തീരുമാനം.



റോഡിന്റെ ഇരുവശങ്ങളിലുമായി 60 മീറ്റർ ഭൂമിയാണ് ഏറ്റെടുക്കുക. ഡ്രെയിനേജിനുവേണ്ടിയും സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇതുകാരണമുള്ള സ്ഥലപരിമിതി കണക്കിലെടുത്ത് നഗരത്തിലെ വിവിധ ഭാഗങ്ങളിലായിരിക്കും മരത്തൈകൾ നടുക. ചൊവ്വാഴ്ച ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ അന്തിമതീരുമാനമാകും. മരങ്ങൾ നടാനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ പരിസ്ഥിതിപ്രവർത്തകർ ഉൾപ്പെട്ട പത്തംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. സ്കൂൾ, കോളേജുകൾ, കടലോരം, റോഡ് അരികുകൾ, മൈതാനങ്ങളോട് ചേർന്നുള്ള സ്ഥലങ്ങൾ, ആരാധനാലയങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ കമ്മിറ്റി നിർദേശിച്ച സ്ഥലങ്ങളെന്ന് സാമൂഹികവനവത്കരണവിഭാഗം അസിസ്റ്റന്റ് കൺസർവേറ്റർ സന്തോഷ് കുമാർ പറഞ്ഞു.

പറിച്ചുനടുന്നവയെയും പുതിയ ചെടികളെയും മൂന്നുവർ‍ഷം പരിപാലിക്കാനും സംവിധാനമുണ്ടാക്കും. തണൽമരങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുക. മരങ്ങൾ നടാൻ മാനേജ്മെന്റ്, റെസിഡന്റ്‌സ്‌ അസോസിയേഷനുകളുടെയും സഹായം തേടും. സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെയും പരിസ്ഥിതി സംഘടനകളിൽ നിന്നുമാണ് മരങ്ങൾ ശേഖരിക്കുക.

Post a Comment

0 Comments