ജപ്പാൻ കുടിവെള്ള പദ്ധതി മേയിൽ കമീഷൻ ചെയ്യും



കോഴിക്കോട‌്:ജപ്പാൻ കുടിവെള്ള പദ്ധതി അടുത്ത മേയിൽ പൂർണതോതിൽ കമീഷൻ ചെയ്യും.  പദ്ധതിയുടെ 70 ശതമാനം പൂർത്തിയാക്കിയെങ്കിലും കരാറുകാരുടെ മെല്ലപ്പോക്കും കാലവർഷവും പ്രളയവും സാങ്കേതിക പ്രശ‌്നവും ദേശീയപാത അതോറിറ്റിയുടെ അനുമതി പ്രശ‌്നവുമെല്ലാം പദ്ധതി വൈകിപ്പിച്ചു.  2006ൽ തുടങ്ങിയ പദ്ധതി  എല്ലാ പണികളും പൂർത്തിയാക്കിയശേഷം  കമീഷൻ ചെയ്യാനാണ‌് ജൈക്കാ സബ‌് ഡിവിഷന്റെ തീരുമാനം.

പദ്ധതി ഇതുവരെ

12 ലക്ഷത്തോളം കുടുംബങ്ങൾക്ക‌് കുടിവെള്ളം കിട്ടാനായി 806 കോടി രൂപയുടെ പദ്ധതിയാണ‌ിത‌്. പ്രതിദിനം 170 ദശലക്ഷം ലിറ്റർ വെള്ളം വിതരണംചെയ്യാനായിരുന്നു ലക്ഷ്യം.  ബാലുശേരി, നരിക്കുനി, നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, കക്കോടി, തലക്കുളത്തൂര്‍, കുരുവട്ടൂര്‍, കുന്നമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, ഫറോക്ക്, കടലുണ്ടി എന്നീ പഞ്ചായത്തുകളിലും കോർപറേഷന്റെ 75 വാർഡുകളിലുമാണ‌്  പെരുവണ്ണാമൂഴിയിൽനിന്നും കുടിവെള്ളമെത്തുക. പദ്ധതിയുടെ ഭാഗമായുള്ള 20 ടാങ്കുകളുടെയും നിർമാണം പൂർത്തിയായി. ചേളന്നൂർ ഒഴികെയുള്ള 19 ടാങ്കുകളിലും കുടിവെള്ളമെത്തി.   തമിഴ‌്നാട‌് ആസ്ഥാനമായുള്ള ശ്രീരാം ഇപിസി എന്ന കമ്പനിയാണ‌്  2012 മുതൽ പണി നടത്തുന്നത‌്. ഇതിനുമുമ്പുള്ള കരാറുകാർ പദ്ധതി പാതിവഴിയിലാക്കി നിർത്തിപ്പോയി.

തടസ്സങ്ങൾ
പദ്ധതി ആരംഭിച്ച‌് നാളിത്ര കഴിഞ്ഞിട്ടും ബാലുശേരിയിലും നന്മണ്ടയിലും മാത്രമാണ‌് കുടിവെള്ളം നേരിട്ട‌് ജനങ്ങളിലെത്തിയത‌്‌. കരാറുകാരുടെ മെല്ലപ്പോക്കാണ‌്  വൈകലിന്റെ പ്രധാന  കാരണം. 2006–ൽ പദ്ധതി തുടങ്ങിയപ്പോഴുള്ള കരാറുകാരനെ ഒഴിവാക്കി. 2012ൽ പുതിയ കമ്പനിയെത്തി. എന്നാൽ സംസ്ഥാനത്താകെയുള്ള ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കരാർ ഏറ്റെടുത്ത കമ്പനി പണികൾ അനാവശ്യമായി വൈകിപ്പിച്ചു.  എല്ലായിടത്തും പണികൾ ഒരേ സമയം നടത്താൻ കഴിയുന്നില്ല. അനുവദിച്ച സമയം പാലിക്കപ്പെടാതെയായി. 
മാത്രമല്ല, നവംബർ മുതൽ മേയ‌് വരെയുള്ള കാലയളവിലാണ‌് റോഡുകളിൽ പൈപ്പ‌് സ്ഥാപിക്കാൻ കഴിയുകയുള്ളൂ.  എന്നാൽ, റോഡിൽ പണിയെടുക്കാനുള്ള അനുമതി കിട്ടാൻ വൈകുന്നത‌് പദ്ധതി വൈകാനുള്ള മറ്റൊരു കാരണമാണ‌്. മാനാഞ്ചിറ വെള്ളിമാട‌്കുന്ന‌് റോഡ‌് നവീകരണം വൈകുന്നത‌ും നഗരത്തിലെ പൈപ്പിടലിനെ ബാധിക്കുന്നു.



ജപ്പാൻ കുടിവെള്ള വിതരണത്തിന്റെ എല്ലാ പണികളും പൂർത്തിയാക്കി, അപേക്ഷിച്ചവർക്കും ഇനി അപേക്ഷിക്കാനുള്ളവർക്കും വേനലിന‌് മുമ്പായി വെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന‌് ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ബാബു പറശേരി ആവശ്യപ്പെട്ടു. നിലവിലുള്ള കരാറുകാരെക്കൊണ്ടുതന്നെ പൈപ്പിടൽ പൂർത്തീകരിച്ച‌് കുടിവെള്ളമെത്തിക്കണം. വീണ്ടും ഒരു സംഘത്തെ കണ്ടെത്തി പ്രവർത്തനം ആരംഭിക്കാൻ ഇനിയും സമയമെടുക്കും. അതിനനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൃത്യമായി അപേക്ഷിക്കാത്തതും പണി നീണ്ടുപോകുന്നതുമാണ‌് ദേശീയ പാതകളിൽ പൈപ്പിടാനുള്ള അനുമതി നൽകാത്തതിനുള്ള കാരണമെന്ന‌് ദേശീയപാത അതോറിറ്റി എക‌്സിക്യൂട്ടീവ‌് എൻജിനീയർ കെ വിനയരാജ‌് പറഞ്ഞു. പൈപ്പ‌് ലൈൻ പോകുന്ന സ്ഥലങ്ങൾ  കണ്ടെത്തി എവിടെയൊക്കെയാണ‌് റോഡ‌് കുഴിക്കാൻ അനുമതി നൽകേണ്ടതെന്നു കാണിച്ച‌് ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. സ്ഥലം കൃത്യമായി മനസ്സിലാകാതെ അതോറിറ്റിക്ക‌് അനുമതി നൽകാനും കഴിയില്ല. മാത്രമല്ല, അനുമതി നൽകിയാലാകട്ടെ പണികൾ അനാവശ്യമായി വൈകിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments