കോഴിക്കോട്: ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസ് മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിനു മുൻവശത്തെപുതിയ കെട്ടിടത്തിലേക്ക്. ഉദ്ഘാടനം ഇന്ന് വെകുന്നേരം 4:30-ന് മന്ത്രി കെ.ടി ജലീൽ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒമ്പത് സെന്റ് സ്ഥലത്താണ് മൂന്ന് നിലയിൽ ഒരു കോടിയിലധികം രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിച്ചത്. രണ്ടാം നിലയിൽ എസ്.എൻ.പി.എസ്.എസ് ലൈബ്രറിയാണ് . ഒരു ലക്ഷത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ടാകും.
ലൈബ്രറി എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീർ എം.എൽ.എ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എ പ്രദീപ് കുമാർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മീരാ ദർശക്, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. അപ്പുക്കുട്ടൻ, കവി പി.കെ ഗോപി, കോർപ്പറേഷൻ കൗൺസിലർ ജയശ്രീ കീർത്തി തുടങ്ങിയവർ പങ്കെടുക്കും. മലബാർ ക്രിസ്ത്യൻ കോളേജിന് സമീപം കിളിയനാട് സ്കൂൾ ഗ്രൗണ്ടിൽ എ. പ്രദീപ് കുമാർ എം.എൽ.എയുടെ ആസ്തി വകസന ഫണ്ടിൽ നിന്നും 165 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടം കുട്ടികളുടെ ലൈബ്രറിയായി മാറും. ഉറൂബ് സ്മാരക മ്യൂസിയം മാനഞ്ചിറയിൽ പ്രവർത്തന സജ്ജമാക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എൻ ശങ്കരൻ, സെക്രട്ടറി കെ. ചന്ദ്രൻ, ശ്യാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments