മിഠായിത്തെരുവിലെ വാഹനനിയന്ത്രണം: ജനഹിതം അറിയാൻ അഭിപ്രായ സർവേ


കോഴിക്കോട്: മിഠായിത്തെരുവിൽ വാഹനഗതാഗതം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം അറിയാൻ ഐ.ഐ.എമ്മിന്റെ നേതൃത്വത്തിൽ അഭിപ്രായ സർവേ നടത്തും. മേയർ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ മിഠായിത്തെരുവിലെ വാഹനഗതാഗത പ്രശ്നം ചർച്ച ചെയ്യുന്നതിനായി വ്യാപാരസംഘടന നേതാക്കളുമായി നടത്തിയ ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സർവേ നടത്തുന്നത്. സർവേ ഫലം ലഭിച്ചാൽ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചർച്ചചെയ്ത് തീരുമാനിക്കും.നിലവിൽ വാഹനഗതാഗതം രാത്രി 11 മുതൽ രാവിലെ ഒമ്പതുവരെയാണ്. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് വ്യാപാരികൾ പറയുന്നത്‍. ചെറിയ ഗുഡ്‌സ് വാഹനങ്ങൾക്ക് സാധനം എത്തിക്കുന്നതിന് സർവീസ് നടത്താം. അനുമതി ലഭിച്ച തെരുവുകച്ചവടക്കാർക്ക് ഇവർക്കായി മാർക്ക് ചെയ്ത സ്ഥലത്ത് മാത്രമാണ് കച്ചവടത്തിന് അനുമതി. എന്നാൽ എസ്.കെ. സ്ക്വയറിന് സമീപം കച്ചവടം അനുവദിക്കില്ല. മിഠായിത്തെരുവിൽ കലാകാരന്മാർക്ക് വിലക്കുണ്ടാവില്ലെന്നും മേയർ അറിയിച്ചു. ഗതാഗത തടസ്സവും തിരക്കും ഉണ്ടാവാത്ത തരത്തിൽ ചെറിയ പരിപാടികൾ വാരാന്ത്യങ്ങളിൽ നടത്താം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ എട്ടുവരെയാണ് പരിപാടികൾക്ക് സമയം അനുവദിക്കുക. തെരുവിൽ വേസ്റ്റ് ബിൻ ഉപയോഗം കാര്യക്ഷമമായി നടപ്പാകുന്നില്ല. വ്യാപാരികൾ മുൻകൈയെടുത്ത് ഇക്കാര്യം ശ്രദ്ധിക്കണം.

കളക്ടർ യു.വി. ജോസ്, റീജണൽ ടൗൺ പ്ലാനർ എ.വി. അബ്ദുൾ മാലിക്, തഹസിൽദാർ ഇ. അനിതകുമാരി, ടൂറിസം െഡപ്യൂട്ടി ഡയറക്ടർ സി.എൻ. അനിത കുമാരി, ഡപ്യൂട്ടി കമ്മിഷണർ കെ.എം. ടോണി, സൗത്ത് എ.സി.പി. അബ്ദുൾ റസാഖ്, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ, എക്സിക്യുട്ടീവ് എൻജിനീയർ ജയൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments