10 മാസം; നഗരത്തിൽ പൊലിഞ്ഞത‌് 107 ജീവൻ

Representation Image

കോഴിക്കോട‌്:നഗരത്തിൽ 10 മാസത്തിനിടെ അപകടങ്ങളിൽ പൊലിഞ്ഞത‌്‌ 107 ജീവനുകൾ. വെള്ളിയാഴ‌്ച പൊറ്റമ്മലിൽ ബസ്സിടിച്ച‌് ബൈക്ക‌് യാത്രക്കാരി മരിച്ചതുൾപ്പെടെയാണിത‌്. ഇതിൽ 91 പുരുഷന്മാരും 16 സ‌്ത്രീകളുമാണ‌്. കാൽനടയാത്രക്കാരും ബൈക്ക‌് യാത്രികരുമാണ‌് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. മരിച്ചവരിൽ  യുവാക്കളുടെ എണ്ണവും കൂടുതലാണ‌്. 180ഓളം ജീവനുകളാണ‌് കഴിഞ്ഞ വർഷം നഗരത്തിൽ മാത്രം അപകടങ്ങളിൽ ഇല്ലാതായത‌്‌. ജില്ലയിലാകെ 380 പേരും മരിച്ചു.

വാഹനാപകടങ്ങൾ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച‌് നഗരത്തിലാണ‌് കൂടുത‌ൽ. പൊലീസ‌് – ട്രാഫിക‌് അധികൃതർ പരിശോധന ശക്തമാക്കിയിട്ടും നിയമ ലംഘനങ്ങളും റോഡപകടങ്ങളും തുടർക്കഥയാവുകയാണ‌്. അശ്രദ്ധമായ ഡ്രൈവിങ്ങും  ബസ്സുകളുടെയും ബൈക്കുകളുടെയും മരണപ്പാച്ചിലും അപകടങ്ങൾ വർധിപ്പിക്കുന്നു. ഇതോടൊപ്പം മഴക്കെടുതിയിൽ റോഡ‌് തകർന്നതും അപകടങ്ങൾക്ക‌് ആക്കം കൂട്ടുന്നു. 



തൊണ്ടയാട‌് ബൈപാസ‌്, മലാപ്പറമ്പ‌്, വേങ്ങേരി, പാവങ്ങാട‌്, രാമനാട്ടുകര മിനി ബൈപാസ‌്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലാണ‌് കൂടുതൽ അപകടങ്ങളും നടന്നത‌്.  ജില്ലാ ക്രൈം റെക്കോഡ‌്സ‌് ബ്യൂറോയുടെ കണക്ക‌ു പ്രകാരം ജൂലൈ വരെ 821 അപകടങ്ങളുണ്ടായി. ഒക‌്ടോബർ അവസാനമാകുമ്പോഴേക്കും ഇത‌് ആയിരം കവിഞ്ഞു. 766 പേർക്ക‌് ഗുരുതര പരിക്കാണുള്ളത‌്. 1500 നടുത്ത‌് മറ്റു പരിക്കുകളും ഏറ്റിട്ടുണ്ട‌്. 2017ൽ 1467 അപകടങ്ങളാ‌ണ‌് മൊത്തമുണ്ടായത‌്. 184 പേർ കൊല്ലപ്പെട്ടു. 1544 പേർക്ക‌് ഗുരുതര പരിക്കേറ്റു. 

കഴിഞ്ഞ ദിവസം യുവതി മരിക്കാനിടയായ പൊറ്റമ്മൽ അപകട മേഖലയാണ‌്. തൊണ്ടയാട‌് ജങ‌്ഷനിൽ പണി നടക്കുന്നതിനാൽ പൊറ്റമ്മലിൽ ഗതാഗതക്കുരുക്ക‌് നിത്യകാഴ‌്ചയാണ‌്. ഗതാഗത നിയമ ലംഘനവും മത്സരഒാട്ടവും പതിവാണ‌്‌. ഇതെല്ലാം പരിഹരിക്കാൻ  ട്രാഫിക‌്പൊലീസിനെ നിയമിക്കണമെന്നും സിഗ‌്നൽ പരിഷ‌്കരണം നടത്തണമെന്നും കൗൺസിലർ  എം പി രാധാകൃഷ‌്ണൻ പറഞ്ഞു.

Post a Comment

0 Comments