ബസുകളുടെ ആയുസ് വർദ്ധിപ്പിച്ച് കൊണ്ടുള്ള വിജ്ഞാപനം ഒരു മാസത്തിനകം; മൂന്നു നഗരങ്ങളിൽ മോഡേണാവണം


തിരുവനന്തപുരം: സർവീസ് നടത്തുന്ന ബസുകളുടെ ആയുസ് പതിനഞ്ചിൽ നിന്ന് ഇരുപതു വർഷമായി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ഒരു മാസത്തിനുള്ളിൽ വിജ്ഞാപനമിറങ്ങും. കെ.എസ്.ആർ.ടി.സിക്കും സ്വകാര്യബസ് മേഖലയ്ക്കും ഗുണം ചെയ്യും.



അതേസമയം, അ‌ഞ്ചുവർഷം കഴിഞ്ഞാൽ തിരുവനന്തപുരം,​ എറണാകുളം,​ കോഴിക്കോട് നഗരങ്ങളിലെ ബസുകൾ ഇലക്ട്രിക്,​ സി.എൻ.ജി,​ എൽ.എൻ.ജി യിലേക്ക് മാറണമെന്നും വി‌ജ്ഞാപനത്തിലുണ്ട്. സ്വകാര്യ ബസുടമകളാണ് ബസുകളുടെ ആയുസു നീട്ടണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. തുടർന്ന് ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ വിഷയം പഠിച്ച് ബസുകളുടെ ആയുസ് നീട്ടാൻ കരട് വിജ്ഞാപനം സമർപ്പിച്ചു.

ഇതുപ്രകാരം 15 വർഷം കഴിയുന്ന വാഹനങ്ങൾക്ക് അഞ്ച് വർഷം കൂടി സർവീസ് നടത്താം. അവ സിറ്റി,​ ഓർഡിനറി സർവീസുകളായി മാത്രമേ ഓടാവൂ. പക്ഷേ, ലിമിറ്റഡ് സ്റ്റോപ്പ് ഓ‌ർഡിനറി സർവീസിന് ഉപയോഗിക്കരുത്. ദീർഘദൂര സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറിയായി ഓടുന്ന പശ്ചാത്തലത്തിലാണിത്. കാലാവധി നീട്ടൽ അത്തരം ബസുകൾക്ക് അനുവദിക്കില്ലെന്ന് അർത്ഥം.

സൂപ്പർ ക്ലാസ് സർവീസുകൾ കെ.എസ്.ആർ.ടി.സിക്കു മാത്രമായി ലഭിച്ചതോടെയാണ് അത്തരം സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറിയായി മാറിയത്. സൂപ്പർ ക്ളാസ് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ കാലാവധി അ‌ഞ്ചു വർഷമാണ്. ഈ നിബന്ധനയിൽ സർക്കാർ ഇളവ് അനുവദിക്കാറുണ്ട്.

ബസുടമകളുടെ വാദം

  മുടക്കിയ തുക 15 വർഷംകൊണ്ട് മുതലാക്കാനാവുന്നില്ല.

  ഇതുകാരണം സ്വകാര്യബസുകളുടെ എണ്ണം പകുതിയായി കുറഞ്ഞു

  15 വർഷം കഴിഞ്ഞതിനാൽ 500 ബസുകൾ സർവീസ് നടത്തുന്നില്ല

Post a Comment

0 Comments