ശാപമോക്ഷം മാറാതെ കെഎസ്‌ആർടിസി ടെർമിനൽ: സമയം നീട്ടിയിട്ടും ഏറ്റെടുക്കാനാളില്ലകോഴിക്കോട‌്:കെഎസ‌്ആർടിസി ടെർമിനലിലെ വാണിജ്യ സമുച്ചയത്തിന്റെ നടത്തിപ്പിന‌് ഇ ടെൻഡർ സമർപ്പിക്കാൻ സമയം പത്ത‌് ദിവസം നീട്ടിയിട്ടും പുതിയ അപേക്ഷകരില്ല. കെടിഡിഎഫ‌്സി ഇറക്കിയ ആദ്യ വിജ്ഞാപന പ്രകാരം  ടെൻഡർ സമർപ്പിക്കേണ്ട അവസാന ദിവസം കഴിഞ്ഞ 15 ആയിരുന്നു. രണ്ട‌് കമ്പനികൾ  മാത്രമാണ‌് അന്ന‌് അപേക്ഷ നൽകിയത‌്. അപേക്ഷകർ കുറവായതിനാൽ സമയം 26 വരെ നീട്ടി. എന്നിട്ടും പുതിയ അപേക്ഷകർ  എത്തിയില്ല. ഇനി സമയം നീട്ടേണ്ടതില്ലെന്നാണ‌് അധികൃതരുടെ തീരുമാനം. രണ്ട‌് അപേക്ഷകളിൽ ഏതെങ്കിലും ഒന്നുമായി ടെൻഡർ ഉറപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ തുടർ പ്രവർത്തനങ്ങൾ സർക്കാർ തീരുമാനത്തിനായി വിടും. വീണ്ടും വിജ്ഞാപനം ഇറക്കുന്നത‌് അതിനുശേഷം തീരുമാനിക്കുമെന്നും കെടിഡിഎഫ‌്സി അധികൃതർ അറിയിച്ചു.ടെർമിനൽ നടത്തിപ്പിനായി ആദ്യം തയ്യാറാക്കിയ കരാർ 2015ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. മൂന്ന‌് വർഷത്തിന‌് ശേഷമാണ‌് കെടിഡിഎഫ‌്സി ടെൻഡർ വിളിക്കുന്നത‌്. 30 വർഷത്തേക്കാണ‌് കരാർ. ടെർമിനലിലെ 3,28,460 ചതുരശ്രയടി സ്ഥലം ഒറ്റ യൂണിറ്റായാണ‌് കരാർ. അടിസ്ഥാന വാടക തുകയ‌്ക്കൊപ്പം തിരിച്ചുകിട്ടാത്ത നിക്ഷേപത്തുകയും കരാറുകാരൻ നൽകണം. അടിസ്ഥാന വാടകത്തുക പ്രഖ്യാപിച്ചിട്ടില്ല. ടെൻഡറിൽ പറയുന്ന തുക കെടിഡിഎഫ‌്സിക്ക‌് തൃപ‌്തികരമെങ്കിലേ കരാർ ഉറപ്പിക്കൂ.

2015 ജൂണിലാണ‌് ബഹുനില കെട്ടിടം ഉദ‌്ഘാടനംചെയ‌്തത‌്.  മാക‌് അസോസിയേറ്റ‌്സ‌് എന്ന സ്ഥാപനവുമായി ആദ്യ കരാർ ഉണ്ടാക്കി. 50 കോടി നിക്ഷേപവും മാസം 50 ലക്ഷം വാടകയും നൽകാമെന്നായിരുന്നു കരാർ. കരാർ ഉറപ്പിക്കേണ്ട സമയത്ത‌് കെട്ടിട പെർമിറ്റും നമ്പറും ലഭ്യമാക്കാൻ കെടിഡിഎഫ‌്സിക്ക‌് കഴിഞ്ഞില്ല. ഇതേ തുടർന്ന‌് കരാർ ഒഴിയാനായി മാക‌് അസോസിയേറ്റ‌്സ‌് ഹൈക്കോടതിയിൽ കേസ‌് നൽകി. കോടതി കരാർ റദ്ദാക്കുകയുംചെയ‌്തു.

Post a Comment

0 Comments