കിഡ്‌സൺ കോർണർ, സ്റ്റേഡിയം പാർക്കിങ് പ്ലാസ: കൺസൾട്ടൻസി സി.എം.ഡി.ക്ക്


കോഴിക്കോട്: കിഡ്‌സൺ കോർണർ, കോർപ്പറേഷൻ സ്റ്റേഡിയം പാർക്കിങ് പ്ലാസകളുടെ കൺസൾട്ടൻസിയായി സർക്കാർ സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റിനെ (സി.എം.ഡി.) ചുമതലപ്പെടുത്തി. ഇവർക്ക് ആറ്് മാസത്തേക്ക് നൽകേണ്ട സർവീസ് ഫീസ് ചർച്ചചെയ്ത് നിശ്ചയിക്കാനും തീരുമാനമായി. ബി.ഒ.ടി. അടിസ്ഥാനത്തിൽ പാർക്കിങ് നിർമിക്കാനായിരുന്നു സെപ്റ്റംബറിൽ ചേർന്ന കൗൺസിലിന്റെ തീരുമാനം. സ്റ്റേഡിയത്തിൽ 34.4 കോടിയും കിഡ്‌സൺ കോർണറിൽ 30 കോടിയും മുതൽമുടക്കി പാർക്കിങ് പ്ലാസ നിർമിക്കാനാണ് പദ്ധതി.



സി.എം.ഡി. ഡയരക്ടർ ഡോ. ജി. സുരേഷ് മേയറുമായി ചർച്ച നടത്തി കൺസൾട്ടൻസിക്കുള്ള പ്രൊപ്പോസൽ തയ്യാറാക്കിയിരുന്നു. ടെൻഡറിന് മുന്നോടിയായി സാധ്യതാ പഠനം, പ്രോജക്ട് സ്ട്രക്ച്ചറിങ് തുടങ്ങിയവ തയ്യാറാക്കും. സ്റ്റേഡിയം പ്ലാസയ്ക്ക് 66 ലക്ഷം രൂപയും കിഡ്‌സൺ കോർണർ പാർക്കിങ് പ്ലാസയ്ക്ക് 30 ലക്ഷവുമാണ് സർവീസ് ഫീസ് കണക്കാക്കുന്നത്. മിഠായിത്തെരുവിലെ ഗതാഗത നിരോധനത്തിന് ശേഷമാണ് കിഡസ്ണിലെ പാർക്കിങ് പ്ലാസയെ ക്കുറിച്ചുള്ള ചർച്ച സജീവമായത്. കെ.ടി.ഡി.സി. മലാബർ മാൻഷൻ ഹോട്ടലുണ്ടായ സ്ഥലത്താണ് പ്ലാസ ഒരുക്കുന്നത്.

പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റുന്ന രീതിയിലാണ് പാർക്കിങ് പ്ലാസ രൂപകൽപന ചെയ്യുക. നിലവിൽ നഗരത്തിന്റെ പല ഭാഗങ്ങളിലും പാർക്കിങ്ങില്ലാത്തതിന്റെ ബുദ്ധിമുട്ട് രൂക്ഷമാണ്. എന്നാൽ പ്ലാസ യാഥാർഥ്യമാകണമെങ്കിൽ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. സർവീസ് ഫീസിന്റെകാര്യം ചർച്ച ചെയ്ത് തീരുമാനിച്ചശേഷം തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഡെപ്യൂട്ടി മേയർ മീരാ ദർശക് പറഞ്ഞു.

Post a Comment

0 Comments