തിരുവനന്തപുരം:ദുരന്തങ്ങൾ നേരിടാൻ അടിയന്തരമായി ആധുനിക ഉപകരണങ്ങളും വാഹനങ്ങളും വാങ്ങാൻ 144 കോടി രൂപയുടെ ശുപാർശ ഫയർഫോഴ്സ് ധനകാര്യവകുപ്പിനു നൽകി. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ശുപാർശ. എന്നാൽ ഇതെല്ലാം ഒറ്റയടിക്കു സാധിക്കില്ലെന്നും ആവശ്യങ്ങൾ വെട്ടിക്കുറച്ച് വീണ്ടും റിപ്പോർട്ട് നൽകണമെന്നുമാണ് ധനവകുപ്പിന്റെ നിർദേശം. അതേസമയം, മുൻപ് അടിയന്തരമായി ശുപാർശ സമർപ്പിച്ച 62.72 കോടി രൂപയുടെ വാഹനങ്ങളും ഉപകരണങ്ങളും വാങ്ങാനുള്ള നടപടികൾ തുടങ്ങി.
124 അഗ്നിരക്ഷാസേനാ സ്റ്റേഷനുകളാണ് ആകെ സംസ്ഥാനത്തുള്ളത്. ഇത് ഇരട്ടിയാക്കണമെന്ന ശുപാർശയും സേന സർക്കാരിനു നൽകിയിട്ടുണ്ട്. അഗ്നിരക്ഷാ സേനയെ ആധുനികവൽക്കരിക്കാനായി നിയോഗിച്ചിരുന്ന മുൻ ഡിജിപി ജാംഗ്പാങ്കി കമ്മിഷന്റെ ശുപാർശയിലും ഇൗ നിർദേശങ്ങളുണ്ടായിരുന്നെങ്കിലും സർക്കാർ അത് ഇതുവരെ പരിഗണിച്ചിരുന്നില്ല. അടിയന്തര ഘട്ടങ്ങളിൽ ഇൗ ഉപകരണങ്ങളും വാഹനങ്ങളും ഇല്ലാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് ശുപാർശയിൽ വ്യക്തമാക്കുന്നത്. അഗ്നിരക്ഷാസേനയിൽ നൂറ് വനിതാ അംഗങ്ങളെ എടുക്കാൻ സർക്കാർ ഉത്തരവായിട്ടുണ്ട്.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ നേരിടാൻ ഇപ്പോൾ കാര്യമായ ഒരു മാർഗവും ഫയർഫോഴ്സിനില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, ദുരന്തം വന്നാൽ സ്ഥലത്തുനിന്ന് ആളുകളെ പെട്ടെന്നു മാറ്റാൻ റെസ്ക്യൂ ഫോഴ്സിനായി കൂടുതൽ മൊബിലൈസിങ് വാനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തസ്ഥലത്തേക്ക് രക്ഷാസംവിധാനങ്ങൾ സജ്ജമാക്കി ആദ്യമെത്തേണ്ട വാഹനങ്ങൾ വിദേശരാജ്യങ്ങളിലേതു പോലെ വേണമെന്നതും ശുപാർശയിലുണ്ട്. സ്കൂബ സെറ്റ്സ്, ഫൈബർ ബോട്ട്, ഹൈഡ്രോളിക് റെസ്ക്യു ഉപകരണങ്ങൾ, മൊബിലൈസിങ് എക്യുപ്മെന്റുകൾ കൊണ്ടുപോകുന്നതിനുള്ള പ്രത്യേക വാഹനം, ഡിമോളിഷിങ് ഹാമറുകൾ, എൻജിൻ ഇല്ലാത്തതും ഉള്ളതുമായ റബർ ഡിങ്കികൾ, ചെയിൻസോ എന്നിവയാണ് ഉടൻ വേണ്ടതെന്നും ശുപാർശയിലുണ്ട്. കേരള അഗ്നിരക്ഷാസേനയിൽ ഓഫിസർ–ഓപ്പറേഷൻ –ഫീൽഡ് വിഭാഗങ്ങളിലായി ആകെ 4604 തസ്തികയാണ് ആകെയുള്ളത്. ഇതിൽത്തന്നെ ഫീൽഡ് ഓപ്പറേഷന് മുന്നിട്ടിറങ്ങേണ്ട ഫയർമാൻ തസ്തികയിൽ 322 പേരുടെ ഒഴിവുണ്ട്. സ്റ്റേഷൻ ഓഫിസർ (ട്രയിനി) തസ്തികയിൽ 15 പേരുടെയും ഫയർമാൻ ഡ്രൈവർ തസ്തികയിൽ 62 പേരുടെയും ഒഴിവുണ്ട്. 2016 മുതൽ ഇക്കാര്യം പിഎസ്‌സിയെ അറിയിച്ച് കാത്തിരിക്കുകയാണ് സേന.
ഇന്ത്യയിൽത്തന്നെ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണ് കേരളത്തിലെ അഗ്നിരക്ഷാസേനയുടെ ശേഷിയെന്നും ദുരന്തങ്ങളെ നേരിട്ടു പരിചയമില്ലാത്തതുകൊണ്ടാണ് ആധുനികവൽക്കരണ ത്തിൽ ഇതുവരെ ശ്രദ്ധിക്കാതിരുന്നതെന്നുമാണ് മനസ്സിലാകുന്നതെന്ന് ഫയർഫോഴ്സ് ഡിജിപി എ. ഹേമചന്ദ്രൻ പറഞ്ഞു.
0 Comments