കോഴിക്കോട്: സംഗീതത്തിന്റെ താളലയങ്ങളില്‍ കോഴിക്കോട് ഇനി എല്ലാ വര്‍ഷവും മതിമറക്കും. സംഗീതപ്രേമികളുടെ മനംകവര്‍ന്ന് മാനാഞ്ചിറയില്‍ നാവിക അക്കാദമിയുടെ സംഗീതപരിപാടി നടക്കും. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് സംഗീത പരിപാടി കോഴിക്കോട്ട് നടത്താനാണ് നാവികസേനയുടെ തീരുമാനം. ജില്ലാ കലക്ടര്‍ സാംബശിവ റാവുവാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജനുവരി 26ന് ഇന്ത്യന്‍ നാവിക അക്കാദമി കോഴിക്കോട് ജില്ലാ ഭരണകൂടവുമായി സഹകരിച്ച് മാനാഞ്ചിറയില്‍ സംഘടിപ്പിച്ച നേവി ബാന്‍ഡ് സംഗീതനിശക്ക് ആറായിരത്തിലേറെ പേര്‍ എത്തിയിരുന്നു. എല്ലാ വര്‍ഷവും സംഗീതനിശ നടത്തണമെന്ന ആവശ്യം അംഗീകരിച്ചാണ് നാവികസേനായുടെ നേവി ബാന്‍ഡ് ഈ വര്‍ഷവും മാനാഞ്ചിറയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഈമാസം 13നു വൈകിട്ട് ആറുമുതല്‍ എട്ടുമണി വരെയാണ് പൊതുജനങ്ങള്‍ക്കായുള്ള സംഗീത പരിപാടി. കോഴിക്കോടും നാവിക സേനയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിന് സംഗീതപരിപാടി ഉപകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
കഴിഞ്ഞതവണ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ സംഗീതസംഘത്തിന്റെ തലവന്‍ മാസ്റ്റര്‍ ചീഫ് മ്യൂസിഷ്യന്‍ ഫസ്റ്റ്ക്ലാസ് അപ്പക്കിളി പ്രഭാകരന്റെ നേതൃത്വത്തിലാണ് ഇത്തവണയും സംഗീതപരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് സ്വദേശി നിധിന്‍ ഉള്‍പ്പെടെ അഞ്ചു മലയാളികളടക്കം 25 അംഗങ്ങളാണ് സംഘത്തിലുള്ളത്. മലയാളം, തമിഴ്, ഹിന്ദി, ലളിതഗാനങ്ങളും വിവിധ സംഗീതോപകരണങ്ങളും അവതരിപ്പിക്കും. സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ബാന്‍ഡ് ടീം പ്രാദേശിക ബാന്റ് അണിനിരക്കും. വാര്‍ത്താസമ്മേളനത്തില്‍ സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, നിര്‍ദേശ് പ്രൊജക്ട് ഡയരക്ടര്‍ ക്യാപ്റ്റന്‍ രമേഷ് ബാബു എന്നിവരും പങ്കെടുത്തു
0 Comments