Representational image |
കോഴിക്കോട്: നഗരത്തിൽ മാലിന്യം തള്ളുന്നവർ ഇനി ക്യാമറക്കണ്ണിൽ കുടുങ്ങും. കക്കൂസ് മാലിന്യവും അറവുമാലിന്യവും വ്യാപകമായി തള്ളുന്ന സാഹചര്യത്തിൽ കോർപ്പറേഷൻ നഗരപരിധിയിൽ ക്യാമറകൾ സ്ഥാപിച്ചുതുടങ്ങി. നിലവിൽ ഒരിടത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറ വെച്ചിട്ടുള്ളത്. എന്നാൽ മാലിന്യ സംസ്ക്കക്കരണത്തിൻ ബദൽ സംവിധാനങ്ങൾ സ്ഥാപിക്കാതെ ക്യാമറ സ്ഥാപിച്ചിട്ടെന്താകാര്യം എന്നാണ് നാട്ടുകാരുടെ പക്ഷം
20 ക്യാമറ വെക്കാനാണ് പദ്ധതി. 28 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുക. ഒന്നര മാസത്തിനുള്ളിൽ ഇത് ടെൻഡറാകുമെന്നാണ് കരുതുന്നത്. രണ്ടുസ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ക്യാമറ വെക്കാനായിരുന്നു തീരുമാനം. അതിന്റെ ഭാഗമായാണ് നിലവിൽ നഗരത്തിൽ ഒരിടത്ത് ക്യാമറ വെച്ചിട്ടുള്ളതെന്ന് ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ പറഞ്ഞു.
കൊച്ചി കോർപ്പറേഷനിൽ ക്യാമറ സ്ഥാപിച്ചു നൽകിയ സ്റ്റാർട്ടപ്പ് കമ്പനിയുമായി ചേർന്നാണ് കോഴിക്കോട്ടും ക്യാമറ വെച്ചിട്ടുള്ളത്. ആരെങ്കിലും മാലിന്യം തള്ളിയാൽ കോർപ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് അലർട്ട് എത്തുന്ന രീതിയിലുള്ള സോഫ്റ്റ് വെയറും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പരീക്ഷണം കൂടി ഇതിനൊപ്പം നടത്തുന്നുണ്ട്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
നഗരത്തിന്റെ പല ഭാഗങ്ങളിലും കോഴിമാലിന്യവും കക്കൂസ് മാലിന്യവും തള്ളുന്നത് പതിവാണ്. പരിശോധന നടത്തുന്ന ആരോഗ്യവിഭാഗം ജീവനക്കാർക്ക് നേരെ ഭീഷണി പോലും ഉണ്ടായി. കക്കൂസ് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാവൽനിന്ന ജനങ്ങളെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമമുണ്ടായത് മാളിക്കടവിലാണ്. തുടർച്ചയായി ഈ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് ക്യാമറ വെക്കുന്നത്. ബൈപ്പാസിലുൾപ്പെടെ വെളിച്ചമില്ലാത്ത പ്രദേശങ്ങളിലാണ് കൂടുതലായി മാലിന്യം തള്ളുന്നത്. ഇതിനെതിരേ പലവട്ടം പോലീസിലുൾപ്പെടെ പരാതി നൽകിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
0 Comments