2018-ൽ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ടത് 7 കുഞ്ഞുങ്ങൾകോഴിക്കോട്:വളർത്താൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞ വർഷം ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾ 7. ജില്ലാ കോടതിക്കു സമീപത്തെ സെന്റ് വിൻസെന്റ് ഹോമിനു കീഴിലുള്ള സെന്റ് ജോസഫ്സ് സൗണ്ട്‍ലിങ് ഹോമിലാണ് 7 കുഞ്ഞുങ്ങളെയും ഏൽപിച്ചത്. ഇതിൽ 5 ആൺകുട്ടികളും 2 പെൺകുട്ടികളുമാണ്. സാമ്പത്തിക പ്രശ്നങ്ങളാലും സാമൂഹികമായ കാരണങ്ങളാലുമാണ് അമ്മമാർ ഇവിടെ നവജാത ശിശുക്കളെ നിയമപരമായി ഏൽപിക്കുന്നത്. കഴിഞ്ഞവർഷം ഇങ്ങനെ ഏൽപിച്ച കുട്ടികളിൽ 4 പേരെ വിവിധ കുടുംബങ്ങൾ ദത്തെടുത്തു. ബാക്കി 3 പേരെ ദത്തെടുക്കാനുള്ള നടപടികൾ തുടരുകയാണ്.ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിൽ സംവിധാനം ജില്ലയിലില്ല. ഈ സാഹചര്യത്തിൽ സെന്റ് വിൻസെന്റ് ഹോമിനാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ ശിശുക്ഷേമ സമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റെടുക്കാനും സംരക്ഷിക്കാനും അവകാശം. പിന്നീട് ശിശുക്ഷേമ സമിതി മുഖേന ദത്തെടുക്കൽ നടപടികൾ നടക്കുന്നതുവരെ ഇവരുടെ സംരക്ഷണം സെന്റ് വിൻസെന്റ് ഹോമിനാണ്. കഴിഞ്ഞ വർഷം ഇവിടെ ലഭിച്ച കുഞ്ഞുങ്ങളിൽ ഒരു കുട്ടിക്ക് ഹൃദയ വാൽവിനു തകരാറുണ്ട്. ഈ കുട്ടിയെ ദത്തെടുക്കാൻ ഇറ്റലിയിൽനിന്നുള്ള ദമ്പതികൾ തയാറായിട്ടുണ്ട്. ഇതിനായുള്ള നടപടികൾ നടന്നുവരികയാണ്.

കഴിഞ്ഞ വർഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന ഒരു കുഞ്ഞിനെ ഓസ്ട്രേലിയയിൽ നിന്നുള്ള ദമ്പതികൾ ദത്തെടുക്കുകയും അവിടെ മികച്ച ചികിത്സ നൽകുകയും ചെയ്തിരുന്നു. ആ കുട്ടി ഇപ്പോൾ പൂർണ ആരോഗ്യവാനാണ്. രാജ്യാന്തര തലത്തിലുള്ള ദത്തെടുക്കൽ ഏജൻസികൾ വഴി നിയമപരമായുള്ള ഈ ദത്തെടുക്കലുകൾക്കു ശേഷവും ഈ കുട്ടികളുടെ വിവരങ്ങൾ കൃത്യമായി ഇവിടെ അറിയിക്കാറുണ്ട്. ഇതിനു പുറമേ എല്ലാ വർഷവും സെന്റ് വിൻസെന്റ് ഹോമിൽ ദത്തെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മകളും ഒരുക്കാറുണ്ട്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...

Post a Comment

0 Comments