കൊയിലാണ്ടി മണ്ഡലത്തിൽ അഞ്ച് റെയിൽവേ മേൽപ്പാലങ്ങൾക്ക് അനുമതി



കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തിൽ അഞ്ച് റെയിൽവേ മേൽപ്പാലങ്ങൾക്ക് അനുമതിയായതായി കെ. ദാസൻ എം.എൽ.എ. അറിയിച്ചു. തിക്കോടി, ഇരിങ്ങൽ, കോട്ടക്കൽ, കൊല്ലം നെല്യാടി, ആനക്കുളം മുചുകുന്ന്, പയ്യോളി (രണ്ടാംഗേറ്റ്) ബീച്ച് റോഡ് എന്നീ മേൽപ്പാലങ്ങൾക്കാണ് അനുമതി ലഭിച്ചത്.



ഇരിങ്ങൽ മേൽപ്പാലത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 2,80,000 രൂപ അനുവദിച്ചിരുന്നു. അലൈൻമെന്റും ഡിസൈനിങ്ങും പൊതുമരാമത്ത് റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് വിഭാഗം പൂർത്തിയായിക്കഴിഞ്ഞു. എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ഏകദേശം 28 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക കണക്കാക്കുന്നത്. ഈ മേൽപ്പാലത്തിന്റെ റെയിൽവേ ട്രാക്കിന്റെ ഭാഗത്ത് വരുന്ന സ്പാനുകളുടെ ഡി.പി.ആർ. തയ്യാറാക്കുന്നതിന് റെയിൽവേ ആവശ്യപ്പെട്ട തുക അനുവദിച്ചു നൽകുന്നതിനായുള്ള പ്രൊപ്പോസൽ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഉടൻതന്നെ ഇതിന് അനുമതി ലഭിക്കുന്നതാണ്. റെയിൽവേ തയ്യാറാക്കുന്ന പ്ലാനിനും എസ്റ്റിമേറ്റിനുംകൂടി അംഗീകാരം ലഭിക്കുന്നതോടെ പ്രവൃത്തിയുടെ ടെൻഡർ നടപടിക്രമങ്ങളിലേക്ക് കടക്കും. മറ്റ് മേൽപ്പാലങ്ങളുടെ നിർമാണ പ്രവൃത്തികൾക്കായി വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ കേരള റോഡ്‌സ് ആൻഡ്‌ ബ്രിഡ്ജസ് കോർപ്പറേഷനെയാണ് ചുമതലപ്പെടുത്തിയത്.

കൊല്ലം, ആനക്കുളം എന്നീ മേൽപ്പാലങ്ങളുടെ അലൈൻമെന്റും ഡിസൈനും ബന്ധപ്പെട്ട എൻജിനീയറിങ്‌ വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാനുള്ള തുക കൂടി ഉൾക്കൊള്ളിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ക്കൊണ്ടിരിക്കുന്നത് അവസാന ഘട്ടത്തിലാണ്. പ്രാഥമികമായി കണക്കാക്കിയ എസ്റ്റിമേറ്റ് പ്രകാരം കൊല്ലം-നെല്യാടി മേൽപ്പാലത്തിന് 37 കോടി രൂപയും ആനക്കുളം-മുചുകുന്ന് മേൽപ്പാലത്തിന് 50 കോടിയും പയ്യോളി രണ്ടാം ഗേറ്റ്-ബീച്ച് മേൽപ്പാലത്തിന് 33 കോടി രൂപയുമാണ് വിലയിരുത്തിയത്.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments