പുതിയ ബസ്‌സ്റ്റാൻഡിലേക്ക് എസ്കലേറ്ററിൽ കയറിയിറങ്ങാം; നിർമാണപ്രവൃത്തി ഉദ്ഘാടനം ചെയ്തു


കോഴിക്കോട്:കാൽനടയാത്രികരുടെ ബുദ്ധിമുട്ടിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനുമുന്നിൽ എസ്കലേറ്ററോടുകൂടിയ നടപ്പാലത്തിന്റെ നിർമാണപ്രവൃത്തി തുടങ്ങി. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.



അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 11.35 കോടി രൂപ ചെലവഴിച്ചാണ് എസ്കലേറ്ററും നടപ്പാതയും ഒരുക്കുന്നത്. മാവൂർ റോഡിലെ 1.2 കിലോമീറ്റർ ഭാഗവും രാജാജി റോഡിലെ 500 മീറ്റർ ഭാഗവും ഉൾപ്പെടെ 1.7 കിലോ മീറ്റർ ദൂരത്തിലാണ് നടപ്പാത നവീകരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷനാണ്(കെ.എം.ആർ.എൽ) നിർവഹണച്ചുമതല. ഡി.പി.ആർ. തയ്യാറാക്കിയതും കെ.എം.ആർ.എൽ. തന്നെയാണ്. യു.എൽ.സി.സി.യാണ് നടപ്പാലം നിർമിക്കുന്നത്.

ഇൻഡോർ സ്റ്റേഡിയം ഭാഗത്തുനിന്ന് പുതിയ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് എസ്‌കലേറ്റർ നടപ്പാലം വരിക. ഇരുവശങ്ങളിലും എസ്കലേറ്ററും ലിഫ്റ്റും നിർമിക്കും. രാജാജി ജങ്ഷനിൽ കാൽനടയാത്രികർക്ക് സിഗ്നൽ സംവിധാനത്തോടെ റോഡ് മുറിച്ചുകടക്കാനുള്ള സൗകര്യവും ഉണ്ടാകും.

റോഡിന്റെ വീതിയേറിയ ഭാഗങ്ങളിൽ പാർക്കിങ്ങിനുള്ള സംവിധാനവും ഉണ്ടാകുമെന്നാണ് കരുതുന്നത്. 2020 മാർച്ചിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമാണപ്രവർത്തനത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡിന് സമീപമുള്ള ട്രാൻസ്‌ഫോമർ ഇവിടെനിന്ന് മാറ്റും. അതുപോലെ ഇൻഡോർ സ്റ്റേഡിയം വളപ്പിലെ മരങ്ങളും മുറിക്കേണ്ടി വരും. മുമ്പ് ഈ ഭാഗത്ത് നടപ്പാലമുണ്ടായിരുന്നു. പിന്നീട് അത് ഉപയോഗശൂന്യമായതിനെത്തുടർന്ന് പൊളിച്ചുമാറ്റി.

ഡെപ്യൂട്ടി മേയർ മീരാ ദർശക് അധ്യക്ഷയായി. കോർപ്പറേഷൻ സൂപ്രണ്ടിങ് എൻജിനീയർ ഇ.എസ്. ജെസ്സി, എക്സി. എൻജിനീയർ മുഹമ്മദ് അഷ്‌റഫ്, കെ.എം.ആർ.എൽ. അഡീ. ജനറൽ മാനേജർ കെ. അബ്ദുൾ കലാം, സ്ഥിരം സമിതി അധ്യക്ഷരായ ടി.വി. ലളിതപ്രഭ, കെ.വി. ബാബുരാജ്, എം.സി. അനിൽ കുമാർ, കൗൺസിലർമാരായ നമ്പിടി നാരായണൻ, പി. കിഷൻചന്ദ്, ഇ. പ്രശാന്ത് കുമാർ, സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ജെ. മത്തായി തുടങ്ങിയവർ സംസാരിച്ചു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments