കോഴിക്കോട്: കോഴിക്കോട് ബൈപ്പാസ് ആറുവരിയാക്കുന്നതിന് കെ.എം.സി. സമർപ്പിച്ച ഫിനാൻഷ്യൽപാക്കേജിന് അംഗീകാരമായി. ദേശീയപാതാ അതോറിറ്റി ടെക്നിക്കൽ മെംബർ താവ്ഡേ എം.കെ. രാഘവൻ എം.പി.യെ അറിയിച്ചതാണിത്. പ്രധാന കടന്പ കടന്നതോടെ മാർച്ചിൽ തന്നെ ബൈപ്പാസ് നിർമാണം തുടങ്ങാനാണ് ധാരണ. വൈകാതെ പ്രവൃത്തി ആരംഭിക്കാനുള്ള ധാരണാപത്രം ഒപ്പുവെക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് ഉദ്ഘാടനം നടത്താനുള്ള ശ്രമമുണ്ടെങ്കിലും അതു സാധ്യമാവുമോ എന്ന് ഉറപ്പില്ല. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് ബൈപ്പാസ് ആറുവരിയാക്കുന്നത്. ഒരു വർഷത്തോളംനീണ്ട അനിശ്ചിതത്വത്തിനു ശേഷം കഴിഞ്ഞ ജനുവരിയിലാണ് ബാങ്ക് ഗാരന്റി സമർപ്പിച്ചത്. കഴിഞ്ഞമാസം ഫിനാൻഷ്യൽ പാക്കേജും സമർപ്പിച്ചു. പദ്ധതി റീടെൻഡർ ചെയ്യേണ്ടിവരുമെന്ന അവസ്ഥയും വന്നിരുന്നു. ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്താനുദ്ദേശിച്ചിരുന്നെങ്കിലും ഫിനാൻഷ്യൽ പാക്കേജിന് അംഗീകാരം നൽകുന്നതിലുള്ള കാലതാമസംകൊണ്ട് നീണ്ടുപോവുകയായിരുന്നു. 1700 കോടിരൂപയ്ക്കാണ് കരാറെടുത്തിരുന്നത്. ഇതിൽ 85 കോടിയാണ് ബാങ്ക് ഗാരന്റിയായി നൽകേണ്ടിയിരുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുൾപ്പെടെയുള്ളവരെ പങ്കാളികളാക്കാൻ ആലോചിച്ചിരുന്നു. ഒടുവിൽ 24 ശതമാനം ഓഹരി നൽകി ഇൻകലിനെ പങ്കാളിയാക്കുകയായിരുന്നു. 2018 ഏപ്രിലിലാണ് ബെപ്പാസിന്റെ കരാറൊപ്പുവെച്ചത്. സെപ്‌റ്റംബറിൽതന്നെ പണിതുടങ്ങാനും തീരുമാനിച്ചിരുന്നു. പക്ഷേ, കരാറെടുത്ത കമ്പനി പിന്നീട് ബാങ്ക് ഗാരന്റി സമർപ്പിക്കാനുള്ള സമയം നീട്ടിക്കൊണ്ടുപോയതോടെ പദ്ധതി അനിശ്ചിതമായി നീണ്ടുപോവുകയാണുണ്ടായത്. സാധാരണഗതിയിൽ പ്രവൃത്തി ഏറ്റെടുത്ത് ഒരുമാസത്തിനകം ബാങ്ക് ഗാരന്റി സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ എട്ടുമാസത്തോളമാണ് ബാങ്ക് ഗാരന്റി സമർപ്പിക്കുന്നത് നീട്ടിക്കൊണ്ടുപോയത്. രണ്ടുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. തൊണ്ടയാട്ടും രാമനാട്ടുകരയിലുമുള്ള മൂന്നുവരിപ്പാലങ്ങളുൾപ്പെടെ ഏഴുമേൽപ്പാലങ്ങൾ പണിയുന്നുണ്ട്. നാല് അടിപ്പാതകളും ഒരു നടപ്പാലവുമുണ്ട്. അതുകൊണ്ട് രണ്ട് വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയുമോ എന്ന് സംശയമാണ്. മലാപ്പറമ്പിലും വേങ്ങേരിയിലും വലിയ അടിപ്പാതകളാണ് നിർമിക്കുക. മറ്റു രണ്ടിടങ്ങളിലും സാധാരണരീതിയിലുള്ളതാവും. തൊണ്ടയാട് മേൽപ്പാലത്തിനുസമീപം കെ.എം.സി. കഴിഞ്ഞദിവസം മണ്ണ് പരിശോധന നടത്തിയിരുന്നു. ഇനി ജല അതോറിറ്റിയുടെ പൈപ്പുകളും കെ.എസ്.ഇ.ബി. ലൈനുകളും മാറ്റിസ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ബാക്കിയുണ്ട്. ഇതിനെല്ലാം അതത് വകുപ്പുകളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. എന്നാൽ കരാറുകാർ പ്രവൃത്തി തുടങ്ങാത്തതിനാൽ ഇത്തരം അനുബന്ധ ജോലികളും ആരംഭിക്കാനായിട്ടില്ല.
ദേശീയപാതയുടെ സ്ഥലമെടുപ്പ് വൈകുന്നതിനാൽ കോഴിക്കോട്, തലശ്ശേരി ബൈപ്പാസുകൾ മാത്രം സ്വതന്ത്ര പദ്ധതികളായി ചെയ്യാൻ എൻ.എച്ച്.എ.ഐ. തീരുമാനിക്കുകയായിരുന്നു. പക്ഷേ, ടെൻഡർ ഘട്ടം മുതൽ തന്നെ കാലതാമസങ്ങളുടെ ഘോഷയാത്രയായിരുന്നു. ഏഴുതവണയാണ് ടെൻഡർ മാറ്റിവെച്ചത്. മറ്റ് ദേശീയപാത പദ്ധതികളിൽനിന്ന് വ്യത്യസ്തമായി കോഴിക്കോട് ബൈപ്പാസിന് ചെലവു കൂടുന്നെന്നതായിരുന്നു പ്രധാന തടസ്സം. ഒടുവിൽ കൂടിയ നിരക്കിൽതന്നെ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ടെൻഡറിന് അംഗീകാരം നൽകി. കഴിഞ്ഞവർഷംതന്നെ ടെൻഡർ നടപടികളെല്ലാം പൂർത്തിയായെങ്കിലും ഇപ്പോഴും നിർമാണം തുടങ്ങാനായിട്ടില്ല എന്നതാണ് പ്രശ്നം.
0 Comments