ഇപ്പോഴും പൈപ്പിടലിലൊതുങ്ങി ജപ്പാൻ കുടിവെള്ളപദ്ധതികോഴിക്കോട്:ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ തുടങ്ങിയ ജപ്പാൻ കുടിവെള്ളപദ്ധതി ആരംഭിച്ച് 13 വർഷം കഴിഞ്ഞിട്ടും വെള്ളമില്ലാതെ നാട്ടുകാർ. പദ്ധതിപ്രകാരം ഇതുവരെ കുടിവെള്ളം വിതരണം ആരംഭിച്ചത് വെറും രണ്ട് പഞ്ചായത്തുകളിൽ മാത്രം. 13 പഞ്ചായത്തും കോർപ്പറേഷനുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. നന്മണ്ട, ബാലുശ്ശേരി എന്നീ പഞ്ചായത്തുകളിൽ മാത്രമാണ് നിലവിൽ കുടിവെള്ള വിതരണമുള്ളത്.


കോർപ്പറേഷനിൽ കുടിവെള്ളക്ഷാമം രൂക്ഷമായ ചെറുവണ്ണൂർ, കടലുണ്ടി, ബേപ്പൂർ എന്നിവിടങ്ങളിൽ പൈപ്പിടൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതു കൂടി പൂർത്തിയായാൽ കോർപ്പറേഷൻ പരിധിയിൽ കുടിവെള്ളവിതരണം ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. മലാപ്പറമ്പിൽ പൈപ്പിടൽ പോലും ആരംഭിച്ചിട്ടില്ല. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം, ആറുവരിപ്പാത തുടങ്ങിയ കാര്യങ്ങൾ കാരണമാണ് പൈപ്പിടൽ വൈകുന്നതെന്ന് അധികൃതർ പറഞ്ഞു.

ജലസംഭരണി നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് തലക്കുളത്തൂരിൽ പൈപ്പിടൽ വൈകാൻ കാരണം. നരിക്കുനിയിൽ കുടിവെള്ള വിതരണത്തിൻ അപേക്ഷ ക്ഷണിച്ചു തുടങ്ങിട്ടെയുള്ളു. രണ്ടാം ഘട്ടത്തിൽ നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംദിച്ചിട്ട് പോലുമില്ല.

കോർപ്പറേഷൻ പരിധിയിൽ നാല് ലക്ഷത്തിലധികം പേർക്കാണ് പദ്ധതിയിലൂടെ വെള്ളം ലഭിക്കുക. 2036 ആവുമ്പോഴേക്കും ജില്ലയിൽ 13 ലക്ഷം പേർക്ക് പദ്ധതിയിലൂടെ കുടിവെള്ളം ലഭിക്കുന്നതാണ് പദ്ധതി. 2006-ൽ ആണ് പദ്ധതി ആരംഭിച്ചത്. നിർമാണത്തിൽ പുരോഗതിയില്ലാത്തതിനാൽ 2010-ൽ കരാറുകാരനെ മാറ്റിയിരുന്നു. 2012-ൽ പുതിയ കരാറുകാരൻ വന്നെങ്കിലും പദ്ധതി ഇപ്പോഴും ഇഴഞ്ഞുപോവുകയാണെന്നാണ് ആരോപണം.

പെരുവണ്ണാമൂഴി ജലസംഭരണിയിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. കോർപ്പറേഷൻ മേഖലയിൽ ഒരാൾക്ക് പ്രതിദിനം 180 ലിറ്റർ, നഗരത്തോട് ചേർന്ന സ്ഥലങ്ങളിൽ 135 ലിറ്റർ, ഗ്രാമീണ മേഖലയിൽ 100 ലിറ്റർ എന്നീ അളവിൽ ശുദ്ധജലവിതരണം സാധ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

20 ജലസംഭരണികളിലേക്ക് വെള്ളമെത്തിച്ച് അതുവഴി വീടുകളിലേക്ക് കണക്‌ഷൻ നൽകുകയാണ് ചെയ്യുക. റോഡുകളിലെ പൈപ്പിടൽ പൂർത്തിയായ സ്ഥലങ്ങളിൽ പോലും വീടുകളിലേക്കുള്ള ചെറിയ വിതരണലൈൻ സ്ഥാപിക്കുന്നതും ബാക്കിയുണ്ട്. നഗര-ഗ്രാമീണമേഖലയിൽ ആകെ 1853 കിലോമീറ്ററാണ് പൈപ്പിടുന്നത്.

Post a Comment

0 Comments