ഫിലമെന്റ് രഹിത കേരളം; രജിസ്‌ട്രേഷൻ തുടങ്ങിമാങ്കുളം:വൈദ്യുതി ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യംവെച്ച് വീടുകളിലെ സി.എഫ്.എൽ. ഉൾപ്പെടെയുള്ള ബൾബുകളും ട്യൂബുകളും മാറ്റി പകരം എൽ.ഇ.ഡി. ബൾബുകളും ട്യൂബുകളും നൽകുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. സെപ്റ്റംബർ വരെയുള്ള ആദ്യഘട്ടത്തിൽ ബൾബുകളാണ് മാറ്റിനൽകുന്നത്. രണ്ടാം ഘട്ടത്തിൽ ട്യൂബുകൾ മാറ്റിനൽകും. പരിധിയില്ലാതെ ഓരോ വീടിനും ആവശ്യമായത്ര എൽ.ഇ.ഡി. ബൾബുകൾ നൽകും.കേരളത്തിൽ 1.25 കോടി ഉപഭോക്താക്കളാണ് ഉള്ളത്. ആദ്യഘട്ടത്തിൽ അഞ്ചുകോടി എൽ.ഇ.ഡി ബൾബുകൾ വാങ്ങാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രാഥമികമായി നടത്തിയ പരിശോധനയിൽ ഇത്രയും ബൾബുകൾ വേണ്ടിവരില്ലെന്ന് ബോധ്യമായി. ഇതോടെ ഓരോ വീടിനും ആവശ്യമായ എൽ.ഇ.ഡി ബൾബുകൾ സംബന്ധിച്ച് കണക്കെടുക്കാൻ തീരുമാനിച്ചു. മാർച്ച് ഒന്നുമുതൽ കണക്കെടുപ്പ് ആരംഭിച്ചു. മീറ്റർ റീഡർമാർ വഴിയാണ് പ്രധാനമായും വിവരങ്ങൾ ശേഖരിക്കുന്നത്. ബില്ലു നൽകുന്ന വേളയിൽതന്നെ വീടുകൾക്ക് വേണ്ട എൽ.ഇ.ഡി ബൾബുകൾ എത്രയെന്ന് ചോദിച്ച് രേഖപ്പെടുത്തുന്നുണ്ട്.

‌സെക്ഷൻ ഓഫീസുകളിൽ ബില്ല് അടയ്ക്കുന്ന സമയത്തും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കെ.എസ്.ഇ.ബി.യുടെ വെബ് സൈറ്റ് വഴിയും രജിസ്‌ട്രേഷൻ നടത്താം. മാർച്ച് 31-നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. എൽ.ഇ.ഡി. ബൾബുകൾ നൽകുമ്പോൾ സി.എഫ്.എൽ. ഉൾപ്പെടെയുള്ള പഴയ ബൾബുകൾ പകരം നൽകണം. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിലായിരിക്കും എൽ.ഇ.ഡി. ബൾബുകൾ നൽകുകയെന്ന് അധികൃതർ പറഞ്ഞു. ബൾബിന്റെ വില ഉടൻ നൽകേണ്ടതില്ല. കറന്റ്‌ ബില്ലിലൂടെ തവണകളായി പിടിക്കാനാണ് തീരുമാനം.


ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ: wss.kseb.in/selfservices/ffk

Post a Comment

0 Comments