കോരപ്പുഴ പുതിയ പാലം: നിർമാണം പുരോഗമിക്കുന്നു


കൊയിലാണ്ടി:കോരപ്പുഴയിൽ പുതിയ പാലത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. പാലത്തിന്റെ തൂൺ നിർമാണം തുടങ്ങി. എലത്തൂർ ഭാഗത്ത് 4 തൂണുകളുടെ പൈലിങ് പൂർത്തിയായി. കരഭാഗത്തെ തൂണിന്റെ നിർമാണവും തുടങ്ങി. പുതിയ പാലത്തിനു പുഴയിലും ഇരുകരകളിലുമായി 9 തൂണുകളാണ് നിർമിക്കേണ്ടത്. പഴയ പാലത്തിന്റെ പില്ലറുകൾ ഉണ്ടായിരുന്നു സ്ഥലത്താണ് പുതിയ പാലത്തിന്റെയും പില്ലറുകൾ പണിയുന്നത്.



പഴയ പാലം പൊളിച്ചു നീക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. ഇനി 3 സ്പാനുകളാണ് പൊളിച്ചുമാറ്റാനുള്ളത്. കഴി‍ഞ്ഞ ഡിസംബർ 20നാണ് പഴയ പാലം പൊളിച്ചു നീക്കൽ തുടങ്ങിയത്. 24.32 കോടി രൂപ ചെലവിലാണ് പുതിയ പാലം പണിയുന്നത്. 12 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്.  ഇരു വശത്തും കാൽനടക്കാർക്ക് പോകാനായി നടപ്പാതയും ഉണ്ടാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പാലം നിർമാണ കരാറെടുത്തത്. 20 മാസം കൊണ്ടു നിർമാണം പൂർത്തിയാകുമെന്നാണ് നിഗമനം.

Post a Comment

0 Comments