കോഴിക്കോട് ബൈപ്പാസ് വികസനം:അനിശ്ചിതത്വം തുടരുന്നുകോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതയാക്കാൻ കരാറുറപ്പിച്ചിട്ട് ഒരുവർഷം പൂർത്തിയായിട്ടും അനിശ്ചിതത്വം തുടരുന്നു. പ്രവൃത്തി എന്നു തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കരാറുകാരായ കെ.എം.സി. കൺസ്ട്രക്ഷൻസ് ലിമിറ്റഡ് നൽകിയ ഫിനാൻഷ്യൽ ക്ലോഷറിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല. രണ്ടുമാസത്തിലധികമായി ഫിനാൻഷ്യൽ ക്ലോഷർ അംഗീകരിക്കാനുള്ള നടപടികൾ നീണ്ടുപോവുകയാണ്.2018 ഏപ്രിൽ 18-നാണ് ബൈപ്പാസ് ആറുവരിപ്പാതയാക്കാനുള്ള കരാർ ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി. ഏറ്റെടുത്തത്. സെപ്‌റ്റംബറോടെ നിർമാണം തുടങ്ങുമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ കരാറുകാർ ബാങ്ക് ഗ്യാരണ്ടി അടയ്ക്കുന്നതിൽ വരുത്തിയ വീഴ്ചകാരണം ഇത് ഏറെ നീണ്ടുപോയി. കഴിഞ്ഞ മാർച്ചിൽ പ്രവൃത്തിതുടങ്ങാൻ കഴിയുമെന്നായിരുന്നു ഏറ്റവുമൊടുവിൽ പറഞ്ഞത്. എന്നാൽ നടപടികളെല്ലാം പൂർത്തിയാക്കി മഴകഴിയുന്നതിനു മുൻപായി പ്രവൃത്തിതുടങ്ങാൻ കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. ജല അതോറിറ്റിയുടെ പൈപ്പുകളും കെ.എസ്.ഇ.ബി, ബി.എസ്.എൻ.എൽ. കേബിളുകളും മാറ്റുന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ ഇനിയും ബാക്കികിടക്കുകയാണ്. പാലങ്ങൾ നിർമിക്കുന്ന സ്ഥലങ്ങളിൽ മണ്ണുപരിശോധന നടത്തിയത് മാത്രമാണ് കരാറെടുത്തതിനുശേഷമുണ്ടായ പുരോഗതി. കരാറിൽ പങ്കാളിയായ ഇൻകൽ കോഴിക്കോട് ഓഫീസ് തുടങ്ങിട്ടുമുണ്ട്. പക്ഷേ, പ്രവൃത്തി തുടങ്ങുന്ന കാര്യത്തിൽ ഒരുറപ്പുമില്ല. സംസ്ഥാനത്ത് ദേശീയപാത സ്ഥലമെടുപ്പ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ കോഴിക്കോട് ബൈപ്പാസ് വികസനം വൈകാതിരിക്കാൻ ഇതുമാത്രം ഒറ്റപ്പദ്ധതിയായി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.വർഷങ്ങൾക്കുമുൻപേ സ്ഥലമെടുപ്പ് പൂർത്തിയാക്കിയതാണെങ്കിലും ബൈപ്പാസിന് ടെൻഡർ തുറക്കുന്നുൾപ്പെടെയുള്ള നപടികളെല്ലൊം ഏറെ വൈകി. പദ്ധതിച്ചെലവ് കൂടിയതിനാൽ കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഏഴുതവണയാണ് ടെൻഡർ മാറ്റിവെച്ചത്. പിന്നീട് എം.കെ. രാഘവന്റെ ഇടപെടലിനെത്തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി മുൻകൈയെടുത്ത് പദ്ധതിക്ക്‌ അനുമതി നൽകുകയായത്‌. മുൻഗണനാ പദ്ധതിയായി കോഴിക്കോട് ബൈപ്പാസിനെ ഉൾപ്പെടുത്തിയെങ്കിലും പിന്നീട് ഓരോ ഘട്ടത്തിലും പിന്നോട്ടുപോയി. കഴിഞ്ഞ നവംബറിൽ സമർപ്പിക്കേണ്ട ബാങ്ക് ഗ്യാരണ്ടി ഈവർഷം ഫെബ്രുവരിയിലാണ് സമർപ്പിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പങ്കാളിയാക്കി ബാങ്ക് ഗ്യാരണ്ടി അടയ്ക്കാനുള്ള ചർച്ചകൾ നടന്നിരുന്നെങ്കിലും കെ.എം.സി. അതിൽ താത്‌പര്യം കാണിച്ചില്ല. പാപ്പരായ കമ്പനിക്കാണ് ദേശീയപാത അതോറിറ്റി കരാർ നൽകിയതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പരസ്യമായി വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് പദ്ധതി റീടെൻഡർ ചെയ്യേണ്ടിവരുമോ എന്ന ആശങ്കയുയർന്ന സാഹചര്യത്തിലാണ് സർക്കാർ പങ്കാളിത്തമുള്ള ഇൻകലിനെക്കൂടെ പങ്കാളിയാക്കിയത്. ഈ മാസംതന്നെ സാമ്പത്തിക പാക്കേജിന് അംഗീകാരം കിട്ടിയാലും മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി മഴയ്ക്കുമുൻപേ പണിതുടങ്ങാൻ കഴിയില്ല. ഓഗസ്റ്റിനു ശേഷമേ പ്രവൃത്തിതുടങ്ങാൻ സാധ്യതയുള്ളൂ എന്നാണ് ദേശീയപാത അതോറിറ്റിയുടെയും വിലയിരുത്തൽ. രണ്ടുവർഷത്തിനുള്ളിൽ ബൈപ്പാസ് നിർമാണം പൂർത്തിയാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. പക്ഷേ, അതും സാധ്യമാവുമോ എന്നുറപ്പില്ല. തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനിൽ മൂന്നുവരിപ്പാലങ്ങളുൾപ്പെടെ ഏഴുമേൽപ്പാലങ്ങളും നാല് അടിപ്പാതകളും പണിയാനുണ്ട്. ഓരോ നപടികളിലും കാലതാമസം നേരിട്ടതിനാൽ ഇത്രയും പ്രവൃത്തി സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുമോ എന്നുറപ്പില്ല.

Post a Comment

0 Comments