നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം; ട്രാഫിക് പ്ലാസ നിർമാണം വേഗതയിൽ



കോഴിക്കോട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള ട്രാഫിക് പ്ലാസ നിര്‍മാണം വേഗത്തിലാക്കാന്‍ രൂപരേഖ തയാറാക്കിയതായി മേയര്‍. മിഠായിത്തെരുവിലുള്‍പ്പെടെ രണ്ടിടങ്ങളിലായി സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് പ്ലാസകള്‍ നിര്‍മിക്കും. ഉപയോഗശൂന്യമായിക്കിടക്കുന്ന മുഴുവന്‍ സ്ഥലങ്ങളും പാര്‍ക്കിങിനായി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.




സ്റ്റേഡിയത്തിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന മൂന്ന് നില ട്രാഫിക് പ്ലാസയില്‍ അഞ്ഞൂറ്റി എണ്‍പത് കാറുകളും ആയിരത്തി അഞ്ഞൂറ് ഇരുചക്രവാഹനങ്ങളും നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ടാകും. കെട്ടിടങ്ങളില്‍ ചിലത് പൊളിച്ചുനീക്കുന്നതിനൊപ്പം അവശേഷിക്കുന്ന സ്ഥലം പരമാവധി പ്രയോജനപ്പെടുത്തും. മിഠായിത്തെരുവിലേക്കെത്തുന്നവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം പരിമിതമാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് വ്യാപാര സ്ഥാപനങ്ങളുള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പ്രവേശനകവാടത്തിലെ ബഹുനില കെട്ടിടം പൊളിക്കുന്നത്. മൂന്ന് നിലകളിലായി പൂര്‍ത്തിയാക്കുന്ന പാര്‍ക്കിങ് പ്ലാസയില്‍ ഇരുന്നൂറ്റി അറുപത് കാറുകളും തൊള്ളായിരത്തിലധികം ഇരുചക്രവാഹനങ്ങളും സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കും.



മിഠായിത്തെരുവില്‍ നിലവില്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും മേയര്‍ പറഞ്ഞു. നിര്‍മാണവും തുടര്‍ പരിചരണവും കുറ്റമറ്റതാക്കുന്നതിനാണ് സ്വകാര്യ പങ്കാളിത്തം. ടെണ്ടറുള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. അടുത്തമാസം തന്നെ കരാര്‍ കൈമാറാനുള്ള സാധ്യതയാണ് ആലോചിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി.
Highlights: parking plazas in calicut city

Post a Comment

0 Comments