രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വികസനം: ഇൻകൽ പിന്മാറി


കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വികസനത്തിൽനിന്ന് ഇൻകൽ പിന്മാറി. കരാർ ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി. കൺസ്ട്രക്‌ഷനൊപ്പം പങ്കാളിയായിരുന്നു ഇൻകൽ.



കെ.എം.സി.ക്ക് സാമ്പത്തികസഹായവുമായി പുതിയ കമ്പനി എത്തിയിട്ടുണ്ട്. എൽ.ആൻഡ് ടി കമ്പനിയാണ് സാമ്പത്തികസഹായം നൽകുക. ഈ കമ്പനിയുടെ ഉറപ്പുസഹിതം കെ.എം.സി. ദേശീയപാതാ അതോറിറ്റിക്ക് കത്തുനൽകുകയും അവിടെനിന്ന് അംഗീകാരം ലഭിക്കുകയുംചെയ്തു. ഇതിനെ തുടർന്ന് പുതിയ സാമ്പത്തികപാക്കേജ് പത്തിനുള്ളിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാക്കേജ് പരിശോധിച്ച്, വൈകാതെതന്നെ തുടർനടപടികൾ ഉണ്ടാകും.

ബാങ്ക് ഗാരന്റി മുതൽ സാമ്പത്തികപാക്കേജ് സമർപ്പിക്കുന്നത് വരെയുള്ള കാര്യത്തിൽ കെ.എം.സി. കാലതാമസം വരുത്തിയിരുന്നു. കമ്പനി നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ദേശീയപാതാ അതോറിറ്റിക്ക് നേരത്തെതന്നെ ഉണ്ട്. ഇത്തവണ കമ്പനി സാമ്പത്തികപാക്കേജ് കൃത്യസമയത്ത് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. ബൈപ്പാസിനായി സ്വതന്ത്ര എൻജിനിയറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്.എ. ഇൻഫ്രാസ്ട്രക്ചറിൽ നിന്നുള്ള എൻജിനിയർക്കാണ് ചുമതല. സംസ്ഥാന ദേശീയപാതാ വിഭാഗം ബൈപ്പാസ് വികസനത്തിനുള്ള ഭൂമി ദേശീയപാത അതോറിറ്റിക്ക് ഒരുമാസം മുമ്പ് കൈമാറിയിട്ടുണ്ട്.



രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോ മീറ്ററാണ് ആറുവരിയാക്കുന്നത്. സർവീസ് റോഡ് ഉൾപ്പെടെ 45 മീറ്റർ വീതിയിലായിരിക്കും ആറുവരിപ്പാത. എട്ട് മേൽപ്പാലങ്ങളും നാല് അടിപ്പാതകളും ഉണ്ടെന്ന് മാത്രമല്ല ബൈപ്പാസ്‌തന്നെ രണ്ടിടത്ത് ഭൂഗർഭരീതിയിലാണ് കടന്നുപോവുകയെന്നതും പ്രത്യേകതയാണ്. 2018 ഏപ്രിൽ 18- നാണ് കെ.എം.സി കരാറേറ്റെടുത്തത്. അന്ന് രണ്ടുവർഷത്തിനുള്ളിൽ പണിപൂർത്തിയാക്കുമെന്ന പറഞ്ഞ വികസനമാണ് ഇപ്പോഴും തുടങ്ങാൻപോലും പറ്റാത്ത സ്ഥിതിയിലുള്ളത്.

Post a Comment

0 Comments