കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളം അടുത്തയാഴ്ച മുതല്‍ കൂടുതല്‍ സജീവമാകുന്നു. സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ദല്‍ഹി, ഹൈദരാബാദ് കേന്ദ്രങ്ങളിലേക്ക് പുതിയ ഫ്ളൈറ്റുകളും പ്രഖ്യാപിച്ചു. വിമാനാപകടം കരിപ്പൂരിന്റെ കുഴപ്പം കൊണ്ടല്ലെന്നാണ് വിദഗ്ധ സംഘങ്ങളുടെ കണ്ടെത്തല്‍. വിമാന എന്‍ജിന് സംഭവിച്ച തകരാറാണ് അപകട കാരണമെന്ന നിഗമനത്തിലാണ് സംഘം. ഇതോടെ, നിര്‍ത്തലാക്കിയ കോഡ്-ഇ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കാനും സാധ്യതയേറി.
സെപ്റ്റംബര്‍ രണ്ടാം തീയതി മുതല്‍ ഹൈദരാബാദ്-കോഴിക്കോട്, 17 മുതല്‍ മുംബൈ-കോഴിക്കോട്, 25 മുതല്‍ ദല്‍ഹി-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, ഒക്ടോബര്‍ ഒന്നു മുതല്‍ മുംബൈ-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തിനിടയാക്കിയ കാരണം വിമാനത്താവളത്തിന്റെ അപാകം മൂലമല്ലെന്നാണ് ക്യാപ്റ്റന്‍ എസ്.എസ്.ചൗഹാറിന്റെ നേതൃത്വത്തില്‍ നടന്ന ഡി.ജി.സി.എയുടെയും, വിവിധ വിദഗ്ധ സംഘങ്ങളുടെയും പരിശോധനയുടെ പ്രാഥമിക അന്വേഷണ വിലയിരുത്തല്‍.
കോഡ് ഡി-കാറ്റഗറിയിലുള്ള കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയും ചെറിയ വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ അപകട സാധ്യത വളരെ കുറവാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. വിമാനത്തിന് ദിശാ നിര്‍ണയം നല്‍കുന്ന ഐ.എല്‍.എസ് സംവിധാനവും പ്രവര്‍ത്തന ക്ഷമമായിരുന്നു. എന്നാല്‍ ഇതിന്റെ അനുവദനീയ പരിധിയില്‍ ആണോ അപകടം നടന്നതെന്ന് സംഘം സംശയിക്കുന്നു.
ഈ സാഹചര്യത്തില്‍ അന്വേഷണം വിമാന എന്‍ജിന്‍ തകരാര്‍ സംഭവിച്ചോയെന്ന വിഷയത്തിലേക്ക് നീങ്ങുകയാണ്. ബോയിങ് കമ്പനി സാങ്കേതിക വിദഗ്ധരും, പുതിയ അന്വേഷണ സംഘമായ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് ഉദ്യോഗസ്ഥരും ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ (എം.ഡി.സി) ആവശ്യപ്പെട്ടു.
വിമാന ടച്ചിങ് ലൈനും മറികടന്നാണ് വിമാനം തെന്നി മാറി അപകടം വരുത്തിയത്. റണ്‍വേയ്ക്ക് താഴെ നനഞ്ഞ മണ്ണിലേക്കാണ് എന്‍ജിന്‍ ഭാഗം വീണത് ഇന്ധനം കൂടുതല്‍ പരന്നൊഴുകിയെങ്കിലും തീപ്പിടിക്കാത്തത് കൊണ്ടാണ് കൂടുതല്‍ മരണം സംഭവിക്കാതിരുന്നതെന്നും അഗ്നിരക്ഷാ സേനയുടെ ഇടപെടലും സംഘം പരാമര്‍ശിച്ചു. പരമാവധി ഇന്ധനം തീര്‍ന്നത് കൊണ്ടാണ് തീ പടരാതിരുന്നതെന്നും നിഗമനമുണ്ടായി. റണ്‍വേയില്‍ റബര്‍ നിക്ഷേപം ഉണ്ടായതാണ് വിമാനം തെന്നിമാറിയതെന്ന നിഗമനം ശരിയല്ലെന്നും, സംഭവം നടന്ന ഓഗസ്റ്റ് 7 ന് രാവിലെ റബര്‍ കഷ്ണങ്ങള്‍ മാറ്റിയതായി സി.സി.ടി.വി ദൃശ്യം സാക്ഷ്യപ്പെടുത്തി. കേടായ ഐ.എല്‍.എസിന്റെ ഭാഗങ്ങള്‍ ആന്റിനക്കും അനുബന്ധ പാര്‍ട്സ്‌കള്‍ക്കും ഗുണകരമല്ലെന്ന്് മനസ്സിലാക്കി ഉടനെ 21/08/2020 ന് പുതിയ പ്രസ്തുത ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ ഗോണ്ടിയ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചു കഴിഞ്ഞു.
കേരള സര്‍ക്കാരും ജനപ്രതിനിധികളും വിവിധ സംഘടനകളും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലും ഡി.ജി.സി.എയിലും സമ്മര്‍ദം ചെലുത്തിയാല്‍ അനുകൂല റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിര്‍ത്തലാക്കിയ കോഡ് ഇ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കാനും, അപേക്ഷ നല്‍കി പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ തയ്യാറായ വിമാന കമ്പനികള്‍ക്ക് അനുമതി ലഭിക്കുമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
0 Comments