തുരങ്കപാത; സര്‍വേ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും


  • ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ 5ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ 12 അംഗ സംഘമാണ് സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് സ്റ്റഡി എന്നിവക്കായി എത്തുന്നത്. പൂനെയില്‍ നിന്നാണ് കെആര്‍സിഎല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (പ്രോജക്ട്) കേണല്‍ രവിശങ്കര്‍ ഖോഡകെയുടെ നേതൃത്വത്തിലുള്ള എന്‍ജിനീയറിങ് സംഘമെത്തുക. സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.


കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിലിന് സമീപത്തെ സ്വര്‍ഗംകുന്ന് മുതല്‍ വയനാട്ടിലെ കള്ളാടി വരെ 6.8 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടുവരി പാതയടങ്ങുന്ന തുരങ്കമാണ് നിര്‍മ്മിക്കുന്നത്. കൂടാതെ തുരങ്കത്തെ ബന്ധിപ്പിച്ച് രണ്ട് വരി സമീപന റോഡും കുണ്ടന്‍തോടില്‍ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരി പാലവും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. പദ്ധതിക്കായി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ നാല് അലൈന്‍മെന്റുകളാണ് തയാറാക്കിയത്. ഇതില്‍ ഏറ്റവും അനുയോജ്യമായതെന്ന് വിലയിരുത്തിയ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച് വയനാട്ടിലെ കള്ളാടിയില്‍ എത്തുന്ന മൂന്നാമത്തെ അലൈന്‍മെന്റിനെ അടിസ്ഥാനമാക്കിയാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 



കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 658 കോടിയുടെ എസ്റ്റിമേറ്റിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഒരു കിലോമീറ്റര്‍ തുരങ്കപാത നിര്‍മ്മിക്കുന്നതിന് ശരാശരി 100 കോടി ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. പ്രവൃത്തി ആരംഭിച്ച് 38 മാസത്തിനകം പണി പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

വനഭൂമി വിട്ടുകിട്ടുന്നതിലെ പ്രയാസമാണ് താമരശേരി ചുരം റോഡ് വികസിപ്പിക്കുന്നതിനും ബദല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും വിലങ്ങുതടിയായിരുന്നത്. ഇതോടെയാണ് വനഭൂമി നഷ്ടപ്പെടാതെ തുരങ്കപാതയെന്ന ആശയം ഉയര്‍ന്നത്. ജോര്‍ജ് എം തോമസ് എംഎല്‍എയുടെ സജീവമായ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാറിന്റെ ആദ്യബജറ്റില്‍ തന്നെ തുരങ്കപാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമികഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി അനുവദിച്ചിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നതോടൊപ്പം മലബാറിലെ വിനോദസഞ്ചാര മേഖലയില്‍ അനന്തസാധ്യതകളുമാകും തുറന്നിടുക.

Post a Comment

0 Comments