കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെൽനെസ് സെന്റർ ഇനി കോഴിക്കോട്ടും


കോഴിക്കോട്: കേരളത്തിൽ തിരുവനന്തപുരത്തിനും കൊച്ചിക്കും മാത്രം സ്വന്തമായിരുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെൽനെസ് സെന്റർ ഇനി കോഴിക്കോട്ടും. സെപ്‌്റ്റംബർ അവസാനം കല്ലായിയിൽ സി.ജി.എച്ച്.എസ്. വെൽനെസ് സെന്റർ പ്രവർത്തനം ആരംഭിക്കും. കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കും ഇനി സൗജന്യമായി മികച്ച ചികിത്സ ലഭ്യമാവും. കല്ലായി എം.എസ്. ബാബുരാജ് റോഡിലെ സി.പി.ഡബ്ല്യു.ഡി. ക്വാർട്ടേഴ്‌സിലെ ആറു മുറികളിലായാണ് സെന്റർ പ്രവർത്തനസജ്ജമായിട്ടുള്ളത്. ഇവിടെ കിടത്തിച്ചികിത്സയുണ്ടാവില്ല. പക്ഷേ, പാനലിലുള്ള മികച്ച ആശുപത്രികളിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും അയയ്ക്കും. കോഴിക്കോട് മേഖലയിലെ 22,630 പേർക്ക് ഇവിടെ ചികിത്സയ്ക്ക് അർഹതയുണ്ടാവും.

16-ാം ലോക്‌സഭാ കാലയളവിൽ കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സ്റ്റാൻഡിങ്‌ കമ്മിറ്റി അംഗമായ എം.കെ. രാഘവൻ എം.പി.യാണ് കോഴിക്കോട്ട് സി.ജി.എച്ച്.എസിന് അനുമതിക്കായി ശ്രമമാരംഭിച്ചത്.

കഴിഞ്ഞവർഷം ജനുവരിയിൽ അന്തിമാനുമതിയായി. കഴിഞ്ഞദിവസം എം.പി., സെന്റർ സന്ദർശിച്ച് പുരോഗതി വിലയിരുത്തിയിരുന്നു. 2016-ൽ തുടക്കമിട്ട പദ്ധതിയാണിത്.പ്രവർത്തനം ദിവസവും രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ. ഒ.പി. ക്ലിനിക്കും ഡിസ്പെൻസറിയും ലാബുമുണ്ടാവും. രണ്ടു ഡോക്ടർമാർ നിയമിതരായിക്കഴിഞ്ഞു. ഞായറാഴ്ചയും കേന്ദ്രസർക്കാർ അവധിദിവസങ്ങളിലും പ്രവർത്തനമില്ല. തുടക്കത്തിൽ അലോപ്പതി ചികിത്സ മാത്രം. ഭാവിയിൽ ആയുർവേദ, ഹോമിയോ, യുനാനി ചികിത്സാസൗകര്യവും വരും. തുടർചികിത്സയ്ക്കായി റഫർ ചെയ്ത് പാനലിലുള്ള സ്പെഷ്യാലിറ്റി ആശുപത്രികളിലേക്ക് അയക്കുമ്പോൾ അവിടെയും ചികിത്സാച്ചെലവ് സർക്കാർതന്നെ വഹിക്കും. കെട്ടിടത്തിൽ വേണ്ട അനുബന്ധ ചികിത്സാ സൗകര്യങ്ങളുടെ സജ്ജീകരണമാണ് ഇപ്പോൾ നടക്കുന്നത്്.

പ്രയോജനം

ജീവിതശൈലീ രോഗങ്ങൾ, കാൻസർ, വൃക്കരോഗങ്ങൾ തുടങ്ങി നിരന്തരമായ ചികിത്സ വേണ്ടിവരുന്നവർക്ക് ഏറെ പ്രയോജനകരം. ഡയാലിസിസ് സൗകര്യം. മരുന്നുകളെല്ലാം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നേരിട്ട് നൽകും. സ്വാതന്ത്ര്യസമര സേനാനികൾ, ദൂരദർശൻ - ആകാശവാണി ജീവനക്കാർ, തപാൽ ജീവനക്കാർ, ജഡ്ജിമാർ, എം.പി.മാർ, മുൻ എം.പി.മാർ തുടങ്ങിയവർക്കൊക്കെ ഇവിടെ ചികിത്സതേടാം. റെയിൽവേ, സൈനിക ആശുപത്രികളുള്ളതിനാൽ അവർക്ക് ഇവിടെ ചികിത്സ നൽകാറില്ല. പൊതുജനങ്ങൾക്കും കേന്ദ്രസർക്കാരിന്റെ കരാർ ജീവനക്കാർക്കും സേവനം ലഭിക്കില്ല .

ചികിത്സ എങ്ങനെ നേടാം

കേന്ദ്രസർക്കാർ ജീവനക്കാർക്ക് അവരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക സർക്കാർ മാസം തോറും ഈടാക്കിയാണ് വെൽനെസ് കാർഡ് നൽകുന്നത്. സെൻ്ട്രൽ ഗവ. ഹെൽത്ത് സ്കീമിലെ അംഗങ്ങൾക്ക് പ്രത്യേക കാർഡ് നൽകും. രാജ്യത്തെ ഇതര നഗരങ്ങളിലെ വെൽനെസ് സെന്ററുകളിലും കാർഡുള്ളവർക്ക് ചികിത്സ ലഭ്യമാവും. ഓരോ രോഗിക്കും പ്രത്യേക തിരിച്ചറിയൽ നമ്പറുമുണ്ടാവും. ചികിത്സാച്ചെ ലവിന് പരിധിയില്ല.

വിരമിക്കുന്ന ജീവനക്കാർ അവസാനം വാങ്ങുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുക പദ്ധതിയിലേക്കുള്ള വിഹിതമായി നൽകണം. കോഴിക്കോട് കല്ലായിയിൽ ഉദ്ഘാടനത്തിന് സജ്ജമായ സി.ജി.എച്ച്.എസ്. വെൽനെസ് സെന്റർPost a Comment

0 Comments