തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡം ഉറപ്പാക്കാന്‍ ആരോഗ്യ ഏകോപന സമിതികള്‍

 


കോവിഡ് സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താനായി  സംസ്ഥാന, ജില്ലാ, നിയോജക മണ്ഡല തലങ്ങളില്‍ ആരോഗ്യ ഏകോപന സമിതികള്‍ പ്രവര്‍ത്തിക്കും. ജില്ലാതല ആരോഗ്യ ഏകോപന സമിതിയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അധ്യക്ഷനും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കണ്‍വീനറുമായിരിക്കും. നിയോജക മണ്ഡലതല ആരോഗ്യ ഏകോപന സമിതിയുടെ അധ്യക്ഷന്‍ വരണാധികാരിയും കണ്‍വീനര്‍ നിയുക്ത നോഡല്‍ ഓഫീസറുമായിരിക്കും. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍/ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം കോവിഡ് പ്രോട്ടോകോള്‍ പാലനം സംസ്ഥാന നോഡല്‍ ഓഫീസര്‍ ഉറപ്പാക്കും.

 * തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

* തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഉപയോഗിക്കുന്ന ഹാള്‍, മുറി, പരിസരം എന്നിവയുടെ പ്രവേശനകവാടത്തില്‍ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കും. പരിശീലനം ലഭിച്ച ആശാ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്‍എസ്എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ എന്നിവര്‍ അനുയോജ്യമായ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചു കൊണ്ട് ഈ ജോലി നിര്‍വഹിക്കും

*കൈകള്‍ വൃത്തിയാക്കാന്‍ സോപ്പും വെള്ളവും സാനിറ്റൈസറും  സ്ഥലത്ത് ലഭ്യമാക്കും.

*തിരഞ്ഞെടുപ്പ് വേളയിലുടനീളം രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം.

*ശാരീരിക അകലം രണ്ടു മീറ്റര്‍ പാലിക്കാവുന്ന വിധത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം.

*സാധ്യമാവുന്നിടത്തെല്ലാം ജനലുകള്‍ തുറന്നിടാന്‍ കഴിയുന്ന വായുസഞ്ചാരമുള്ള വലിയ ഹാളുകള്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി കണ്ടെത്തണം. വാതിലുകളും ജനലുകളും തുറന്നിടണം. എ.സി പ്രവര്‍ത്തിപ്പിക്കരുത്.

* റിട്ടേണിങ് ഓഫീസറുടെ മുറി, പോളിംഗ് മുറി, വോട്ടെണ്ണല്‍ മുറി, കാത്തിരിപ്പ് മുറി ഉള്‍പ്പെടെയുള്ള എല്ലാ മുറികളും സ്ഥലങ്ങളും തീര്‍ത്തും അണുവിമുക്തമാക്കണം.

Post a Comment

0 Comments