കോഴിക്കോട് വിമാനത്താവളം റിസ നവീകണം: ആറു മാസത്തേക്ക് റൺവേ ഭാഗികമായി അടയ്ക്കുന്നു
കോഴിക്കോട്: കോഴിക്കോട് വീമാനത്താവളത്തിൽ റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നവീകരണ ജോലികൾ ജനുവരി 15 മുതൽ ആരംഭിക്കും. ആറു മാസംകൊണ്ടു പൂർത്തിയാക്കും. ഇക്കാലയളവിൽ ഉച്ചയ്ക്കു 12 മുതൽ 2.30 വരെയും 3.30 മുതൽ രാത്രി ഏഴുവരെയും റൺവേ അടച്ചിടും. രണ്ടര മുതൽ മൂന്നരവരെ വിമാന സർവീസുകൾ ഒഴിവാക്കാനാകില്ല എന്നതിനാൽ ഈ സമയം റൺവേ തുറന്നുകൊടുക്കും.

കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗമാണു തീരുമാനമെടുത്തത്. ഡിജിസിഎ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അനുമതിക്കായി റിപ്പോർട്ട് സമർപ്പിക്കും. കോഴിക്കോട് വിമാനത്താവളത്തിൽ ഇടത്തരം വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ഡിജിസിഎ അനുകൂല മറുപടി നൽകിയിരുന്നു. അതിന്റെ ഭാഗമായി ന്യൂഡൽഹി എയർപോർട്ട് ആസ്ഥാനത്ത് അതോറിറ്റി ഓപ്പറേഷൻ വിഭാഗം അംഗം ഐ.എൻ.മൂർത്തിയാണ് യോഗം വിളിച്ചുചേർത്തത്.